പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തി!

by admin | September 17, 2021 5:43 am

പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക

പര്യടനത്തിന് പരിസമാപ്തി!

വത്തിക്കാൻ  : ഫ്രാൻസീസ് പാപ്പായുടെ ഹങ്കറി, സ്ലൊവാക്യ എന്നീ നാടുകളിലെ ചതുർദിന ഇടയസന്ദർശനം ബുധനാഴ്ച സമാപിച്ചു.

 ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു. പന്ത്രണ്ടാം തീയതി, ഞായറാഴ്‌ച (12/09/21) രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വിമാനമിറങ്ങിയ പാപ്പാ അന്നാട്ടിലെ തൻറെ ഇടയസന്ദർശാനജന്തയിലെ മുഖ്യ പരിപാടിയായിരുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യപൂജാർപ്പണാനന്തരം ഈ ചതുർദിന അജപാലന സന്ദർശനത്തിൻറെ രാണ്ടാം പാദമായിരുന്ന സ്ലൊവാക്യയിൽ എത്തി. ഞായറാഴ്ച ഉച്ച മുതൽ ബുധനാഴ്ച ഉച്ച വരെ പാപ്പാ അന്നാട്ടിൽ ചിലവഴിച്ചു. ബുധനാഴ്ച (15/09/21) ഉച്ചതിരിഞ്ഞ് പാപ്പാ റോമിലേക്ക് വിമാനം കയറി. ഇടയസന്ദർശനത്തിനായി പാപ്പാ വ്യോമ-കര മാർഗ്ഗങ്ങളിലായി മൊത്തം 2772 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. 13 പ്രഭാഷണങ്ങൾ നടത്തി. ഈ ഇടയസന്ദർശനം കൃത്യമായി പറയുകയാണെങ്കിൽ 3 ദിവസവും 9 മണിക്കൂറും 30 മിനിറ്റും ദീർഘിച്ചു.

മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയുടെ പര്യവസാനത്തിൽ ദൈവത്തിനും,തന്റെ യാത്രയിൽ സഹായിച്ച എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ നന്ദി രേഖപ്പെടുത്തി.

“ഈ യാത്ര നടപ്പിലാക്കാൻ എന്നെ അനുവദിച്ചതിന് ദൈവത്തിന് നന്ദി” എന്ന് സെപ്റ്റംബർ 15-ന് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. ഈ ഒരു കാര്യത്തിൽ തന്നെ വിവിധ രീതികളിൽ സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് പ്രാർത്ഥനായാൽ സഹായിച്ചവർക്കും പാപ്പാ നന്ദി പറഞ്ഞു.

നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ ഞാൻ പേറുന്നു എന്ന് എഴുതിയാണ് അപ്പസ്തോലികയാത്ര (#ApostolicJourney) എന്ന ഹാഷ്‌ടാഗോടുകൂടിയ തന്റെ സന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

 

സെപ്റ്റംബർ 12 മുതൽ 15 വരെ നീണ്ട ബുദാപെസ്റ്റ്-സ്ലോവാക്കിയ അപ്പസ്തോലിക  യാത്രയ്ക്ക് ശേഷം    പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തി ,  റോമിലെ മരിയ മജ്ജോറെ ബസലിക്കയിലെത്തി യാത്രയുടെ വിജയത്തിന് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു.

സാധാരണയായി എല്ലാ അപ്പസ്തോലിക യാത്രകളോടനുബന്ധിച്ചും, മറ്റ് ചില പ്രധാന സംഭവങ്ങളോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പാ റോമിലെ നാല്‌ പ്രധാന ബസലിക്കകളിൽ ഒന്നായ ഇവിടെയെത്താറുണ്ട്.

പതിവുപോലെ ഇത്തവണയും സാലൂസ് പോപുളി റൊമാനി ( Maria Salus Populi Romani) എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പുരാതന ചിത്രത്തിനുമുന്നിലെത്തി പാപ്പാ പ്രാർത്ഥിച്ചു. നന്ദിസൂചകമായി പൂവുകളും പാപ്പാ അവിടുത്തെ അൾത്താരയിൽ സമർപ്പിച്ചു.

എ.ഡി 590 -ൽ മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്താണ് ഇവിടുത്തെ മാതാവിന്റെ ചിത്രം റോമിലെത്തിയത് എന്നാണ് വിശ്വാസമെങ്കിലും ഇതിന്റെ ഉത്ഭവം അതിലും പുരാതനമാണ്.

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2/