ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ…..

by admin | May 13, 2021 4:37 pm

ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ

വത്തിക്കാൻ : “ഫാത്തിമ”യെന്നാല്‍ ‘പ്രകാശ പൂര്‍ണ്ണ’യെന്നാണ് അറബിയില്‍ അര്‍ത്ഥം.

1. പോർച്ചുഗലിലെ “കോവ ദാ ഈറിയ” : 

ഇടയക്കുട്ടികള്‍ക്ക് കന്യാകാനാഥ പ്രത്യക്ഷപ്പെട്ട പോര്‍ച്ചുഗലിലെ ‘കോവ ദാ ഈറിയ’ (Cova da Iria) ഗ്രാമമാണ് ഫാത്തിമയെന്ന് വിഖ്യാതമായത്. പിന്നീട് ‘ഫാത്തിമാനാഥ’യെന്നത് ഏവര്‍ക്കും കന്യകാനാഥായുടെ ദര്‍ശന നാമമായി മാറി. 1917-Ɔമാണ്ടിലെ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13-Ɔ൦ തിയതികളിലാണ് ഇടയക്കുട്ടികളായ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ട് ലോക സമാധാനത്തിന്‍റെ സന്ദേശം നല്കിയത്. കുട്ടികള്‍ തങ്ങളുടെ ആടുകളെ മേയിച്ചിരുന്ന ‘കോവെ ദാ ഈറിയ’ എന്ന വിജനപ്രദേശത്തെ ഒരു മരച്ചുവട്ടിലാണ് കന്യകാനാഥ അവര്‍ക്ക് ദര്‍ശനംനല്കിയത്. യഥാക്രമം 10, 9, 7 വയസ്സുകള്‍ മാത്രമേ അന്ന് കുട്ടികള്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂ.

ദർശനസ്ഥാനത്ത് ഒരു പ്രാര്‍ത്ഥനാലയം അവിടത്തുകാര്‍ 1918-ല്‍ പണിതുയര്‍ത്തി. ദര്‍ശന ഭാഗ്യമുണ്ടായ മൂന്നുപേരില്‍ മൂത്തകുട്ടി ലൂസിയായുടെ വിവരണപ്രകാരം നിര്‍മ്മിച്ച രൂപമാണ് ഫാത്തിമാനാഥ എന്ന പേരില്‍ ലോകപ്രസിദ്ധമായത്. വൃക്ഷച്ചില്ലകള്‍ക്കിടയിലേയ്ക്കു താഴ്ന്നെത്തി മേഘപാളിയില്‍ പാദമൂന്നി നിന്നുകൊണ്ട് താഴെ നില്ക്കുന്ന പാവങ്ങളെ അലിവോടും വാത്സല്യത്തോടുംകൂടെ കടാക്ഷിക്കുന്ന ശുഭ്രവസ്ത്രധാരിണിയും തേജോമുഖിയുമായ സ്ത്രീരൂപമാണ് ഫാത്തിമനാഥാ!

 

2. ജോൺ പോൾ രണ്ടാമനും ഫാത്തിമായും : 

1981-മെയ് 13-ന് വത്തിക്കാനില്‍വച്ച് ഒരു യുവാവു നടത്തിയ വധശ്രമത്തിൽ വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ രക്ഷപ്പെട്ടത് ഫാത്തിമാനാഥയുടെ സംരക്ഷണയിലാണെന്ന് വിശ്വസിച്ചു. കാരണം അന്ന് ഫാത്തിമാനാഥയുടെ തിരുനാളായിരുന്നു. 1982-ലെ മെയ് 13-ന് പാപ്പാ വോയ്ത്തീവ ഫാത്തിമായിൽ എത്തി കന്യകാനാഥയ്ക്ക് നന്ദിയർപ്പിച്ചു. 1991-ലെ മെയ് മാസത്തില്‍ വധശ്രമത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ ഫാത്തിമായിൽ എത്തി ഉദരഭാഗത്തുനിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബുള്ളറ്റുകളിൽ ഒന്ന് പാപ്പാ തിരുസ്വരൂപത്തിന്‍റെ കിരീടത്തില്‍ കന്യകാനാഥയ്ക്ക് കൃതഞ്ജതയായി ചാര്‍ത്തിയത് ചരിത്രമാണ്. 2000 മെയ് 13-ന് വീണ്ടും ഫാത്തിമായിലെത്തി വിശുദ്ധനായ പാപ്പാ രണ്ട് ഇടയക്കുട്ടികളെ, ഫ്രാൻസീസ്കോയെയും ജസീന്തയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തുകയുണ്ടായി.

3. ഫാത്തിമായിലെ മുന്ന് ഇടയക്കുട്ടികൾ : 

ഫ്രാന്‍സിസ്, ജസീന്ത, ലൂസിയ എന്നീ ഫാത്തിമയിലെ ഇടയക്കുട്ടികള്‍ക്കാണ് കന്യകാനാഥ പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയത്. ഫ്രാന്‍സിസും ജസീന്തയും സഹോദരങ്ങളായിരുന്നു. കൂട്ടത്തില്‍ മൂത്തവള്‍ ലൂസിയ അവരുടെ ബന്ധുവുമായിരുന്നു. 2005-വരെ‍ ജീവിച്ച ലൂസിയായുടെ ഓര്‍മ്മക്കുറിപ്പുകള്‍ പറയുന്നത് 1917 മെയ് 13-ന് ഈരിയ ദി കൊവെയിലെ പുല്‍ത്തകിടിയിലെ മരച്ചുവട്ടില്‍ കന്യകാനാഥ അവര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫ്ര‍ാന്‍സിസിന് 9 വയസ്സും ജസീന്തയ്ക്ക് 7 വയസ്സും പ്രായമായിരുന്നെന്നാണ്. ജപമാലചൊല്ലുകയും, ത്യാഗപ്രവൃത്തികള്‍ ചെയ്യുകയും, പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുകയും വേണമെന്നാണ് കന്യകാനാഥ ആവശ്യപ്പെട്ടതെന്നും അവൾ രേഖപ്പെടുത്തിയിരിക്കുന്നു.

തുടര്‍ന്നുള്ള ആറുമാസങ്ങളുടെ 13-Ɔ൦ തിയതികളില്‍ മരച്ചുവട്ടില്‍ വരണമെന്ന് കന്യകാനാഥ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നും ലോകസമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശങ്ങള്‍ മനുഷ്യരുടെ നന്മ ലക്ഷ്യമാക്കി ദിവ്യജനനി നല്‍കിയതായി ജസീന്തയുടെ ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

4. വസന്തയിൽ മരണമടഞ്ഞ ഫ്രാസീസ്കോയും ജസീന്തയും : 

യൂറോപ്പില്‍ പടര്‍ന്നുപിടിച്ച മാരകമായ വസന്തയില്‍പ്പെട്ട് 1919 ഏപ്രില്‍ 3-ന് 11-Ɔമത്തെ വയസ്സില്‍ മൂന്നുകുട്ടികളിൽ ഒരാൾ, ഫ്രാന്‍സിസ് മാര്‍ത്തോ അന്തരിച്ചു. അതേ രോഗവുമായി മല്ലടിച്ച് 1920 ഫെബ്രുവരി 19-ന് 10-Ɔമത്തെ വയസ്സില്‍ ജസീന്ത, രണ്ടാമത്തെ കുട്ടിയും മരണമടഞ്ഞു. കുട്ടികളുടെ ജീവിത നൈര്‍മ്മല്യവും വിശ്വാസവും ഭക്തിയും മാനസ്സിലാക്കിയ സമകാലീനര്‍ ദര്‍ശനസ്ഥാനത്ത് അക്കാലത്ത് പണുതുയര്‍ത്തിയ ഫാത്തിമായിലെ ദേവാലയത്തില്‍തന്നെയാണ് രണ്ടു പേരെയും സംസ്ക്കരിച്ചത്.

5. വിശുദ്ധിയുടെ പടവു കയറിയ കുട്ടികൾ : 

രണ്ടു കുട്ടുകളുടെയും നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് അക്കാലത്തു തന്നെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. 1979-ല്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി ലഭിച്ച അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ്, വിശുദ്ധിയുടെ ജീവിതവഴി കാട്ടിത്തരുകയും തങ്ങളുടെ മാദ്ധ്യസ്ഥത്താല്‍ അത്ഭുതകരമായി ദൈവികനന്മകള്‍ നേടിത്തരുകയും ചെയ്തിട്ടുള്ള കുട്ടികളുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ടത്. ലോകത്തെ യുവജനങ്ങള്‍ക്ക് ഈ കുഞ്ഞുപുണ്യാത്മാക്കള്‍ മാതൃകയാകുമെന്നു പ്രസ്താവിച്ച പാപ്പാ ആ വര്‍ഷംതന്നെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അവരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു നല്കുകയുണ്ടായി.

6. ദർശനഭാഗ്യമുണ്ടായ മൂന്നാമത്തെ കുട്ടി ലൂസിയ : 

ദര്‍ശന ഭാഗ്യമുണ്ടായ മൂന്നാമത്തെയാള്‍, ലുസിയ അന്ന് പോര്‍ച്ചുഗലിലെ കോയിമ്പ്രായിലെ കര്‍മ്മലീത്താ മഠത്തില്‍ സന്ന്യാസിനിയായിരുന്നു. തന്‍റെ കൂട്ടുകാരുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന കര്‍മ്മത്തില്‍ സിസ്റ്റര്‍ ലൂസിയ പങ്കെടുക്കുകയും പാപ്പായെ നേരില്‍ക്കണ്ടു സംസാരിക്കുകയും ചെയ്തു. കന്യകാനാഥയുടെ ഫാത്തിമാ ദര്‍ശനങ്ങളുടെ സാക്ഷിയും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരില്‍ അവസാനത്തെ കണ്ണിയുമായ സിസ്റ്റര്‍ ലൂസിയ പോര്‍ച്ചുഗലിലെ മഠത്തില്‍ 2005-Ɔമാണ്ട് ഫെബ്രുവരി 14-Ɔ൦ തിയതി 97-Ɔമത്തെ വയസ്സില്‍ ചരമമടഞ്ഞു. സിസ്റ്റര്‍ ലൂസിയയുടെയും നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.

7. പാപ്പാ ബനഡിക്ട് 16-ാമൻ ഫാത്തിമായിൽ : 

2010 മെയ് 12, 13 തിയതികളില്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ ഫാത്തിമ സന്ദര്‍ശിച്ചിട്ടുണ്ട്. കന്യകാനാഥയുടെ ദര്‍ശനക്കപ്പേള ആദ്യദിനത്തില്‍ സന്ദര്‍ശിച്ച് തിരുസ്വരൂപത്തില്‍ സ്വര്‍ണ്ണറോസാപ്പൂക്കള്‍ ചാര്‍ത്തിക്കൊണ്ട് അമ്മയുടെ ചാരത്തണയുന്ന ആയിരങ്ങളില്‍ അനുദിനം വര്‍ഷിക്കുന്ന നിരവധിയായ നന്മകള്‍ക്ക് പാപ്പാ ബനഡിക്ട് അന്ന് നന്ദിപ്രകാശിപ്പിച്ചു. തുടർന്ന് രണ്ടാം ദിനത്തിൽ പാപ്പാ ജനങ്ങൾക്കൊപ്പം ദിവ്യബലി അർപ്പിക്കുകയും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുകയും ചെയ്തു.

8. ശതാബ്ദിവർഷത്തിൽ ഫാത്തിമായിൽ എത്തിയ പാപ്പാ ഫ്രാൻസിസ് : 

വാഴ്ത്തപ്പെട്ടവരായ ജസീന്തയുടെയും ഫ്രാന്‍സിസിന്‍റെയും മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ സഭ 2013-ല്‍ അംഗീകരിക്കുകയുണ്ടായി. 2017, ഫാത്തിമ ദർശനത്തിന്‍റെ ശതാബ്ദിവർഷത്തിലെ മാര്‍ച്ച് 23-നാണ് പാപ്പാ ഫ്രാന്‍സിസ് ഇടയക്കുട്ടികളുടെ വിശുദ്ധപദപ്രഖ്യാപനവും തന്‍റെ ഫാത്തിമ തീര്‍ത്ഥാടനവും നടത്തിയത്. “മറിയത്തോടുചേര്‍ന്ന് പ്രത്യാശയുടെ സമാധാനത്തിന്‍റെയും തീര്‍ത്ഥാടകന്‍” (With Mary, Pilgrim in Hope and Peace) എന്ന ശീര്‍ഷകത്തിൽ പാപ്പാ ഫ്രാന്‍സിസ് തന്‍റെ 19-Ɔമത്തെ രാജ്യാന്തര പര്യടനം പോർച്ചുഗലിലേയ്ക്കു നടത്തുകയും ഫാത്തിമായിലെ ഇടയക്കുട്ടികളായ ഫ്രാൻസിസ്കോയെയും ജസീന്തയെയും വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയർത്തുകയും ചെയ്തു.

Share this:

Source URL: https://keralavani.com/%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af%e0%b4%a4/