കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…
കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…
വത്തിക്കാൻ : ഫാത്തിമാ നാഥയുടെ തിരുനാളിൽ ഈ ഗാനം ഒരു പ്രാർത്ഥനയായ് സമർപ്പിക്കുന്നു – ഗാനത്തിന്‍റെ വരികളും താഴെ ചേർക്കുന്നു :
രചന : ആർച്ചുബിഷപ്പ് കൊണേലിയൂസ് ഇലഞ്ഞിക്കൽ
സംഗീതം : ജോബ് & ജോർജ്ജ്
ആലാപനം : ഡോ. കെ. ജെ. യേശുദാസ്
വരാപ്പുഴ അതിരൂപതയുടെ സാംസ്കാരിക കേന്ദ്രം സി.എ.സി. (Cochin Arts & Communications) ഡോ. കെ. ജെ. യേശുദാസിനോടു ചേർന്നു പുറത്തിറക്കിയ “ദൈവപുത്രൻ” എന്ന എൽ .പി. റെക്കോർഡിലെ ഗാനമാണിത്. ആത്മീയാചാര്യനും കവിയുമായ വരാപ്പുഴ അതിരൂപതയുടെ മുൻമെത്രാപ്പോലീത്ത, ആർച്ചുബിഷപ്പ് കൊർണേലിയൂസിന്‍റെ ലാളിത്യമാർന്ന വരികൾക്ക് ജോബ് & ജോർജ്ജ് സംഗീതജോഡിയാണ് ഈണംനല്കിയത്. 1979-ൽ ഗന്ധർവ്വ നാദത്തിൽ പുറത്തുവന്ന ഗാനം അനശ്വരമായി.
ആർച്ചുബിഷപ്പ് കൊർണേലിയൂസ് നിത്യതയിലേയ്ക്ക് കടന്നുപോയതിന്‍റെ 10-ാം വാർഷികത്തിൽ (2011-2021) ഈ ഗാനം ഒരു സ്നേഹസ്മരണയായ് സഹൃദയർക്ക് സമർപ്പിക്കുന്നു. മനുഷ്യകുലത്തെ മഹാമാരിയിൽനിന്നും സംരക്ഷിക്കാൻ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കാം.
ആലാപനം ഡോ. കെ. ജെ. യേശുദാസ്
പല്ലവി
വിമലേ അംബികേ, നിന്നുടെ സവിധേ
അഭയം തേടിവരുന്നു ഞാൻ
അനുപല്ലവി
എന്നുടെ അർച്ചന യാചനയെല്ലാം
കൈക്കൊള്ളണമേ തായേ നീ (2).
ചരണം ഒന്ന്
അഴലാമാഴിയിൽ ആഴാതെന്നും
കനിവെഴുമമ്മേ, കാത്തരുൾക
പാപക്കരിനിഴൽ വിശും നേരം
കൃപയുടെ കതിരുകൾ ചൊരിയണമേ.
ചരണം രണ്ട്
മന്നിതിൽ ജീവൻ വെടിയും നേരം
നിന്നിലണഞ്ഞൂ ദാസൻ ഞാൻ
നിന്നോടൊന്നായ് ഈശനെ വാഴ്ത്താൻ
തുണയേകണമേ, നാഥേ നീ (2).
ഈ ഗാനത്തിന്‍റെ നിർമ്മിതിയിൽ ഭാഗഭാക്കുകളായിട്ടുള്ള എല്ലാ കലാകാരന്മാരെയും സ്നേഹപൂർവ്വും അനുസ്മരിക്കുന്നു.