ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം: പാപ്പായുടെ ബഹ്‌റൈൻ യാത്ര

by admin | October 7, 2022 7:32 am

ഭൂമിയിൽ

സന്മനസ്സുള്ളവർക്ക്

സമാധാനം:

പാപ്പായുടെ ബഹ്‌റൈൻ

യാത്ര

 

വത്തിക്കാന്‍ സിറ്റി : നവംബർ മൂന്ന് മുതൽ ആറുവരെ നീളുന്ന ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ അധികരിച്ചുള്ളതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം: “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”. ബഹ്‌റൈനിൽ ആദ്യമായാണ് ഒരു പാപ്പാ എത്തുന്നത്. യുദ്ധങ്ങളും സംഘർഷണങ്ങളും ലോകസമാധാനത്തിന് തന്നെ ഭീഷണിയായിരിക്കുന്ന ഒരു സമയത്താണ് സമാധാനത്തിന്റെ സന്ദേശവാഹകനായി ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തിയൊൻപതാമത് അപ്പസ്തോലിക യാത്ര നടത്തുന്നത്.

ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾ പോലെ ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ലോഗോ. സഹോദരങ്ങൾ എന്ന നിലയിൽ പരസ്പരസംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിശ്ചയദാർഢ്യത്തെക്കൂടിയാണ് ഈ ലോഗോ പ്രതിനിധീകരിക്കുന്നത്. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ബഹ്‌റൈൻ രാജ്യം അവിടുത്തെ കത്തോലിക്കാസഭയ്ക്ക് സമ്മാനിച്ച “അറേബ്യയിലെ നമ്മുടെ കന്യക” എന്ന പേരിലുള്ള കത്തീഡ്രലിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെ അടയാളമായി ഫ്രാൻസിസ് പാപ്പായുടെ പേര് നീല നിറത്തിലാണ് എഴുതിയിരിക്കുന്നത്. യേശുവിന്റെ ജനനത്തിൽ മാലാഖമാർ ആലപിച്ച ഗീതത്തിൽനിന്ന് പ്രേരണയുൾക്കൊണ്ടതാണ് സമാധാനത്തിനായുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഈ യാത്രയുടെ ആപ്തവാക്യം.

സംവാദങ്ങൾക്കായുള്ള ബഹ്‌റൈൻ ഫോറത്തിൽ പങ്കെടുക്കാൻകൂടിയാണ് ഫ്രാൻസിസ് പാപ്പാ ഈ ഗൾഫ് നാട്ടിലെത്തുന്നത്.

Share this:

Source URL: https://keralavani.com/%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b5%bc%e0%b4%95/