സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

by admin | July 26, 2023 7:39 am

സ്നേഹത്തിന്റെ

സംസ്കാരവാഹകരാകുക : ബിഷപ്

ചക്കാലക്കൽ

 

കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് വർഗീസ് ചക്കാലക്കൽ.ചാത്യാത്ത് മൗണ്ട് കാർമൽ ദൈവാലയ ത്രിശതോത്തര സുവർണജൂബിലി സമാപന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ നാഗരികത അന്യം വന്നതിന്റെ ബഹിർസ്ഫുരണമാണ് ഇന്നത്തെ അനിഷ്ട സംഭവങ്ങൾക്കൊക്കെ കാരണം. ഇന്ത്യൻ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വം വാക്കുകളിൽ ഒതുക്കാനുള്ളതല്ല അത് പ്രായോഗിക തലത്തിലാക്കുമ്പോഴാണ് ജൂബിലി ആഘോഷങ്ങളൊക്കെ വിളംബരമായിത്തീരുന്നത്. ഒരു സ്നേഹ സംസ്കാരവും സ്നേഹ നാഗരികതയും സാർഥകമാക്കുക വർത്തമാന കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന് ബിഷപ് ചക്കാലക്കൽ വെളിപ്പെടുത്തി.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രെഫ.പി.കെ. മൈക്കിൾ തരകൻ മുഖ്യപ്രഭാഷണം നടത്തി. മഞ്ഞുമ്മൽ കർമലീത്താ സഭ പ്രൊവിൻഷ്യൽ ഡോ. അഗസ്റ്റിൻ മുല്ലൂർ ഒ.സി.ഡി അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചി നഗരസഭാ മേയർ അഡ്വ.എം. അനിൽകുമാർ ,ടി.ജെ. വിനോദ് എം.എൽ.എ , കൗൺസിലർമാരായ വി.വി. പ്രവീൺ , മിന്ന വിവേര, ഫാ.പോൾസൺ കൊറ്റിയത്ത്, ജോൺസൺ ഫെർണാണ്ടസ് എന്നിവർ ആശംസകൾ നേർന്നു.
ജൂബിലി ചരിത്രസ്മരണിക “ഇമ്മാനുവൽ ” സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ പ്രകാശനം ചെയ്തു.
യോഗാനന്തരം ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് അവതരിപ്പിച്ച ഹോർത്തൂസ് പള്ളി സൈറ്റ് ആന്റ് സൗണ്ട് ഷോയും ഉണ്ടായിരുന്നു.

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be/