മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്
മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ
ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
പ്രതിഷേധം ജൂലൈ 29ന്.
കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയും പ്രസിഡണ്ടും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് मौन छोडो – आगे बढो ।
മൗനം വെടിയൂ- മുന്നേറൂ
Break the Silence – Move Aheadഎന്ന മുദ്രാവാക്യവുമായി കെഎൽസിഎ ജൂലൈ 29 രാവിലെ 10ന് ന്യൂഡൽഹി ജന്തർ മന്തറിൽ സമരം നടത്തും.
ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണഘടനാപരമായ മൗലികാവകാശമാണെന്നെരിക്കെ മണിപ്പൂരിൽ നടക്കുന്ന സംഭവവികാസങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീകൾക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കു നിർത്താൻ സംസ്ഥാന സർക്കാരിന് സാധിക്കാത്ത സാഹചര്യത്തിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആക്രമണത്തിന് ഇരയായവർക്ക് പുനരധിവാസം ഉറപ്പാക്കണം എന്നതുമാണ് മുഖ്യമായ ആവശ്യം.
ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളിൽ കുറ്റക്കിർക്കെതിരെ കർശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. അതോടൊപ്പം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള (MANF) മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് സ്കോളർഷിപ്പ്, പ്രീമെട്രിക് സ്കോളർഷിപ്പ് മുതലായവ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ഏകീകൃത സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം അഭിപ്രായ സമന്വയമാണ് ഉണ്ടാകേണ്ടത് എന്നും ആവശ്യങ്ങൾ ഉന്നയിക്കുന്നു.
തീരം തീരവാസികളിൽ നിന്ന് അന്യമാകുന്ന നടപടികൾ ഉണ്ടാവരുത്; ശാശ്വതമായ തീരസംരക്ഷണ നടപടികൾ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടൽ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിർമ്മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികൾ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാവണം എന്നതു ൾപ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്. കേരളത്തിൽ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഡൽഹിയിൽ സമരം നടത്തുന്നത്.