യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

 യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

    ഫാദര്‍ വില്യം നെല്ലിക്കല്‍ 

                                                                 vatican,2019 Nov.3

 

വാഴ്ത്തപ്പെട്ട കാര്‍ളോ ഞോക്കിയുടെ
സേവനചൈതന്യത്തിന്‍റെ അനുസ്മരണം

“വേദനിക്കുന്ന മനുഷ്യന്‍റെ വദനത്തില്‍ ക്രിസ്തുവിനെ ദര്‍ശിച്ച അജപാലകനായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ കാര്‍ലോ ഞോക്കി.” – പാപ്പാ ഫ്രാന്‍സിസ്

 

ഒക്ടോബര്‍ 31, വ്യാഴാഴ്ച രാവിലെ ഞോക്കി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകരെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവത്തെ പതറാതെ അന്വേഷിച്ച പ്രേഷിതന്‍, പാവപ്പെട്ട മനുഷ്യരെ ധീരതയോടെ സ്നേഹിച്ചുവെന്ന് വാഴ്ത്തപ്പെട്ട ഡോണ്‍ കാര്‍ളോ ഞോക്കിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഇറ്റലിയിലെ മിലാന്‍ അതിരൂപതാംഗമായ ഈ വിശുദ്ധിയുള്ള വൈദികന്‍ 20-Ɔο നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പാവങ്ങളുടെമദ്ധ്യേ പ്രവര്‍ത്തിച്ച ധീരനായ അജപാലകനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രേഷിതചൈതന്യം നിലനിര്‍ത്തുന്നതിനായി തുടക്കമിട്ട പ്രസ്ഥാനമാണ് ഡോണ്‍ ഞോക്കി ഫൗണ്ടേഷന്‍ (Don Gnocchy Foundation).

വേദനിക്കുന്നവരെ തുണച്ച മനുഷ്യസ്നേഹി 
പാവങ്ങളായ കുട്ടികളുടെയും യുവജനങ്ങളുടെയും, വേദനിക്കുന്ന മനുഷ്യരുടെയുംമദ്ധ്യേ ക്രിസ്തുവിന്‍റെ സ്നേഹം പ്രേഷിതശുശ്രൂഷയായി പ്രകടമാക്കിയ നല്ലിടയനായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ ഞോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ഇറ്റലിയുടെ മിലിട്ടറി ചാപ്ലിനായി സേവനം ചെയ്തിട്ടുണ്ട്. അങ്ങനെ ക്രിസ്തുവിന്‍റെ അജപാലന സ്നേഹവുമായി മനുഷ്യയാതനകളുടെ മദ്ധ്യത്തിലേയ്ക്ക് സുധൈര്യം ഇറങ്ങിപ്പുറപ്പെട്ട കര്‍മ്മയോഗിയായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ ഞോക്കി. അദ്ദേഹത്തിന്‍റെ സേവനപാരമ്പര്യങ്ങള്‍ കാലികമായി സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും സൂക്ഷിക്കുവാനും തുടക്കമിട്ട ഞോക്കി ഫൗണ്ടേഷനെ പാപ്പാ അഭിനന്ദിച്ചു.

സ്വായത്തമാക്കിയ ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും
യുദ്ധാനന്തരം ഇറ്റലിയില്‍ തിരിച്ചെത്തിയപ്പോഴും, ഒരു സാമൂഹ്യപ്രവര്‍ത്തനമായിട്ടല്ല, പകരം ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും സമൂഹത്തില്‍ അനുഭവവേദ്യമാക്കാനുള്ള കൂട്ടായ്മയുടെയും അജപാലന സമര്‍പ്പണത്തിന്‍റെയും തീവ്രമായ ചൈതന്യത്തിലാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങളെ സംവിധാനംചെയ്തത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കാലവിയോഗത്തിനുശേഷവും വാഴ്ത്തപ്പെട്ട ഞോക്കിയുടെ അജപാലനസ്നേഹം ക്രിസ്തുസ്നേഹമായി ഇന്നും സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ മിലാനിലെ ഈ പ്രസ്ഥാനത്തിനു സാധിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. അതിനായി സമര്‍പ്പിതരായിരിക്കുന്ന ഞോക്കി ഫൗണ്ടേഷന്‍റെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരെയും, സംഘാടകരെയും, ഡോക്ടര്‍മാരെയും, അവരുടെ സഹായികളെയും, സന്നദ്ധസേവകരെയും, മറ്റു പ്രവര്‍ത്തകരെയും പാപ്പാ അനുമോദിച്ചു.

ശരീരത്തിനും മനസ്സിനും ഒരുപോലെ പകരേണ്ട സൗഖ്യം
രോഗങ്ങളാലും, അംഗവൈകല്യങ്ങളാലും ക്ലേശിക്കുന്നവരെ തുണയ്ക്കുന്ന ഞോക്കി ഫൗണ്ടേഷന്‍റെ സവിശേഷമായ സമര്‍പ്പണത്തില്‍ തളരരുതെന്നും, ഉന്നത വൈദ്യസഹായം രോഗികള്‍ക്കു നല്കുമ്പോഴും അവരുടെ മനസ്സുകളെയും ശക്തിപ്പെടുത്തുകയും, ദൈവത്തിന്‍റെ കരുണയും സാന്ത്വനവും അവര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുകയും ചെയ്യുന്ന ആത്മീയ ശുശ്രൂഷയില്‍ എന്നും ശ്രദ്ധപതിക്കണമെന്നും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. ഡോണ്‍ ഞോക്കിയുടെ പ്രേഷിത ചൈതന്യം സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ – യുവജനപ്രേഷിതത്വം, ആതുരശുശ്രൂഷ, രോഗീപരിചരണം, അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ക്കുള്ള സഹായം – എന്നിവ കൂടുതല്‍ ലഭ്യമാക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്

admin

Leave a Reply

Your email address will not be published. Required fields are marked *