ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം
ഫാ. വില്യം നെല്ലിക്കല്‍, വത്തിക്കാൻ
2019 നവംബര്‍ 2
പരേതാത്മാക്കളുടെ ദിനം – 2 നവംബര്‍
ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് റോമാ നഗരപ്രാന്തത്തില്‍ പ്രിഷീലയുടെ നാമത്തിലുള്ള ഭൂഗര്‍ഭ സിമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 8.30-നാണ് പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പാപ്പായുടെ ദിവ്യബലിയര്‍പ്പണം ആരംഭിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 3.45-ന് പേപ്പല്‍ വസതി സാന്ത മാര്‍ത്തയില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് കാറില്‍ സിമിത്തേരിയിലേയ്ക്കു പുറപ്പെടും. ഏകദേശം 8 കി.മീ. യാത്രചെയ്ത് 4 മണിക്ക് പ്രിഷീലയുടെ നാമത്തിലുള്ള സെമിത്തേരിയില്‍ എത്തിച്ചേരും.
വത്തിക്കാന്‍ ടെലിവിഷന്‍ തത്സമയ സംപ്രേഷണം
പാപ്പായുടെ ദിവ്യബലിയും പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാശുശ്രൂഷയും വത്തിക്കാന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണംചെയ്യും ( local time 4 pm – 5.30 pm. Indian time 8.30 pm to 10 pm. link : https://www.youtube.com/watch?v=5YceQ8YqYMc ).
മാര്‍ബിള്‍ മട സെമിത്തേരിയായ ചരിത്രം
റോമന്‍ സാമ്രാജ്യകാലത്തെ പ്രഭു കുടുംബത്തിന്‍റെ വക മാര്‍ബിള്‍ മടയാണ് പിന്നീട് രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവ മതപീഡനകാലത്ത് ഭൂഗര്‍ഭത്തിലെ രഹസ്യമായ പ്രാര്‍ത്ഥനാലയവും സെമിത്തേരിയുമാക്കി രൂപപ്പെടുത്തിയത്. പ്രഭുകുടംബത്തിലെ ഭൂസ്വത്തിന്‍റെ അവകാശിയായിരുന്ന പ്രിഷീല എന്ന പ്രഭ്വി ക്രൈസ്തവര്‍ക്ക് പരേതരെ അടക്കംചെയ്യുന്നതിനു ഇഷ്ടദാനമായി പഴയ മാര്‍ബിള്‍ മട നല്കിയതിനാല്‍ ഇന്നും “പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി” (Catecomb of Prischilla) എന്നാണ് ഈ പുണ്യസ്ഥാനം അറിയപ്പെടുന്നത്.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച റോമാക്കാരി
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച റോമന്‍ കോണ്‍സുളിന്‍റെ ഭാര്യയായിരുന്നു പ്രിഷീല. റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പ്രതിപാദിക്കുന്ന ആദിമ ക്രൈസ്തവ സമുഹത്തിലെ വിശുദ്ധ പ്രിഷീല അല്ല റോമിലെ പ്രിഷീലയെന്ന് പഠനങ്ങള്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട് (റോമ. 16, 3-4). 4-Ɔο നൂറ്റാണ്ടില്‍ ക്രൈസ്തവ പീഡനം റോമില്‍ കെട്ടടങ്ങിയ കാലഘട്ടം വരെ പ്രിഷീലയുടെ പേരിലുള്ള ഭൂഗര്‍ഭ സിമിത്തേരി സജീവമായിരുന്നെന്നു കാണാം.
അപൂര്‍വ്വ കലാസൃഷ്ടികളുടെ ശേഖരം
ഇന്ന് ബെനഡിക്ടൈന്‍ സഹോദരിമാരുടെ മേല്‍നോട്ടത്തിലുള്ള ഈ സിമിത്തേരി റോമില്‍ എത്തുന്ന സന്ദര്‍ശകരുടെ ആകര്‍ഷണമാണ്. എല്ലാ ദിവസവും രാവിലെ 8-മുതല്‍ മദ്ധ്യാഹ്നം
12-വരെയും, ഉച്ചതിരിഞ്ഞ് 2-മണി മുതല്‍ രാത്രി 7 മണിവരെയുമുള്ള സമയങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഇത് തുറന്നുകൊടുക്കുന്നുണ്ട്. പ്രിഷീലയുടെ സെമിത്തേരി ഇറ്റലിയുടെ പുരാവസ്തുഗവേഷകര്‍ ഇന്നും അന്വേഷണ വിധേയമാക്കിക്കൊണ്ടിരിക്കുന്നതും, ഗവേഷണ പഠനങ്ങള്‍ തുടരുന്നതുമായ ഒരു ചരിത്രസ്മാരകമാണ്. യേശുവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥ ഉണ്ണിയുമായുള്ള ഏറ്റവും പുരാതനമായ, രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് ഗവേഷകര്‍ തിട്ടപ്പെടുത്തിയിട്ടുള്ള ബഹുവര്‍ണ്ണ ചുവര്‍ചിത്രം ഈ ഭൂഗര്‍ഭ സിമിത്തേരിയില്‍ സന്ദര്‍ശകരെയും ചിത്രകാരന്മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. അതുപോലെ “ദൈവം നല്ലിടയന്‍” എന്ന അത്യപൂര്‍വ്വ ചുവര്‍ചിത്ര രചനയും ഈ ഭൂഗര്‍ഭാലയത്തിലെ ഏറെ ശ്രദ്ധേയമാകുന്ന മറ്റൊരു കലാശേഖരമാണ്.
രക്തസാക്ഷികളുടെയും വിശുദ്ധരായ പാപ്പാമാരുടെയും
ഭൗതികശേഷിപ്പുകളുടെ സ്ഥാനം
റോമിലെ നിരവധി രക്തസാക്ഷികളും, സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരും അടക്കം ചെയ്യപ്പെട്ടിട്ടുള്ള ഭൂഗര്‍ഭ സിമിത്തേരിയാകയാല്‍, “ഭൂഗര്‍ഭ സിമിത്തേരികളിലെ രാജ്ഞി”യെന്നും (the Queen of Catecombs) ക്രൈസ്തവ രചനകളില്‍ ഇതിനെ വിശേഷിപ്പിക്കപ്പെടാറുണ്ട്.