
സ്‌നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി ജോളി തപ്പലോടത്തച്ചന്‍.
അനേകായിരങ്ങളെ വിശ്വാസ വഴിയിലൂടെ നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. ജോളി തപ്പലോടത്ത് അതിതീവ്രമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ സെപ്റ്റംബര്‍ 16 വൈകിട്ട് 6.52ന് നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്‌നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. 54 വയസായിരുന്നു. ചിറ്റൂര്‍ തിരുക്കുടുംബ ഇടവകയില്‍ തപ്പലോടത്ത് ഡാനിയേലിന്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചന്‍ 1998 ഡിസംബര്‍ 27 ന് അഭിവന്ദ്യ ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് തേവര, ചാത്യാത്ത് എന്നീ ഇടവകകളില്‍ സഹവികാരിയായും ലൂര്‍ദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, അങ്കമാലി യൂദാപുരം, കോതാട്, തൃപൂണിത്തുറ വടക്കേകോട്ട, വള്ളുവള്ളി എന്നീ ഇടവകകളില്‍ വികാരിയായും സ്തുത്യര്‍ഹമായ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ചു. തന്റെ ആത്മീയ ശുശ്രൂകള്‍ വഴി ജോളി തപ്പലോടത്തച്ചന്‍ നൊവേന കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും.
മൃതസംസ്‌കാരം ചിറ്റൂര്‍ തിരുക്കുടുംബ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. സെപ്റ്റംബര്‍ 17 ബുധനാഴ്ച 2 മണിക്ക് ലൂര്‍ദ്ദ് ആശുപത്രിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തില്‍ പൊതുദര്‍ശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും. തുടര്‍ന്ന് രാത്രി8 മണിമുതല്‍ ചിറ്റൂരുള്ള ജോളിയച്ചന്റെ ഭവനത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കും. സെപ്റ്റംബര്‍ 18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ചിറ്റൂര്‍ തിരുക്കുടുംബ ദൈവാലയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് രാവിലെ 10 മണിക്ക് മൃതസംസ്‌ക്കാര ദിവ്യബലി അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.മാതാവ് ഫിലോമിന, സഹോദരങ്ങള്‍ ജോസി, ജോഷി, സിസ്റ്റര്‍ സിന്ധു Ocarm.
എല്ലാ ഓട്ടവും തിരക്കുകളും നൊവേനകളും ആരാധനകളും ജപമാലകളും ദിവ്യബലികളും ഈ ഭൂമിയില്‍ അവസാനിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിനോട് ചേര്‍ന്ന് ബലിയര്‍പ്പിക്കാന്‍ യാത്രയാകുന്ന
ജോളി തപ്പലോടത്തച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം