വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം

 വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം

വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം.

പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

 

കൊച്ചി :  വല്ലാർപാടത്ത് അഭയം തേടിയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തോടുള്ള വിശ്വാസം സഭയുടെയും സമൂഹത്തിൻ്റെയും കുടുംബങ്ങളുടെയും സമർപ്പണമാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

21-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യാശയുടെ സന്ദേശമായി നമുക്കു മുന്നേ നടന്നു നീങ്ങിയ പരിശുദ്ധ അമ്മയുടെ യാത്രയായിരുന്നു ഈ ലോകത്തിലെ പ്രഥമ തീർത്ഥാടനമെന്ന്  വചന സന്ദേശം നൽകിയ കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. വല്ലാർപാടത്തേക്ക് തീർത്ഥയാത്രയായി ഒഴുകിയെത്തിയ തീർത്ഥാടകരുടെ കണ്ണുകളിൽ അമ്മയുടെ മുഖം ദർശിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണെന്ന് ബിഷപ് കൂട്ടിച്ചേർത്തു.

ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21-ാം മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഉച്ചക്ക് 3 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച തീർത്ഥാടനം ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മഹാജൂബിലിയുടെ സ്മരണക്കായി ജൂബിലികുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ സംഘടന ഭാരവാഹികൾ ആർച്ച് ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങിയതോടു കൂടി ഈ വർഷത്തെ തീർത്ഥാടനത്തിന് തുടക്കമായി.പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർത്ഥാടനം ഝാൻസി രൂപത മുൻ മെത്രാൻ ബിഷപ്പ് ഡോ.പീറ്റർ പറപ്പുള്ളിൽ ഉദ്ഘാടനം ചെയ്തു.ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടന നേതാക്കൾക്ക്  ബിഷപ് കൈമാറി.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീർത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തിൽ റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തും  ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ്പുമാരായ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. പീറ്റർ പറപ്പുള്ളി,വത്തിക്കാൻ്റെ സ്ഥിരം നിരീക്ഷകൻ മോൺ. ജെയിൻ മെൻ്റസ്,അതിരൂപതാ വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്  എന്നിവരും അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി.

തീർത്ഥാടനത്തിന് എത്തിയ വിശ്വാസികളെ  ആർച്ച് ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. അല്മായ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

പതിവുപോലെ വല്ലാര്‍പാടത്തമ്മയുടെ
ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെ ആചരിക്കും.

 

admin

Leave a Reply

Your email address will not be published. Required fields are marked *