കൃപാഭിഷേകം അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം

 കൃപാഭിഷേകം അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം

കൃപാഭിഷേകം അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം.

 

കൊച്ചി : വചനശക്തി പകരുന്ന ആത്മീയ ധന്യതയിലേക്ക് കൃപാഭിഷേകത്തിന്റെ വചന വിത്തുകൾ പാകിക്കൊണ്ട് ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയുടെ തിരുമുറ്റത്തെ കൂറ്റൻ പന്തലിൽ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷി നിർത്തി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 13-ാമത് അന്തർദേശീയ വല്ലാർപാടം കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലും അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണി ക്കോടത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കപ്പെട്ട പൊന്തിഫിക്കൽ ദിവ്യബലി മധ്യേയായിരുന്നു കൺവൻഷന്റെ ഔപചാരിക ഉത്ഘാടനം. വചനശുശ്രൂഷകൾ വിശ്വാസ സമൂഹത്തിന്റെ ജീവിത നവീകരണത്തിനും മാനസാന്തരത്തിനും നിദാനമാകണമെന്ന് ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
അഞ്ചു നാൾ നിണ്ടുനില്ക്കുന്ന കൺവെൻഷൻ 31 ന് ഞായറാഴ്ച്ച സമാപിക്കും. അന്നത്തെ ശുശ്രൂഷകൾക്ക് മുന്നോടിയായി അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയുണ്ടാകും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ.ഡൊമിനിക് വാളന്മനാൽ ആണ് ഈ വർഷത്തെ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 9 മണിവരെയാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്. 28 മുതൽ 31 വരേയുള്ള ദിവസങ്ങളിൽ പ്രത്യേക കൗൺസിലിങ്ങിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും കൺവെൻഷന് ശേഷം വിശ്വാസികൾക്ക് തിരികെ പോകുന്നതിന് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വല്ലാർപാടത്ത് നിന്നും പൊന്നാരിമംഗലം, കൂനമ്മാവ്, വള്ളുവള്ളി, ഞാറക്കൽ, എടവനക്കാട്, തേവര, ചാത്യാത്ത്, ചിറ്റൂർ, ചേരാനല്ലൂർ, മഞ്ഞുമ്മൽ, മുപ്പത്തടം, കലൂർ, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, മാടവന, പേട്ട, വടക്കേക്കോട്ട, തോപ്പുംപടി, കണ്ണമാലി എന്നിവിടങ്ങളിലേക്കാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.
വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്തർദേശീയ ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്.

admin

Leave a Reply

Your email address will not be published. Required fields are marked *