by admin | May 27, 2021 3:59 pm
കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ
വല്ലാർപാടം : ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ വല്ലാർപാടം ബസിലിക്കയിലെത്തി. തന്റെ രക്ഷകയെന്നു് ഉറച്ച് വിശ്വസിക്കുന്ന വല്ലാർപാടത്തമ്മയ്ക്ക് കൃതജ്ഞത അർപ്പിക്കുന്നതിനാണ് ഭാര്യ ഷിജി, മക്കളായ ക്രിസ്റ്റഫർ, സ്റ്റീവ് എന്നിവർക്കൊപ്പം ഫ്രാൻസീസ് ദേവാലയത്തിലെത്തിയത്.
ബസിലിക്ക റെക്ടർ ഫാ.ആൻറണി വാലുങ്കൽ, സഹവികാരിമാരായ ഫാ.ജോസ്ലിൻ, ഫാ.റിനോയ് സെവ്യർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തിയ ഫ്രാൻസീസ്, തന്നോടൊപ്പം കപ്പലിലുണ്ടായ പന്ത്രണ്ടു പേരിൽ താനും കൊൽക്കത്ത സ്വദേശിയായ സഹപ്രവർത്തകനും മാത്രമാണ് ഈ വലിയ ദുരന്തത്തിൽ നിന്നു് രക്ഷപ്പെട്ടതെന്നും, മാനുഷികമായ ശക്തിയാലല്ല, മറിച്ച് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായതെന്നും, ഭീമാകാരമായ തിരമാലകളിൽ പെട്ട് ഉലയുമ്പോഴും പരിശുദ്ധ വല്ലാർപാടത്തമ്മയെ കണ്ണുനീരോടെ വിളിച്ചപേക്ഷിച്ചതിന്റെ ഫലമായാണ് താൻ ഇന്ന് ജീവനോടെയിരിക്കുന്നതെന്നും നിറകണ്ണുകളോടെ ഫ്രാൻസീസ് പറഞ്ഞു .
മൂന്ന് വയസുള്ളപ്പോൾ അമ്മയോടൊപ്പം വല്ലാർപാടം പള്ളിയിൽ വന്നതും, തന്നെ വല്ലാർപാടത്തമ്മയ്ക്ക് അടിമയിരുത്തിയതുമെല്ലാം പാവനമായ ഓർമ്മകളാണെന്ന് ഫ്രാൻസീസ് അനുസ്മരിച്ചു.
Source URL: https://keralavani.com/%e0%b4%95%e0%b5%83%e0%b4%a4%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a4%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b5%bb%e0%b4%b8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%88/
Copyright ©2023 official news channel of ARCHDIOCESE OF VERAPOLY, unless otherwise noted.