മനുഷ്യന്‍റെ വിശ്വാസാനുഭവമാണ് പ്രാർത്ഥനയെന്നു പാപ്പാ ……
മനുഷ്യന്‍റെ വിശ്വാസാനുഭവമാണ് പ്രാർത്ഥനയെന്നു പാപ്പാ ……
മെയ് 26, ബുധനാഴ്ച പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തിൽനിന്ന്…
വത്തിക്കാനിൽ അപ്പസ്തോലിക അരമനയുടെ ഉമ്മറത്തെ ഡമാഷീൻ ചത്വരത്തിലെ തുറസ്സായ വേദിയിലായിരുന്നു ഇത്തവണയും പൊതുകൂടിക്കാഴ്ച പ്രഭാഷണം. കോവിഡ്-19 പ്രോട്ടോക്കോൾ മാനിച്ചുള്ള പരിപാടിയിൽ ജനങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നു.
1. ദൈവത്തിൽനിന്നും മാന്ത്രികശക്തി പ്രതീക്ഷിക്കരുത് :
പ്രാർത്ഥനയെ ഒരു വിശ്വാസാനുഭവമായി കാണാതെ നാം ചോദിക്കുന്നതു നല്കുന്ന ദൈവത്തിന്‍റെ മാന്ത്രിക ശക്തിയും അത്ഭുതകരമായ ഇടപെടലും പ്രതീക്ഷിക്കുന്നതിൽ അപകടമുണ്ടെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ഇങ്ങനെ പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും ലഭിക്കാതെ വരുമ്പോൾ, പ്രാർത്ഥന ന്യായമായിരുന്നിട്ടും തന്‍റെ യാചന കേൾക്കായ്കയാൽ നിരാശരാവുകയും പ്രാർത്ഥന നിർത്തലാക്കുകയും മാനസികമായിപ്രതിരോധിക്കുകയും ചെയ്യുന്നവരുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
2. പ്രാർത്ഥന ഒരു ദൈവാന്വേഷണം :
പ്രതിവിധിയായി സഭയുടെ മതബോധന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ദൈവം നമ്മെ അനുഗ്രഹങ്ങളാൽ സേവിക്കുന്നതല്ല പ്രാർത്ഥന, മറിച്ച് നാം പ്രാർത്ഥനയിൽ ദൈവത്തോട് ഐക്യപ്പെടുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണു ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (2735). നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും നമ്മുടെതന്നെ പ്ലാനും പദ്ധതികളുമാണ്. എന്നാൽ യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയിൽ ദൈവഹിതം തേടുന്ന വ്യക്തിയാണ് വിശ്വാസിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ, എന്നാണു ഈശോ പഠിപ്പിച്ച പ്രാർത്ഥനയിൽ നാം ഉരുവിടുന്നത്. ദൈവത്തിനുള്ള തിരുമനസ്സ് ലോകത്തിനുവേണ്ടി നിർവർത്തിതമാകുവാൻ നാം പ്രാർത്ഥിക്കുന്നു. ഇത് യഥാർത്ഥമായ പ്രാർത്ഥനയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (മത്തായി 6, 9-10).
3. എളിമയുള്ള പ്രാർത്ഥന :
പലപ്പോഴും എന്തിനായി പ്രാർത്ഥിക്കണമെന്നുപോലും നമുക്ക് അറിവില്ലെന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു (റോമ. 8, 26). നാം എളിമയോടെ പ്രാർത്ഥിക്കണമെന്നും, നമ്മുടെ വാക്കുകൾ പൊള്ളയായും വ്യാജഭാഷണമായും മാറാൻ ഇടയാക്കരുതെന്ന് പാപ്പാ ഉദ്ബോധപ്പിച്ചു. ദൈവം നമ്മോടുകൂടെ… എന്ന് എഴുതിവയ്ക്കാൻ എളുപ്പമാണ്. എന്നാൽ പലരും ചിന്തിക്കുന്നത് ദൈവം അവരുടെ കൂടെയാണെന്നാണ്. പ്രാർത്ഥനയിൽ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയാണ്. മറിച്ച് ദൈവത്തെ നാം പ്രാർത്ഥനകൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കുകയല്ല പ്രാർത്ഥനയെന്നും പാപ്പാ വ്യക്തമാക്കി.
4. കൃപ തേടുന്നവർ :
ചോദിക്കുന്നതും ആഗ്രഹിക്കുന്നതും ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷത്തിനും, ദൈവത്തെ കൈവെടിയുന്ന ഉതപ്പിനും പ്രതിവിധിയായി സുവിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്‍റെ സന്നിധിയിൽ ഉണർത്തിച്ച നിരവധി സാധാരണക്കാരുടെ പ്രാർത്ഥനകളിലേയ്ക്കാണ് പാപ്പാ വിരൽചൂണ്ടിയത്. കർത്താവേ, ഞങ്ങളിൽ കൃപയുണ്ടാകണമേയെന്ന് അവിടുത്തെ മുന്നിൽ ഉണർത്തിച്ചവർ നിരവധിയാണ്. അവരിൽ ചിലരുടെ പാപങ്ങൾ ആദ്യമായി അവിടുന്നു ക്ഷമിക്കുന്നതായി ആദ്യം ഉണർത്തിക്കുന്നു, പിന്നീടാണ് അവിടുന്നു ശരീരത്തിന് സൗഖ്യം നല്‍കിയത് (മർക്കോസ് 2, 1-12). അപ്പോൾ ചില അവസരങ്ങളിൽ പ്രശ്നനിവാരണം വൈകിയാണ്. ജാരൂയീസിന്‍റെ മകളെ ഈശോ സുഖപ്പെടുത്തുന്നത് വൈകിയാണ്. അപ്പോഴും ഈശോ പറയുന്നത്, ഭയപ്പെടേണ്ട, വിശ്വസിക്കുകയെന്നായിരുന്നു. ജാരൂയീസ് വിശ്വാസിയായിരുന്നെങ്കിലും കുറെ ഇരുട്ടിൽനടന്നു. ആ നടപ്പ് വിശ്വാസത്തിന്‍റെ ദീപം ഹൃദയത്തിലേറ്റിക്കൊണ്ടായിരുന്നു.
5. ദൈവം രക്ഷയുടെ സ്രോതസ്സ് :
ഗദ്സേമിനിയിൽ യേശുവിന്‍റെ പ്രാർത്ഥന പിതാവ് ശ്രവിക്കാതെ പോകുന്നു. പുത്രന് അതിനാൽ സഹനത്തിന്‍റെ പാനപാത്രം പൂർണ്ണമായും കുടിക്കേണ്ടിവന്നു. എന്നാൽ വലിയ ശനി അവസാനത്തെ അദ്ധ്യായമായിരുന്നില്ല. മൂന്നാം ദിനം അവിടുന്ന് ഉയിർത്തെഴുന്നേല്ക്കുന്നു. രക്ഷയുടെ പൂർത്തീകരണം പൂർണ്ണമായും ദൈവത്തിന്‍റെ കരങ്ങളിലാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പ്രാർത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഈ ഭാഗം പാപ്പാ ഫ്രാൻസിസ് ഉപസംഹരിച്ചത്.