കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം

കൊർണേലിയൂസ് ഇലഞ്ഞിക്കൽ

പിതാവിന്റെ പത്താം ചരമ

വാർഷികം ( 07-08-2021)

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മരണകളിലൂടെ നമുക്ക് യാത്ര തുടരാം.

ക്രിസ്തുമതത്തെ ഭാരതീയ ചിന്തയോട് ചേർത്തുവെച്ച മഹാപുരോഹിതൻ ആയിരുന്ന അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് 1987 മുതൽ -1996 വരെയുള്ള 9 വർഷക്കാലം വരാപ്പുഴഅതിരൂപത മെത്രാപോലിത്ത എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചപ്പോൾ അദ്ദേഹം സേവനമനുഷ്ഠിച്ച രൂപതകളുടെ ചരിത്രത്തിൽ മാത്രമല്ല കേരളസഭയുടെ മൊത്തം ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

 

കോട്ടപ്പുറം രൂപതയുടെ സ്ഥാപനത്തിനു മുൻപ് വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന കാര (കൊടുങ്ങല്ലൂർ) ഇടവകയിൽ പുരാതനവും പ്രശസ്തവുമായ ഇലഞ്ഞിക്കൽ തറവാട്ടിൽ കൊത്തവരോയുടെയും ത്രേസ്യയുടെയും പുത്രനായി 1918 സെപ്റ്റംബർ 8-ആം തീയതി കൊർണേലിയൂസ് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം ജന്മനാടായ ഏറിയാടിൽ പൂർത്തിയാക്കിയശേഷം 1933 അദ്ദേഹം എറണാകുളംസെന്റ് ജോസഫ് പെറ്റി സെമിനാരിയിൽ ചേർന്നു. എറണാകുളംസെന്റ് ആൽബർട്സ് സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായി, ലാറ്റിൻ ഭാഷാപഠനം അടക്കമുള്ള പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ കൊർണേലിയൂസ് 1938 ൽ ആലുവ സെൻ ജോസഫ് അപ്പസ്തോലിക്കാ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത കോളേജിലുമായി തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 1945 വൈദികപട്ടം സ്വീകരിച്ചു. ബൃഹദാരണ്യകോപനിഷത്തിനെ കുറിച്ചു നടത്തിയ പഠനത്തിലാണ് തത്വശാസ്ത്രത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്. റോമിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഫാ.കൊർണേലിയൂസ് ചാത്യാത്ത് കർമ്മല നാഥയുടെ ഇടവകയിൽ അസിസ്റ്റന്റ് ആയായും. പിന്നീട് അട്ടിപേറ്റി പിതാവിന്റെ സെക്രട്ടറിയായും, എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ അസിസ്റ്റന്റ് ആയും സേവനമനുഷ്ടിച്ചു. അക്കാലത്താണ് പ്രസിദ്ധമായ നിത്യസഹായ മാതാവിന്റെ നൊവേന പുസ്തകം അദ്ദേഹം രചിച്ചത്.

1956 ൽ ഫാ. കൊർണേലിയൂസ് സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടറായി നിയമിതനായി .

 

1968 ൽ മോൺസിഞ്ഞോർ അലക്സാണ്ടർ ലന്തപറമ്പിൽ ദിവംഗതനായപ്പോൾ മോൺസിഞ്ഞോർ കൊർണേലിയൂസ് വികാരി ജനറൽ ആയി സ്ഥാനമേറ്റു. 1970 ൽ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി ദിവംഗതനായ അവസരത്തിൽ ജനുവരി 24 ആം തീയതി അദ്ദേഹം അതിരൂപതയുടെ വികാരി ക്യാപിറ്റുലറായി ആയി തിരഞ്ഞെടുക്കപ്പെട്ടു. 1971 ഏപ്രിൽ നാലാം തീയതി എറണാകുളം പട്ടണം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആർഭാടപൂർവമായ ചടങ്ങിൽവച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിതനായ ജോസഫ് കേളന്തറ പിതാവിനോടൊപ്പം  വിജയപുരം രൂപത അധ്യക്ഷൻ ആയി കൊർണേലിയൂസ് പിതാവും മെത്രാൻ പട്ടം സ്വീകരിച്ചു. 1971-1987 വരെ വിജയപുരം രൂപതയുടെ ഭരണം അതിസമർത്ഥമായി അദ്ദേഹം നിർവഹിച്ചു.

 

1986 ഒക്ടോബർ 19ന് ജോസഫ് കേളന്തറ പിതാവ് ആകസ്മികമായി ദിവംഗതനാവുകയും അങ്ങനെ 1987 മാർച്ച് 19 ആം തീയതി കോർണെലിയൂസ് പിതാവ് വീണ്ടും വരാപ്പുഴ അതിരൂപതയുടെ സാരഥിയായി തീർന്നു. ജനക്ഷേമവും സാമൂഹികപ്രതിബദ്ധതയും മുൻനിർത്തി ആഷിസ് സൂപ്പർ മർക്കാത്ത എന്ന സ്ഥാപനം തുടങ്ങുകയും, എറണാകുളം പട്ടണത്തിന് ഹൃദയഭാഗത്ത് ആശിർഭവൻ പാസ്റ്റർ സെന്റർ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം പുത്തൻ തലമുറയുടെ കെൽപ്പുള്ള ശില്പിയായി മാറുകയും ചെയ്തു.

 

കൊർണേലിയൂസ് പിതാവിന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞ മറ്റൊരു രംഗം അജപാലനത്തിലാണ് . ഇടവകകളിൽ നിന്ന് ധാരാളം ദൈവവിളികൾ ലഭിക്കുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിന് ഓരോ ഇടവകകളിലും ഒരു കോൺവെന്റ് എങ്കിലും തുറന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 2000 ആണ്ടിലെ രക്ഷയുടെ ജൂബിലിക്ക് ഒരുക്കമായുള്ള പല പ്രവർത്തന പരിപാടികളും അതിരൂപതയിൽ ആരംഭിച്ചു. അവയിൽ പ്രമുഖമാണ് കുടുംബജീവിത നവീകരണവും യുവജന ബോധവൽക്കരണവും. 1991 അതിരൂപതയിൽ അതി വിപുലമായ പരിപാടികളോടെ കുടുംബ വർഷം ആഘോഷിക്കുകയു എല്ലാ ഇടവകകളിലും പിതാവ്തന്നെ രൂപകല്പനചെയ്ത ഈശോയുടെ തിരുഹൃദയത്തിന്റെയും വിമലഹൃദയത്തിന്റെയും പടം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ആശീർവദിച് സ്ഥാപിക്കുകയും ചെയ്തു .

 

കൊർണേലിയൂസ് പിതാവിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത, സംഗീതത്തിന്റെ മർമം അറിയാവുന്ന പിതാവ് രചിച്ച നിരവധിയായ ഗാനങ്ങളെ കുറിച്ചാണ്.. അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് കവികൾക്കിടയിലെ മെത്രാനെന്നും മെത്രാന്മാർ ക്കിടയിലേ കവി എന്നുമാണ് അറിയപ്പെട്ടിരുന്നത്.അനവധി ഗാനങ്ങൾ തന്റെ ഭാഷാ പാണ്ഡിത്യത്തിൽ നിന്നും അദ്ദേഹം രൂപപ്പെടുത്തി എടുത്തിയെടുത്തിട്ടുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ യും ദിവ്യകാരുണ്യത്തിന്റെയും, മൃത സംസ്കാര ശുശ്രൂഷയുടെയുമായ അനവധി ഗാനങ്ങൾ അഭിവന്ദ്യ പിതാവ് എഴുതിയിട്ടുണ്ട് അതിൽ തികച്ചും പ്രശംസനീയമായത് മൃത സംസ്കാര ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഗാനങ്ങളാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആരാധനാക്രമം തദ്ദേശീയ ഭാഷകളിലേക്ക് മാറ്റിയതിനുശേഷം മൃതസംസ്കാര ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന എല്ലാ ഗാനങ്ങളും ലത്തീനിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ നടത്തി, അത് രചിച്ചത് അഭിവന്ദ്യ കൊർണേലിയൂസ് പിതാവാണ്. 2011 ഓഗസ്റ്റ് ഏഴാം തീയതി കൊർണേലിയൂസ് പിതാവ് ദിവംഗതനായി. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും പിതാവിന്റെ വിയോഗത്തിൽ തൊഴുകയ്യോടെ പ്രാർത്ഥനകളുമായി അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. അട്ടിപ്പേറ്റി പിതാവിന്റെ മരണത്തിനുശേഷം ഇത്രയധികം ജനങ്ങൾ അന്തിമോപചാരമർപ്പിക്കാൻ എത്തിയ സംഭവം വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒന്നായിരുന്നു.

 

അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായിട്ടു 10 വർഷം തികയുന്ന ഈ അവസരത്തിലും അദ്ദേഹം രചിച്ച ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ നിറസാന്നിധ്യമായി ഇന്നും പിതാവ് ജീവിക്കുന്നു എന്ന് നമുക്ക് നിസ്സംശയം പറയാം


Related Articles

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്.

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്. കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്. കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<