കർമലീത്താ പൈതൃകത്തിന്റെ ഈടുവയ്പ്പുകൾ സംരക്ഷിക്കപ്പെടണം: ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി:  കർമലീത്താ മിഷണറിമാർ കേരള സമൂഹത്തിനു നൽകിയ കാലാതിവർത്തിയായ സംഭാവനകളുടെ ചരിത്രവും പൈതൃകവും പരിരക്ഷിക്കേണ്ടതുണ്ടെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ്  കളത്തിപ്പറമ്പിൽ.

വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷനും നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ വിശുദ്ധ പത്താം പീയൂസ് പ്രോവിൻസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിന്റെ കർമലീത്താ പൈതൃകം:  ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച്ബിഷപ്.

പതിനേഴാം നൂറ്റാണ്ടിൽ മാർതോമാ ക്രിസ്ത്യാനികൾക്കിടയിൽ അനുരഞ്ജന ദൗത്യവുമായി കേരളത്തിലെത്തിയ കർമലീത്താ മിഷണറിമാർ അജപാലനം, മാനസാന്തരവേല, ദേവാലയം നിർമാണം തുടങ്ങി സാധാരണ പ്രേഷിത പ്രവർത്തനങ്ങൾക്കുമപ്പുറം ആധ്യാത്മിക നവീകരണത്തിനും സാംസ്കാരിക നവോത്ഥാനത്തിനും നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

ജാതി, മത, ലിംഗ വിവേചനമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പിക്കാൻ ഓരോ കരയിലും ഓരോ പള്ളിക്കുമൊപ്പം വിദ്യാലയം, സ്വദേശിവത്കരണം, തദ്ദേശീയ സന്ന്യാസ-സന്ന്യാസിനീ സഭകളുടെ സംസ്ഥാപനം, ആധുനിക ചികിത്സ യ്ക്ക് ആശുപത്രി, മുദ്രണാലയങ്ങൾ, ഭാഷയിലെ ലക്ഷണമൊത്ത ആദ്യ വൃത്താന്തപത്രവും ഇതര പ്രസിദ്ധീകരണങ്ങളും, ഭാഷാശാസ്ത്രത്തിനും കാവ്യപാരമ്പ്യത്തിനുംഗദ്യത്തിനും മുതൽക്കൂട്ടായ ഗ്രന്ഥങ്ങൾ തുടങ്ങി സമസ്ത മണ്ഡലങ്ങളിലും അവർ മൂന്നര പതിറ്റാണ്ട് നൽകിയ സേവന ശുശ്രൂഷകൾ നിസ്തുലമാണ്.

സുശിക്ഷിതമായ പൗരോഹിത്യ രൂപീകരണത്തിന് അടിത്തറ പാകിയതിന് ഭാരതസഭ കർമലീത്തരോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് ആർച്ച് ബിഷപ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.

മഞ്ഞുമ്മൽ ഒസിഡി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. തോമസ് മരോട്ടിക്കാപ്പറമ്പിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. പുസ്തകത്തിന്റെ എഡിറ്റർ ഇൻ ചീഫും മുൻ പ്രൊവിൻഷ്യലുമായ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ, ഹെറിറ്റേജ് കമ്മീഷൻ അതിരൂപതാ ഡയറക്ടർ മോൺ.  ജോസഫ് പടിയാരംപറമ്പിൽ, സെക്രട്ടറി ജെക്കോബി, സെന്റ് തെരേസാസ് കോളേജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ സിഎസ്എസ്ടി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രണതാ ബുക്സ് ആണ് പ്രസാധകർ.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<