പിറന്ന മണ്ണിലെ അഭയാർത്ഥികൾ

 

2019 നവംബർ 1

കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി പോലും മടി കാട്ടാറില്ല എന്നത് സത്യം. മൂന്നാറിനെ പറ്റി പറയാനല്ല തുടങ്ങിയത് ,വിഷയം മൂലമ്പിള്ളി തന്നെ,

ഇവിടെ കുറെ മനുഷ്യർ സ്വസ്ഥമായി തങ്ങളുടെ വീടുകളിൽ കഴിയുന്നുണ്ടായിരുന്നു , അവർ അവിടെ നിന്ന് പറിച്ചെറിയപ്പെട്ടു ,അതിക്രൂരമായി തന്നെ , വർഷങ്ങൾ 12 ആകുന്നു. നീല കുറിഞ്ഞികൾ വീണ്ടും പൂക്കാൻ സമയമായി. എന്നിട്ടും ഈ പാവങ്ങളുടെ ജീവിതത്തിന്റെ നഷ്ടപ്പെട്ട് പോയ വസന്തം തിരികെ വന്നിട്ടില്ല.

അവർ ഇന്നും വാടകവീടുകളിലും
താത്കാലിക ഷെഡുകളിലും അന്തിയുറങ്ങുന്നു , കുടിയിറക്കപെട്ടവരിൽ 25 ലധികം ആളുകൾ ഇന്ന് ഭൂമിയിലില്ല . പലരും മാറാരോഗികളായി മാറിക്കഴിഞ്ഞു.
പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സർക്കാർ പറഞ്ഞു , അവർക്കു വാസയോഗ്യമായ ഭൂമി കൊടുക്കുമെന്ന് , പക്ഷെ പലർക്കും കിട്ടിയത് നികത്തു ഭൂമികൾ.

കാക്കനാട് വില്ലേജ്, വാഴക്കാല വില്ലേജ് ഇവിടങ്ങളിൽ കൊടുത്ത സ്ഥലങ്ങൾ വാസയോഗ്യമല്ലെന്നു റിപ്പോർട്ട് നൽകിയത് പൊതുമരാമത്തു വകുപ്പാണ്. ഇതിനകം ഇവിടെ നിർമിച്ച വീടുകൾ ചരിഞ്ഞ നിലയിലും. ഇനി ലഭിച്ച ഭൂമി വിറ്റ് മറ്റെവിടേക്കെങ്കിലും മാറാം എന്ന് വിചാരിച്ചാൽ അതും നടക്കില്ല, കാരണം പുനരധിവാസത്തിന് നൽകിയ ഭൂമി 25 വർഷത്തേക്ക് വിൽക്കാൻ പാടില്ല. ഇങ്ങനെയുള്ള ഭൂമി ഈടായി സ്വീകരിക്കാൻ ബാങ്കുകൾ തയ്യാറുമല്ല ,അതിനാൽ വീട് നിർമിക്കാൻ ബാങ്ക് വായ്പ പോലും ലഭിക്കില്ല.

2008 ൽ ഭൂമി ഏറ്റെടുക്കുമ്പോൾ ഇവർക്ക് വലിയ നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടുമില്ല . വീട് വെക്കാൻ അപേക്ഷ നൽകിയവരിൽ ചിലർക്ക് തീരദേശപരിപാലനനിയമം വിലങ്ങുതടിയായി.സർക്കാർ നൽകുമെന്ന്‌ പറഞ്ഞ വാടക തുക നിർത്തലാക്കിയിട്ട് വർഷം 6 കഴിഞ്ഞു …

ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി നീതിനിഷേധത്തിന്റെ തടവറയിൽ അവർ ഞെരുങ്ങുമ്പോൾ ,ആര് ഇവരുടെ കൂടെ നിൽക്കും ,ആര് ഇവർക്ക് വേണ്ടി ശബ്ദിക്കും …മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത് ഇവരുടെ വോട്ട് മാത്രമാണ് . മരടിലെ ഫ്ലാറ്റുകാർക്കു വേണ്ടി ഗർജ്ജിച്ച രാഷ്ട്രീയ പാർട്ടികൾ , മൂലമ്പിള്ളി വിഷയത്തിൽ മൗനവ്രതത്തിലാണ്.

ഇവിടെ മാർട്ടിൻലൂഥർ കിങ് ജൂനിയറിന്റെ വാക്കുകൾ പ്രസക്തമാണ്, ” സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തം തിന്മ നിറഞ്ഞ മനുഷ്യർ നടത്തുന്ന അടിച്ചമർത്തലോ , ക്രൂരതയോ അല്ല , മറിച്ചു നല്ല മനുഷ്യരുടെ അതിനോടുള്ള നിശബ്ദതയാണ്.” (തുടരും )


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<