പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6 ന്, 316 കുടുംബങ്ങളെയാണ് അച്യുതാനന്ദൻ ഗവണ്മെന്റ് കുടിയൊഴിപ്പിച്ചത് . 12 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയിറക്കപെട്ടവർ ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ ചിറകുകൾ കരിഞ്ഞു പോയ അവസ്ഥയിലാണ് .

ജെസിബി യുടെ യന്ത്രകൈകൾ കുടിയിറക്കപെട്ടവരുടെ വീടുകൾ ഇടിച്ചു നിരത്തിയപ്പോൾ, നിസ്സഹായരായി തങ്ങളുടെ വീടിന്റെ അവശേഷിക്കുന്ന ജനലഴികളിൽ തൂങ്ങിക്കിടന്ന് കരയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ ഇന്നും നമ്മുടെ ഓർമയിലുണ്ട് . അന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവർ എവിടെ അന്തിയുറങ്ങുമെന്ന് സർക്കാർ ആലോചിച്ചില്ല . അന്ന് അവർക്കു നൽകിയ നഷ്ടപരിഹാരത്തുക തുച്ഛമായിരുന്നു എന്ന് അധികാരികൾ പിന്നീട് തിരിച്ചറിഞ്ഞത് കൊണ്ടാണ് 2008 മാർച്ച് 19 ന് മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചത് . അതിനെ തുടർന്ന് ,

1 .കുടിയിറക്കപെട്ടവർക്കു ഇരുനില കെട്ടിടം പണിയത്തക്ക വിധം  ഉറപ്പുള്ള വാസയോഗ്യമായ ഭൂമി നൽകും .
2 . റോഡ് , വൈദ്യുതി , കുടിവെള്ളം , ഡ്രയ്‌നേജ് എന്നീ അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുന്നതുവരെ വീട്ടു വാടക പ്രതിമാസം 5000 രൂപ വീതം നൽകും .
3 .കുടിയൊഴിപ്പിക്കപ്പെട്ട വീട്ടിലെ ഒരാൾക്ക് വീതം പദ്ധതിയിൽ തൊഴിൽ നൽകും .

4 .പുനരധിവാസ ഭൂമി സി .ആർ .ഇസഡ് . പരിധിയിൽ നിന്ന് ഒഴിവാക്കും .

തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ഉണ്ടായി .എന്നാൽ ഇന്നും ഇതൊന്നും പാലിക്കാതെ സർക്കാരുകൾ ഈ പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് .

അവർക്കു ലഭിച്ച ഭൂമി പല സ്ഥലങ്ങളിലും ചതുപ്പ് നിറഞ്ഞതാണ് .( ഉദാ : കാക്കനാട് വില്ലേജ് കരുണാകരപിള്ള റോഡ് ) ,അവിടെ പണിത വീടുകൾക്ക് വിള്ളൽ ഉണ്ടാകുന്നു , അത് ചരിഞ്ഞു താഴുന്നു .വാഴക്കാല വില്ലേജിൽ സ്ഥലം നൽകിയെങ്കിലും സ്കെച്ഛ് തെയ്യാറാക്കാത്തതിനാൽ ഉടമകൾക്ക് അവരുടെ സ്ഥലം പോലും ഇന്നും തിരിച്ചറിയാൻ കഴിഞ്ഞട്ടില്ല .ഇതും വാസയോഗ്യമല്ലെന്നു പി .ഡബ്ല്യൂ .ഡി .തന്നെ സാക്ഷ്യപ്പെടുത്തി .

പുനരധിവാസ ഭൂമി വാസയോഗ്യമാകുന്നതുവരെ കൊടുക്കുമെന്ന് പറഞ്ഞ വാടക തുക 2013 മുതൽ കൊടുത്തിട്ടില്ല .കോതാട് ഭാഗത്തു സ്ഥലം ലഭിച്ചവർ വീട് വെക്കാൻ അപേക്ഷ നൽകിയപ്പോൾ അത് തീരദേശപരിപാലന നിയമപരിധിയിൽ പെടുന്നതാണെന്നു പറഞ്ഞു അധികാരികൾ അപേക്ഷ തള്ളുകയാണുണ്ടായത് .ഇങ്ങനെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചങ്ങല പൂട്ടിൽ ഇപ്പോഴും തളച്ചിട്ടിരിക്കുകയാണ് അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ.

ജീവിക്കാനുള്ള അവകാശവും ,മാന്യമായി ജീവിക്കാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുമ്പോൾ അതെല്ലാം നിഷേധിക്കപ്പെട്ട പാവങ്ങളാണിവർ . മരടിലെ ഫ്ലാറ്റുടമകൾക്കു 25 ലക്ഷം വാങ്ങിക്കൊടുക്കാൻ ഇവിടത്തെ രാഷ്ട്രീയക്കാർ കാണിച്ച താല്പര്യം എന്ത് കൊണ്ട് മൂലമ്പിള്ളിയിലെ പാവങ്ങൾക്ക് വേണ്ടി കാണിക്കുന്നില്ല. മൂലമ്പിള്ളിപദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മാന്യമായ ജീവിത സാഹചര്യം ലഭിക്കുന്നതുവരെ നമുക്ക് അവരെ ചേർത്തുപിടിക്കണം, കാരണം പിറന്ന മണ്ണിലെ അഭയാര്ഥികളാണവർ .(തുടരും)


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<