ഭൂമിയെ രക്ഷിച്ചാല്‍ സന്തോഷമായി ജീവിക്കാം!

“ഭൂമിയെ രക്ഷിക്കാനും സന്തോഷമായി ജീവിക്കാനും” – പാപ്പാ ഫ്രാന്‍സിസിന്‍റെ ഹരിതാക്ഷരങ്ങള്‍ – ദിയാന്‍ സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് പാപ്പാ കുറിച്ച ആമുഖത്തിലെ ചിന്തകള്‍ :

– ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പരിസ്ഥിതിയുടെ അടിയന്തിരാവസ്ഥ
പരിസ്ഥിതി സംക്ഷണത്തിന് ഇന്നൊരു അടിയന്തിരാവസ്ഥയുണ്ട്. അതിനാല്‍ മറ്റുള്ളവര്‍ക്കു മാതൃകയായിട്ടെങ്കിലും ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയില്‍ പാരിസ്ഥിതിക നന്മ ഉള്‍ക്കൊള്ളേണ്ടതാണ്. സൃഷ്ടിയുടെ സന്തുലിതാവസ്ഥയെ വിപരീതമായി ബാധിക്കുന്ന ഒരു ചെറിയകാര്യംപോലും ആരും അവഗണിക്കരുതെന്ന് ആമുഖത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു.

2. ഭൂമി എല്ലാവരുടെയും പാര്‍പ്പിടം
ചില രാജ്യങ്ങളില്‍ സാമ്പത്തികമായ നേട്ടങ്ങള്‍ക്കും വ്യവസായ വളര്‍ച്ചയ്ക്കുമായി ചെയ്യുന്ന കാര്യങ്ങള്‍ പരിസ്ഥിതിയുടെ സുസ്ഥിതിക്ക് ഘടകവിരുദ്ധമാകുന്നത് ഖേദകരമാണ്. ഇതിനെതിരെ നാം കണ്ണടയ്ക്കരുത്. പൊതുഭവനമായ ഭൂമി, എല്ലാവരുടെയും പാര്‍പ്പിടം എന്ന വലിയ യാഥാര്‍ത്ഥ്യത്തെ മറക്കാതെ, ഭാവി തലമുറയെ അവഗണിക്കുന്ന രീതിയില്‍ തല്ക്കാല നേട്ടങ്ങളില്‍ നാം മുഴുകിപ്പോകരുത്. അതിനാല്‍ പരസ്പര ബന്ധിയായ പ്രാപഞ്ചിക ചുറ്റുപാടില്‍ ദൈവം തന്ന ഭൂമിയെ പരിരക്ഷിക്കേണ്ട കടമ ഓരോരുത്തരിലും നിക്ഷിപ്തമാണ്. പാപ്പാ അനുസ്മരിപ്പിക്കുന്നു.

3. പരിസ്ഥിതി വിനാശവും കെടുതികളും
കാലാവസ്ഥ വ്യതിയാനം കാരണമാക്കുന്ന വിനാശങ്ങള്‍ ഇന്ന് ഭൂമിയില്‍ ആകമാനം നാം അനുദിനം അനുഭവിക്കുന്നുണ്ട്. സമുദ്രത്തിന്‍റെ താപനില ഏറെ വര്‍ദ്ധിച്ച അവസ്ഥയാണ്. ഫലമോ…? മഞ്ഞ് ഉരുകി ഒഴുകുന്നു, അന്തരീക്ഷത്തിലെ ജലാംശം വര്‍ദ്ധിക്കുന്നു, ചുഴലിക്കാറ്റും, വെള്ളപ്പൊക്കവും, മണ്ണൊലിപ്പും അടിക്കടി ഉണ്ടാകുന്നു. അങ്ങനെ ലക്ഷോപലക്ഷം ജനങ്ങളാണ് പാര്‍ക്കാന്‍ ഇണങ്ങുന്ന മറ്റൊരു ഇടതേടി കുടയേറുകയും, അഭയാര്‍ത്ഥികളായി ഇറങ്ങി പുറപ്പെടുകയും ക്യാമ്പുകളില്‍ കഴിയേണ്ടി വരികയും ചെയ്യുന്നത്.

4. ഭാവിയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട കരുതല്‍
ഭാവി തലമുറയെക്കുറിച്ച് കരുതലുള്ളവരാണു നാം എങ്കില്‍, തകര്‍ന്നൊരു ഭൂമി നമുക്കു അവര്‍ക്കായി നല്കാന്‍ നമുക്കാകുമോ? ജീര്‍ണ്ണാവസ്ഥയില്‍ എത്തിയൊരു ഭൂമുഖത്ത് ഭാവിതലമുറ എങ്ങിനെ പാര്‍ക്കും?!

5. ഭൂമിയെ സംരക്ഷിക്കേണ്ടവര്‍ നാം
പരിസ്ഥിതി വിനാശത്തിന്‍റെ പാത ഉപേക്ഷിച്ച്, ഭൂമിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്കും എനിക്കും ഇന്നു സാധിക്കണം. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ കൈകോര്‍ക്കാം…!
ഈ ആഹ്വാനത്തോടെയാണ് പാപ്പാ ആമുഖം ഉപസംഹരിച്ചത്.

6. തദ്ദേശ ജനതകള്‍ക്കായുള്ള സിനഡു സമ്മേളനം
ഭൂമിയെ സംരക്ഷിക്കാന്‍ പ്രത്യേകിച്ച് ആമസോണിയന്‍ മഴക്കാടുകളെയും അവിടത്തെ തദ്ദേശജനതകളെയും സംരക്ഷിക്കാനുള്ള വലിയ നീക്കമാണ് സഭ ഒരുക്കുന്ന തദ്ദേശ ജനതകള്‍ക്കായുള്ള ആമസോണിയന്‍ സിനഡ്. ഒക്ടോബര്‍ 6-ന് വത്തിക്കാനില്‍ ആരംഭിക്കുന്ന സിനഡ് 27-വരെ നീണ്ടുനില്ക്കും. സിനഡിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാം!


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<