വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്

 

‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്

 

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 2022 ആഗസ്റ്റ് 28ന് 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപൊലിത്തയായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റേയും സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായ ഫാ. ജെറോം പയ്യപ്പിള്ളി ഒസിഡിയുടെയും ദീര്‍ഘവീക്ഷണവും പാവങ്ങളോടുള്ള കരുതലുമാണ് 1962 ആഗസ്റ്റ് 28 ന് ഇഎസ്എസ്എസിന്റെ രൂപീകരണത്തിന് നിദാനമായത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാനാജാതി മതസ്ഥരായ മത്സ്യ തൊഴിലാളികളുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഇതര ജനവിഭാഗങ്ങളുടെയും സാമൂഹ്യ സംഘാടനം, ശാക്തീകരണം, അധികാരവികേന്ദ്രികരണം എന്നിവയിലൂടെ നീതിയിലധിഷ്ഠിതമായി ഒരു സാമൂഹ്യ നിര്‍മിതിയാണ് ഇ. എസ്.എസ്.എസ് ലൂടെ വിഭാവനം ചെയ്യപ്പെട്ടത്. ക്രാന്തദര്‍ശികളും കര്‍മനിരതരുമായ അഭിവന്ദ്യ പിതാക്കന്മരുടേയും ഡയറക്ടര്‍മാരുടെയും നേതൃത്വത്തിലും നിരവധിയായ സ്റ്റാഫ് അംഗങ്ങളുടെയും വില്ലേജ് ഓര്‍ഗനൈസര്‍മാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും പരിശ്രമത്താലും സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലാളി ക്ഷേമം, കുടുംബ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ വിവിധ മേഖലകളില്‍ അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇഎസ്എസ്എസിന് സാധിച്ചു.

 

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഇഎസ്എസ്എസ് വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി 25 വര്‍ഷം മുമ്പ് ആരംഭിച്ച മൈത്രി സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ അവരുടെ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും സാംസ്്കാരികപരവുമായ അഭിവൃദ്ധിക്ക്കൂടി കാരണമായി. പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇഎസ്എസ്എസ്‌ന്റെ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നു. നാളിതുവരെ 1500ല്‍ അധികം സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കുവാന്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്

 

തൊഴിലാളി ശാക്തീകരണം

തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളെയും വ്യവസായ മേഖലയിലെ ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് ഫാ. ജെറോം പയ്യപ്പിള്ളി ഇഎസ്എസ്എസിന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് അസംഘടിത മേഖലയിലെ തൊഴിലാളികളെ, പ്രത്യേകിച്ച് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഗാര്‍ഹിക തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ സമഗ്രമായ വികസനത്തിനും ശാക്തീകരണത്തിനും നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമായി ഇഎസ്എസ്എസ് മാറി. ഇപ്രകാരം 10000 ത്തില്‍ അധികം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഇ.എസ്.എസ്.എസ് ന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്. കെസിബിസിയുടെ നേതൃത്വത്തിലുള്ള കേരള ലേബര്‍ മൂവ്‌മെന്റുമായി (കെഎല്‍എം) ചേര്‍ന്നു കൊണ്ടാണ് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

 

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം

സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തികമായ ഉന്നമനവും സംരക്ഷണവുമാണ് ഈ പരിപാടി കൊണ്ട് ഇഎസ്എസ്എസ് അര്‍ഥമാക്കുന്നത്. ഇതിനായി സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുമായി സഹകരിച്ച് വളരെ അധികം പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന കുടുംബങ്ങളെ ആറ് വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലൂടെ നാളിതുവരെ 1000 ത്തിലധികം കുടുംബങ്ങളെ സാമ്പത്തികമായ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരുന്നതിന് ഇഎസ്എസ്എസിനു സാധിച്ചിട്ടുണ്ട്.

 

കുട്ടികളും യുവജനക്ഷേമവും

വളര്‍ന്നുവരുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികസനവും പാഠ്യ-പാഠ്യേതര മേഖലയിലുള്ള സമഗ്രമായ പുരോഗതിയും ഉറപ്പാക്കാന്‍ ആവശ്യമായ നിരവധി പദ്ധതികള്‍ ഇഎസ്എസ്എസ് നടപ്പിലാക്കുന്നുണ്ട്. കുട്ടിക്കൂട്ടങ്ങളുടെ രൂപീകരണം, നേതൃപരിശീലനം, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പുകള്‍, യുവജനങ്ങള്‍ക്കായുള്ള സ്വയംതൊഴില്‍ പരിശീലനങ്ങള്‍, കൗണ്‍സിലിംഗ് സര്‍വീസുകള്‍, ലൈഫ് സ്‌കില്‍ പരിശീലനങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്.

 

ആരോഗ്യ പരിപാലനം

ആരോഗ്യരംഗത്ത് വളരെയധികം പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തെ ഇന്നു നാം കാണുന്ന വിധം മെച്ചപ്പെട്ടഅവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ വരാപ്പുഴ അതിരൂപതയും എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഷെവലിയാര്‍ ഡോക്ടര്‍ ഹെന്‍ട്രി ആഞ്ഞിപ്പറമ്പില്‍, ഡോക്ടര്‍ റജീന ഹെന്‍ട്രി ദമ്പതികള്‍ നടത്തിയ സൗജന്യ സേവനങ്ങള്‍ തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കരുത്തുപകര്‍ന്നു. തീരദേശ മേഖലയില്‍ എറണാകുളം ലൂര്‍ദ് ഹോസ്പിറ്റല്‍, പെരുമ്പിള്ളി ക്രിസ്തുജയന്തി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ആര്‍ദ്രം ഹെല്‍ത്ത് ക്ലിനിക്കുകളും, മറ്റു വിവിധ ആശുപത്രികളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുന്ന നേത്ര പരിശോധന ക്യാമ്പുകളും മറ്റു മെഡിക്കല്‍ ക്യാമ്പുകളും, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയും, ഹൈബി ഈഡന്‍ എംപിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഡയാലിസിസ് ചലഞ്ചും ഇവയില്‍ ചിലതാണ്.

 

ദുരന്തനിവാരണവും അടിയന്തര സഹായവും

സവിശേഷമായ ഭൂപ്രകൃതി കൊണ്ടും വിസ്തൃതമായ തീരമേഖലയുടെ സാന്നിധ്യം കൊണ്ടും നിരന്തരമായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണ് ഇഎസ്എസ്എസിന്റെ പ്രവര്‍ത്തന മേഖല. അതിരൂപതയുടെ ബഹുഭൂരിപക്ഷം വരുന്ന തീരദേശ മേഖലയില്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഉള്ള കടല്‍ക്ഷോഭവും മഴക്കെടുതികളും സാധാരണമാണ്. 2004ലെ സുനാമി അതിരൂപതയുടെ ഒരു വിഭാഗത്തെ മാത്രം ബാധിച്ചു എങ്കില്‍ 2018ലെ പ്രളയവും കൊവിഡ് 19 ഉം നമ്മെ മുഴുവനായിത്തന്നെ ബാധിച്ചു എന്നു പറയാം. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടു കൂടെ ഇഎസ്എസ്എസ് വൈപ്പിന്‍ മേഖലയിലും കടമക്കുടി പഞ്ചായത്തിലും നടപ്പിലാക്കിയ ദുരന്തനിവാരണ പദ്ധതികള്‍ ദുരന്ത ലഘൂകരണത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സമൂഹത്തിനും ഉള്ള പ്രാധാന്യം മനസിലാക്കിക്കൊണ്ടുള്ളതാണ്. ഇതിലൂടെ വാര്‍ഡ്, പഞ്ചായത്ത് തല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കുന്നതിനും ദുരന്ത ജാഗ്രത സമിതികളെ രൂപീകരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഡിസാസ്റ്റര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും ഇഎസ്എസ്എസിന് സാധിച്ചിട്ടുണ്ട്.

നൈപുണ്യ വികസനം – സംരംഭകത്വ പ്രോത്സാഹനം
സാധാരണക്കാരായ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനങ്ങള്‍ ലഭ്യമാക്കി അവരെ കുറഞ്ഞ പലിശ നിരക്കില്‍ ഉള്ള വായ്പകള്‍ ലഭ്യമാക്കി സംരംഭകത്വത്തിലേക്കും തൊഴില്‍ മേഖലയിലുള്ള പങ്കാളിത്തത്തിലേക്കും അതുവഴി സാമ്പത്തികമായ അഭിവൃദ്ധിയിലേക്കും കൈപിടിച്ചു നടത്തുന്നതിന് നിരവധിയായ പദ്ധതികള്‍ ഇഎസ്എസ്എസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. നൈപുണ്യ വികസനത്തിനുവേണ്ടി ആരംഭിച്ച ഇഎസ്എസ്എസ് സെന്റര്‍ഫോര്‍ ലേര്‍ണിങ് വഴി നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്വയംതൊഴില്‍ പരിശീലന പരിപാടികള്‍ ഇത്തരത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ 600 സ്ത്രീ സംരംഭകരെ വാര്‍ത്തെടുക്കുന്ന സംരംഭക പദ്ധതി ഈ ജൂബിലി വര്‍ഷത്തില്‍ ആരംഭം കുറിക്കുന്നു എന്നുള്ളത് ഏറെ അഭിമാനകരമാണ്.

 

സാമ്പത്തിക ഉള്‍ചേര്‍ക്കല്‍

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ആളുകളെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് 1991 ല്‍ ഇഎസ്എസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മൈത്രി ലഘു സമ്പാദ്യ പദ്ധതി. ഇന്നത് ഇഎസ്എസ് മൈത്രി നിധി ലിമിറ്റഡ് എന്ന സ്വതന്ത്ര സ്ഥാപനമായി വളര്‍ന്ന് 10,000ത്തിലധികം കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായി എന്നുള്ളത് ഏറെ അഭിമാനകരമാണ്.

 

പരിസ്ഥിതി സംരക്ഷണം

അധിവസിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. എന്നാല്‍ പലപ്പോഴും വികസനത്തിന്റെ വഴിയെ പോകുമ്പോള്‍ ഉത്തരവാദിത്വത്തില്‍നിന്ന് നാം പിന്നോട്ട് പോകാറുണ്ട്. അതുകൊണ്ടുതന്നെപരിസ്ഥിതിയുടെ സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ കരുതലോടെയുള്ള ഉപയോഗവും നാളെയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം നമ്മുടെ സമൂഹത്തില്‍ വളര്‍ത്തുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ കാലാകാലങ്ങളില്‍ നടപ്പിലാക്കി വരുന്നു. ജൈവകൃഷി, അടുക്കളത്തോട്ടം, സാമൂഹിക വനവല്‍ക്കരണം, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

 

ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം

ഭിന്നശേഷിക്കാര്‍, വിധവകള്‍, ഏകസ്ഥര്‍, വയോജനങ്ങള്‍ എന്നിവരുടെ ശാക്തീകരണവും സാമൂഹ്യ ക്ഷേമവും ആണ് ഇഎസ്എസ്എസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇവര്‍ക്കായുള്ള സ്വയം സഹായ സംഘങ്ങള്‍, തൊഴില്‍ പരിശീലനങ്ങള്‍, മാനസിക പിന്തുണ, കൗണ്‍സിലിംഗ് സര്‍വീസുകള്‍ എന്നിവ വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കുന്നു. വയോജനങ്ങള്‍ക്കായുള്ള നൂറിലധികം സായംപ്രഭ ഗ്രൂപ്പുകള്‍ ഇഎസ്എസ്എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2000ല്‍ അധികം ഭിന്നശേഷിക്കാര്‍ക്കും, 1800 ഓളം വിധവകള്‍ക്കും 1000 ത്തോളം ഏകസ്ഥര്‍ക്കും കരുത്ത് പകരുവാന്‍ ഇഎസ്എസ്എസിന് സാധിച്ചു എന്നുള്ളത് ഏറെ അഭിമാനകരമാണ്.

 

ഇന്‍ഷുറന്‍സ് – ക്ഷേമ പദ്ധതികള്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി ചേര്‍ന്നാണ് ഇഎസ്എസ്. എസ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതുകൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമനിധി ബോര്‍ഡുകളുമായി ചേര്‍ന്നുകൊണ്ട് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷനും അനുബന്ധ ആനുകൂല്യങ്ങളും വാങ്ങിച്ചു നല്‍കുന്നതില്‍ സൊസൈറ്റി അതീവ ജാഗ്രത പുലര്‍ത്തുന്നു.

 

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം

ഇഎസ്എസ്എസിന്റെ ആരംഭ കാലം മുതലേ ഏറെ പ്രാധാന്യം കൊടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് അടിസ്ഥാന സൗകര്യ വികസനം. ഇതിലൂടെ 5000 ല്‍ അധികം ഭവനരഹിതരായവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും, വീടുകള്‍ വാസയോഗ്യമാക്കുന്നതിനും, പരിസ്ഥിതി സൗഹൃദ ടോയ്ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. 2018 പ്രളയത്തിനുശേഷം വിവിധ ഏജന്‍സികളുടെയും ഇടവകളുടെയും വ്യക്തികളുടെയും സഹായത്തോടെ 120 കുടുംബങ്ങളെ പുതിയ വീട് നിര്‍മ്മിച്ചു നല്‍കി പുനരധവസിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളത് എടുത്ത് പറയേണ്ടതാണ്. അഭിവന്ദ്യ ജോസഫ് കളത്തി പറമ്പില്‍ പിതാവ് ആരംഭിച്ച ആര്‍ച്ച് ബിഷപ്പ് സ്‌നേഹ ഭവനം പദ്ധതിയിലൂടെ ഇന്നും ആ കരുതല്‍ ഇഎസ്എസ്എസ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

 

നിയമ സഹായം

അവകാശ അധിഷ്ഠിതമായ ഒരു സമൂഹ നിര്‍മ്മിതിക്ക് നിയമ സാക്ഷരതയും നിയമസഹായവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇഎസ്എസ്എസ് നടത്തുന്ന നിയമ പരിശീലനങ്ങളും, സെമിനാറുകളും ഇതിനൊത്തിരിയേറെ സഹായിക്കുന്നു. കേരള ഹൈക്കോടതി അംഗീകാരത്തോടെ ഇ എസ്എസ്എസില്‍ ഒരു കമ്മ്യൂണിറ്റി മീഡിയേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് ഇത്തരത്തില്‍ എടുത്തു പറയേണ്ടതാണ്.
സാമൂഹ്യ സേവന പ്രവര്‍ത്തനത്തില്‍ 60വര്‍ഷങ്ങള്‍ പിന്നിടുക എന്നുള്ളത് ഒരു വലിയ നേട്ടമാണ്. അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുവാനും പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുംസേവനങ്ങള്‍ കൂടുതല്‍ കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും വ്യാപിപ്പിക്കുന്നതിനും സ്വയം നവീകരിക്കപ്പെടുവാനും നമുക്ക് സാധിക്കണം. നന്മയുടെ സമൃദ്ധമായ വിത്തുകള്‍ അത് ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാനുള്ള ദൈവത്തിന്റെ ഉപകരണമായി എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കും വരാപ്പുഴ അതിരൂപതയ്ക്കും മാറുവാന്‍ സാധിക്കട്ടെ. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനമാകട്ടെ ഈ വജ്ര ജൂബിലി ആഘോഷം.

 

 

 


Related Articles

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ സന്ദർശിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ  സന്ദർശിച്ചു. കൊച്ചി : ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ്  ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത

Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ

കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ എല്ലാവരുടെയും  സുരക്ഷയെ മുൻനിർത്തി നൽകുന്ന  മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ  ഒരു അറിയിപ്പ്

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്   കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<