വിഴിഞ്ഞം തീരസംരക്ഷണ സമരം, മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് ആരംഭിക്കും

വിഴിഞ്ഞം തീരസംരക്ഷണ സമരം,

മൂലമ്പിള്ളി മുതൽ

വിഴിഞ്ഞം വരെ ജനബോധന യാത്ര

ഇന്ന് (സെപ്റ്റംബർ 14) ആരംഭിക്കും

 

കൊച്ചി : അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേർന്നുകൊണ്ട് കെആർഎൽസിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ജനബോധന യാത്ര സെപ്റ്റംബർ 14, ബുധൻ ഉച്ചതിരിഞ്ഞ് 3.00ന് ആരംഭിക്കും. വികലമായ വികസനത്തിന്റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികൾ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യൂ കല്ലിങ്കൽ യാത്രയ്ക്ക് നേതൃത്വം നല്കുന്ന ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ് എന്നിവർക്ക് നല്കി തുടക്കം കുറിക്കും. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രസംഗിക്കും.

തുടർന്ന് നഗരത്തിലെത്തുന്ന യാത്രയെ മദർ തെരേസ ചത്വരത്തിൽ സ്വീകരിക്കും. വൈകിട്ട് 4:00 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. കോട്ടപ്പുറം രൂപതാ മെത്രാൻ അഭിവന്ദ്യ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5:00 ന് രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എം. പി. ഫൈസൽ അസ്ഹരി, അഡ്വ. തമ്പാൻ തോമസ്, അഡ്വ. എൻ ഡി പ്രേമചന്ദ്രൻ, ഡോ. കെ എം ഫ്രാൻസിസ്, ചാൾസ് ജോർജ്, തുടങ്ങിയവർ പ്രസംഗിക്കും.

വിനാശകരവും അതിഭയാനകവുമായ തീരശോഷണവും ആണ് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് തീരദേശ കുടുംബങ്ങൾ ഇന്ന് ഭൂരഹിതരും ഭവനരഹിതരും ആയിരിക്കുന്നു. വിഖ്യാതമായ ശംഖുമുഖം കടൽത്തീരവും അന്താരാഷ്ട്ര പ്രശസ്തി ആർജ്ജിച്ച കോവളം കടൽത്തീരവും ഇന്ന് നാശോന്മുഖമായിരിക്കുന്നു. 2015 വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചതിനുശേഷം ആണ്  തീരശോഷണം അതിരൂക്ഷമാവുന്നത്. കേരളത്തിന്റെ മറ്റു
പ്രദേശങ്ങളിലും തീരശോഷണം ഗുരുതരമായ വിധം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനത്ത് ഭാഗികമായി തീരസംരക്ഷണത്തിന് നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.
ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളിൽ തീരശോഷണം അതിരൂക്ഷമാണ്.

നിരവധി വർഷങ്ങളായി സർക്കാരിന്റെ പ്രശ്നപരിഹാരത്തിനായി നിരന്തരം സമീപിച്ചുവെങ്കിലും സർക്കാർ നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിലനില്പിനായുള്ള ഈ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളും സർക്കാരിന്റെ നിഷേധാത്മക നിലപാടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ജനബോധന യാത്രയുടെ ലക്ഷ്യം. വികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ ശരിയായ വിധം പുനരധിവസിപ്പിക്കുന്നതിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മൂലംമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഇന്നും പുനരധിവസിക്കപ്പെട്ടിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്. ഈ സാഹചര്യങ്ങളെ കേരളത്തിന്റെ ശ്രദ്ധയിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരികയാണ് ജനബോധന യാത്രയുടെ ലക്ഷ്യം, സെപ്റ്റംബർ 15ന് കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുന്ന യാത്ര പള്ളുരുത്തിയിൽ നിന്ന് തോപ്പുംപടി ബിഒടി ജംഷനിലേക്ക് നടത്തുന്ന പദയാത്രയോടെ സമാപിക്കും.

സെപ്റ്റംബർ 16-ന് മൂന്നാം ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത് ആലപ്പുഴ രൂപതയാണ്. രാവിലെ ചെല്ലാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴ ടൗണിൽ എത്തിച്ചേരും. തുടർന്ന് കത്തീഡ്രൽ ക്യാമ്പസിൽ നിന്നും പദയാത്രയായി പുന്നപ്രയിൽ എത്തിച്ചേർന്ന് പൊതുസമ്മേളനം നടത്തും. സെപ്റ്റംബർ 17ന് ശനിയാഴ്ച കൊല്ലം രൂപതയാണ് ജനബോധന യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഹരിപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലത്ത് ചിന്നക്കടയിൽ പൊതുയോഗത്തോടെ സമാപിക്കും.

സെപ്റ്റംബർ 18 ഞായറാഴ്ച തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജനബോധന യാത്രയ്ക്ക് നേതൃത്വം നൽകുന്നത് തിരുവനന്തപുരം അതിരൂപതയാണ്. വിഴിഞ്ഞം ഫിഷിങ് ഹാർബറിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ച് സരവേദിക്ക് മുൻപിൽ പൊതുയോഗത്തോടെ സമാപിക്കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമരസമിതി ജനറൽ കൺവീനർ മോൺ. യുജിൻ എച്ച് പെരേര മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും ബഹുജന സംഘടനകളിൽ നിന്നും പ്രതിനിധികൾ ജാഥയിൽ പങ്കുചേരും.

വിനാശകരവും ഭയാനകവുമായ നീരശോഷണം ഫലപ്രദമായി പ്രതിരോധിക്കണമെന്നും തീരശോഷണത്തിന്റെ പ്രധാന കാരണമായ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും കഴിഞ്ഞ 50 ല ദിവസങ്ങളിലായി പ്രക്ഷോഭം നടത്തുന്നത്. തിരശോഷണത്തിന്റെ ഫലമായി ഭൂമിയും ഭവനവും നഷ്ടപ്പെട്ട് മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ ന്യായമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇവയുൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് പ്രക്ഷോഭത്തിൽ ആവശ്യങ്ങളായി ഉയർന്നു ഉയർത്തിയിട്ടുള്ളത്. ചില ആവശ്യങ്ങളിൽ അവ്യക്തമായ ചില ധാരണകൾ ഉണ്ടായെങ്കിലും കാതലായ ചില പ്രശ്നങ്ങളിൽ സർക്കാരിന്റെ നിലപാട് നിഷേധാന്മകമാണ്. കേരളത്തിന്റെ സാമ്പത്തിക – പാരിസ്ഥിതിക ഘടനയിൽ ദൂരവ്യാപകവും അതീവ ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ് വിഴിഞ്ഞം തുറമുഖമെന്ന് പകൽ പോലെ വ്യക്തമാണ്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നതുവരെ തുറമുഖ നിർമാണം നിർത്തി വയ്ക്കണം.

കേരളത്തിന്റെ സൈന്യം എന്ന വിശേഷിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ഒരു ബഹുജന പ്രക്ഷോഭമായി വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ജനബോധന യാത്ര നടക്കുന്നത്. ഈ ജീവൻ മരണ പോരാട്ടത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.


Related Articles

ഡിഡാക്കെ 2023 അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ  2023:  അതിരൂപതമതാധ്യാപകസംഗമം. കൊച്ചി. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2023 മെയ് 28 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി : നമ്മുടെ ഹൃദയങ്ങള്‍ക്ക് പുതുചൈതന്യവും സന്തോഷവും പകര്‍ന്നുക്കൊണ്ട്  ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ആഗതമായിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍

വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )

വല്ലാർപാടം മരിയൻ  തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )   വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ –

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<