അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ

by admin | November 5, 2021 5:29 am

അപകട സൂചന

മുഴക്കിക്കൊണ്ട്

ലോക നേതാക്കൾ

ഗ്ലാസ്ഗോയിൽ

 

വത്തിക്കാ൯ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൽഘാടനം ചെയ്തു.

ഒത്തിരി കാത്തിരുന്ന സമ്മേളനം ഗ്ലാസ്ഗോയിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മനുഷ്യരാശി സമയം നഷ്ടമാക്കിയെന്നും അർദ്ധരാത്രിക്ക് ഇനി ഒരു മിനിറ്റ് മാത്രമാണുള്ളതെന്നും ബോറിസ് ജോൺസൺ മുന്നറിയിപ്പു നൽകി.

നമ്മുടെ ഗ്രഹത്തിന്റെ താപനിലയുടെ വർദ്ധനവ് ഉയർത്തുന്ന വിനാശകരമായ ഫലങ്ങൾ ഒഴിവാക്കാൻ ഏറ്റം നിർണ്ണായകമാണെന്ന് പരക്കെ കരുതപ്പെടുന്ന നാഴികകല്ലാകേണ്ടതാണ് ഈ സമ്മേളനം. സമ്മേളനത്തിൽ ഉയർന്ന ഈ മുന്നറിയിപ്പിനു മുന്നിൽ ഗ്രഹത്തിന്റെ താപനം പരിമിതപ്പെടുത്താൻ സഹായിക്കുന്ന കരാർ നേടിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വരും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
നവംബർ 12 വരെ നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിലെ ഏതാണ്ട് 200 രാജ്യങ്ങളിൽ നിന്ന് 120 ലോകനേതാക്കളും 25, 000 പ്രതിനിധികളും ഗ്ലാസ്ഗോയിൽ എത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ ലക്ഷ്യം 2050 ഓടെ പൂർണ്ണമായി സീറോ കാർബൺ പുറന്തള്ളലിലേക്ക് നീങ്ങാനുള്ള യഥാർത്ഥ പുരോഗതി കൈവരിക്കാനും ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിറുത്തുകയും ചെയ്യുക എന്നതാണ്. ഇതാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റം വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ആവശ്യമായ അളവ്. അനിയന്ത്രിതമായ താപനില ഭൂമിയിലെ ഭൂരിഭാഗം മഞ്ഞുരുക്കുകയും സമുദ്രനിരപ്പ് ഉയർത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവ വികാസങ്ങൾക്കിടയാവുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

Cop 26 ന് മുന്നേ ഫ്രാൻസിസ് പാപ്പാ അതിന്റെ പ്രതിനിധികളോടു ആഗോള താപനത്തെ നേരിടാൻ ആദ്യമായ നടപടികൾ കൈക്കൊള്ളാൻ നിരവധി അഭ്യർത്ഥനകൾ നടത്തിയിരുന്നു. ഈ ഞായറാഴ്ച നടത്തിയ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ ഗ്ലാസ്ഗോയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നവരോടു “ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ രോദനവും” ശ്രവിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മേളനം കാര്യക്ഷമമായ പ്രതികരണങ്ങൾ കൊണ്ടുവരട്ടെയെന്നും ഭാവിതലമുറകൾക്ക് ഉറച്ച പ്രതീക്ഷ നൽകട്ടെയെന്നും താൻ പ്രാർത്ഥിക്കുന്നതായും പാപ്പാ അറിയിച്ചു.
മദ്ധ്യാഹ്ന പ്രാർത്ഥനയിലെ പാപ്പായുടെ അഭ്യർത്ഥന കഴിഞ്ഞ വെള്ളിയാഴ്ച BBC യിലൂടെ ലോകനേതാക്കളോടു നടത്തിയ മുന്നറിയിപ്പുകളുടെ ഒരു പ്രതിധ്വനിയായിരുന്നു. അതിൽ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാൻ സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും നിലവിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് “ഫലപ്രദമായ പ്രതികരണങ്ങൾ” നൽകുന്ന “സമൂലമായ തീരുമാനങ്ങൾ ” എടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Cop 26നായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്നത് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനാണ്. ഗ്ലാസ്ഗോയിലേക്ക് പുറപ്പെടും മുമ്പ് നൽകിയ ഒരഭിമുഖത്തിൽ കർദ്ദിനാൾ ബഹുമുഖത്വത്തിന്റെയും പ്രവർത്തനത്തിന്റെയും കേന്ദ്രസ്ഥാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ലോകനേതാക്കളുടെ രണ്ടു ദിവസത്തെ പ്രഭാഷണങ്ങൾക്ക് ശേഷം സങ്കേതിക ചർച്ചകളാണ് നടക്കുക. കോൺഫറൻസിന് ആതിഥേയത്വമരുളുന്ന ബ്രിട്ടൻ ഇത് ഒരു നിർണ്ണായക നിമിഷമായാണ് കണക്കാക്കുന്നത്. കാർബൺ പുറന്തള്ളൽ എത്ര ദൂരം എത്ര വേഗത്തിൽ കുറക്കണം എന്നതിനെക്കുറിച്ചുള്ള ലോകശക്തികൾക്കിടയിലെ ഭിന്നതകൾ പരിഗണിക്കുമ്പോൾ സമ്മേളനത്തിന്റെ വെല്ലുവിളികൾ ഭയാനകമാണ്.

Share this:

Source URL: https://keralavani.com/%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/