കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ
വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വ്വതത്തിന് സമീപമുള്ള തീരപ്രദേശത്തുള്ള ചെറു ദ്വീപ് സമൂഹമായ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിനടിത്തട്ടില്‍ 80 സെന്റീമീറ്ററുള്ള ഒരു അടിത്തറയിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ “അഗാധതയിലെ അത്ഭുതം” എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര സൃഷ്ടി മിമ്മോ നോര്‍ഷ്യ എന്ന ശില്‍പ്പിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘ഫ്രാൻസെസ്കോ ഫോർജിയോൺ’ എന്ന ഫേസ്ബുക്ക് പേജില്‍ അടുത്ത നാളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മറ്റ് നവമാധ്യമങ്ങളിലെ പേജുകളും ഏറ്റെടുത്തതോടെയാണ് ചിത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തരംഗമായി മാറിയിരിക്കുന്നത്.
പ്രതിമയുടെ വലുപ്പത്തിനും, മനോഹാരിതക്കും പുറമേ, കടലിനടിയില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്യവും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വിശുദ്ധന്റെ എളിമയേയും, ലാളിത്യത്തേയും അനുസ്മരിപ്പിക്കും വിധമുള്ള കുരിശുമാലയും ധരിച്ച്, ആത്മീയതയുടെ അടിസ്ഥാനമായ വിശുദ്ധി, സമാധാനം, സ്നേഹം, കാരുണ്യം എന്നിവയുടെ സ്ഫുരണമെന്നോണം ഏകാന്തതയില്‍ ധ്യാനാത്മകമായി കൈകള്‍ വിരിച്ചു നില്‍ക്കുന്ന വിധത്തിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്.
കടപ്പാട്: പ്രവാചകശബ്ദം