സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ് ചിങ്ങംതറ നിര്യാതനായി
സംഗീതത്തിലൂടെ അനേകരെ
ദൈവസന്നിധിയിലേക്ക്
അടുപ്പിച്ച വരാപ്പുഴ അതിരൂപത
വൈദികനായ ഫാ.
അലക്സ് ചിങ്ങന്തറ നിര്യാതനായി
കൊച്ചി : വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ് ചിങ്ങന്തറ നിര്യാതനായി.
1957 ഫെബ്രുവരി 14 ന് കൂനമ്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ചു. 1985 ഡിസംബർ 16 ന് ആർച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
കോട്ടുവള്ളി, വെറ്റിലപ്പാറ, വാടേൽ, കുരിശിങ്കൽ എന്നീ ദേവാലയങ്ങളിൽ സഹ വികാരിയായും പുതുവൈപ്പ്, പനങ്ങാട്, പൊന്നാരിമംഗലം, കോതാട്, എന്നീ ഇടവകകളിൽ വികാരിയായും, എറണാകുളം മൈനർ സെമിനാരി ഡയറക്ടർ, വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി, സെന്റ്. ആൽബർട്സ് ഹൈസ്കൂൾ ലോക്കൽ മാനേജർ, ആവില ഭവൻ അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു. തുടർന്ന് ആവിലാഭവനിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
ദൈവത്തെ സ്നേഹിക്കാനും മനുഷ്യനെ സഹായിക്കാനുമായി മാറ്റിവെച്ച അദ്ദേഹത്തിന്റെ വൈദിക ജീവിതത്തിൽ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഏതാണ്ട് അവസാന കാലഘട്ടം വരെ അദ്ദേഹം ഒരു സംഗീത വിദ്യാർത്ഥി ആയിരുന്നു. മ്യൂസിക് ആൽബം അദ്ദേഹം ഇറക്കിയിട്ടുണ്ട്. അതിന്റെ ഗാന രചന നിർവഹിച്ചതും അദ്ദേഹം തന്നെയാണ്. അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു.
ഇന്ന് (2021 നവംബർ 4) രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.
അദ്ദേഹത്തിന്റെ ഭൗതികശരീരം നാളെ (നവംബർ 5) രാവിലെ 6 am മുതൽ 8 am വരെ അദ്ദേഹത്തിന്റെ സഹോദരന്റെ വസതിയിലും ( പാനായിക്കുളം ജംഗ്ഷനിൽ നിന്ന് ആലുവയ്ക്ക് പോകുന്ന വഴിയിൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ),
രാവിലെ 8 30 മുതൽ 10.30 വരെ കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് പള്ളിയിലും പൊതുദർശനത്തിന് വെക്കുന്നതാണ്. തുടർന്ന് 10.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിൽ മൃതസംസ്കാര ദിവ്യബലി അർപ്പിക്കപ്പെടുന്നു.
മൃതസംസ്കാര കർമ്മത്തിന്റെ തൽസമയ സംപ്രേഷണം കേരളവാണി യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.
അലക്സ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.