ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി

by admin | October 1, 2020 9:36 am

ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി

Episode 1

ജനനം, ബാല്യം, വിദ്യാഭ്യാസം

വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത, ദിവംഗതനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് 1894 ജൂൺ 25 ആം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ അട്ടിപ്പേറ്റി തറവാട്ടിൽ പറമ്പേലിവീട്ടിൽ മാത്യുവിന്റെയും റോസയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു.

പിതാവ് മാത്യു അട്ടിപ്പേറ്റി ഒരു വൈദികവിദ്യാർത്ഥിയായിരുന്നു. എന്നാൽ, അദ്ദേഹം പിന്നീട് തന്റെ ദൈവവിളി വൈദികാന്തസ്സിലേക്കല്ല എന്നു മനസ്സിലാക്കി ഗാർഹികാന്തസ് സ്വീകരിച്ചു. കൊച്ചുജ്യൂസെ എന്നതായിരുന്നു ജോസഫ് അട്ടിപ്പേറ്റിയുടെ ഓമനപ്പേര്.

 ജോസഫ് തന്റെ പ്രാഥമിക വിദ്യാഭ്യാസം ഓച്ചന്തുരുത്ത് സ്കൂൾമുറ്റത്ത് സെന്റ് മേരീസ് സ്കൂളിൽ നടത്തി. തുടർന്നുള്ള വിദ്യാഭ്യാസം എറണാകുളത്തെ സെന്റ് ആൽബർട്ട്‌സ് ഹൈസ്കൂളിലായിരുന്നു. നമ്മുടെ കുട്ടികൾ ഉപരിപഠനം നടത്തുന്നത് പ്രൊട്ടസ്റ്റന്റുകാരുടെ കോളേജുകളിലാകുമ്പോൾ അകത്തോലിക്കാ ആശയങ്ങൾ തലയിൽക്കയറമെന്നു ഭയന്ന് മിഷനറിമാർ, കുട്ടികൾ കത്തോലിക്കാ കലാലയങ്ങളിൽ മാത്രമേ ഉന്നതവിദ്യാഭ്യാസം നടത്താവൂ എന്ന് ശഠിച്ചിരുന്നു. തന്മൂലം പലരും സംസ്ഥാനത്തിനു പുറത്തുള്ള കത്തോലിക്കാ കോളേജുകളെ ശരണം പ്രാപിച്ചിരുന്നു.

അങ്ങനെ ജെസ്യൂട്ട് വൈദികരുടെ അധികാരപരിധിയിൽ ബിരുദപഠനം നടത്തുവാനായി തൃശ്ശിനാപ്പിള്ളിയിലെ സെന്റ് ജോസഫ്സ് കോളേജിൽ ചേർന്നു പഠിച്ചു.  ആ കലാലയത്തിലെ ഈശോസഭാ വൈദികരുമായുണ്ടായ സഹവാസവും ദീർഘകാലപരിചയവും ജോസഫ് അട്ടിപ്പേറ്റിയുടെ ഭാവിജീവിതത്തിന്റെ രൂപീകരണത്തിന് അത്യന്തം സഹായകരമായിരുന്നു.

മനസ്സുറ്റു പാഠങ്ങൾ പഠിക്കുന്ന ഒരുത്തമ വിദ്യാർത്ഥി, ദുർവ്യയത്തിന്  ലവലേശം സമയം കിട്ടാത്ത കൃത്യനിഷ്ഠാനിരതൻ, സൽകാരൃനിർവഹണത്തിന് എവിടെയും ഓടിയെത്തുന്ന സൽസ്വഭാവസമ്പന്നൻ, കളിയിലും കാര്യത്തിലും നിലവിടാതെ പങ്കെടുക്കുന്ന വിവേകിയുമായിരുന്ന ജോസഫ് അട്ടിപ്പേറ്റി കോളേജിലെ മാതൃകാ വിദ്യാർത്ഥിയും വിദ്യാർത്ഥിസദനത്തിന്റെ മോണിറ്ററും കോളേജ് ബാന്റ് ട്രൂപ്പിലെ ഒരു പ്രമുഖാംഗവും, കോളേജ്  വിദ്യാർത്ഥികൾക്കെല്ലാം സമ്മതനായ ഒരു നേതാവുമായിരുന്നു. കോളേജ് പഠനത്തിനിടെ 1908 -ൽ ജോസഫ് അട്ടിപ്പേറ്റിയുടെ അമ്മ റോസ് മരിച്ചു. ആ അഘാതം പരിശുദ്ധ മറിയത്തോടുള്ള ഭക്തി വളർത്തി.

തിരഞ്ഞെടുപ്പും പ്രതിസന്ധികളും
തുടരും…
Composed by Rev. Fr. Koshy Mathew

Reference: 

Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
The Most Rev. Dr. Joseph Attipetty, Archbishop Attipettyude Prasangangal (Ernakulam: Nirmala Press,
1964).

Share this:

Source URL: https://keralavani.com/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a6%e0%b4%be%e0%b4%b8%e0%b4%a8%e0%b4%be%e0%b4%af-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%86%e0%b5%bc%e0%b4%9a%e0%b5%8d/