ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം

by admin | April 11, 2021 7:08 am

ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം

വത്തിക്കാൻ : ദൈവിക കാരുണ്യത്തിന്‍റെ ഞായറെന്നും വിളിക്കുന്ന
പെസഹാക്കാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ :-

 

ദൈവിക കാരുണ്യത്തിന്‍റെ ഞായർ – വചനചിന്തകൾ


1. ആമുഖം

ഈസ്റ്റർകാലത്തെ രണ്ടാം ഞായറായ്ച ഇന്ന് നാം തിരുസഭയോടൊപ്പം ചേർന്ന് ദൈവ കരുണയുടെ തിരുനാൾ ആഘോഷിക്കുകയാണ്.  ദൈവകരുണയുടെ സ്രോതസ്സായ യേശു അപ്പോസ്തലന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും, തോമസ് അപ്പോസ്തലൻ ആദ്യം സംശയിച്ചെങ്കിലും പിന്നീട് യേശുവിൽ ആഴമേറിയ വിശ്വാസം പ്രഖ്യാപിക്കുന്നതും ഇന്നത്തെ സുവിശേഷം വിവരിക്കുന്നു. ആദിമ ക്രൈസ്തവസഭ ഒരു ഹൃദയവും, ഒരാത്മാവുമായി കൂട്ടായ്മയിൽ ജീവിക്കുന്നതും നാം ഇന്നത്തെ ഒന്നാം വായനയിൽ ശ്രവിക്കുന്നു. കൊറോണാ മഹാമാരിയുടെ ഭീതിയിലായിരിക്കുന്ന നമുക്ക് ആഴമായ വിശ്വാസത്തോടെ ഉത്ഥിതനായ ക്രിസ്തുനാഥനോട് നമ്മുടെമേലും ലോകം മുഴുവന്‍റെമേലും കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിക്കാം.

2. ഉത്ഥിതൻ നൽകുന്ന സമാധാനം

ഉത്ഥാനത്തിനുശേഷം ശിഷ്യന്മാർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന യേശു അവർക്ക് സമാധാനം ആശംസിക്കുകയാണ്. ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ഓരോ ദിവ്യബലിയിലും ഈ സമാധാനം നാം സ്വീകരിക്കാറുണ്ട്, പരസ്പരം നൽകാറുമുണ്ട് കാരണം യേശുവിനറിയാം അന്നും ഇന്നും നമുക്കാവശ്യം ക്രിസ്തു നൽകുന്ന സമാധാനമാണെന്ന്. 

3. തോമസ് എന്ന പ്രതിനിധി

യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റോ? എന്ന് സംശയിക്കുന്നവരുടെ പ്രതിനിധിയായി തോമസ് അപ്പസ്തോലൻ ഇന്നത്തെ സുവിശേഷത്തിൽ നിറഞ്ഞ് നിൽക്കുന്നു. വി. യോഹന്നാന്‍റെ സുവിശേഷത്തിൽ തോമസ് അപ്പസ്തോലന് സവിശേഷമായ സ്ഥാനമാണുള്ളത്. ഒരവസരത്തിൽ “നമുക്കും അവനോടൊപ്പം പോയി മരിക്കാം” എന്ന് പറഞ്ഞുകൊണ്ട് അവൻ തന്‍റെ ധീരത പ്രകടിപ്പിക്കുന്നുണ്ട് തോമസ് അപ്പോസ്തലൻ (യോഹ 11:16). മറ്റൊരവസരത്തിൽ “കർത്താവേ നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങൾ എങ്ങനെയറിയും? (യോഹ 14:5) എന്ന് പറഞ്ഞുകൊണ്ട് യേശുവിനെ പിൻതുടരുന്നത് എങ്ങനെയെന്ന് ആത്മാർത്ഥമായി ചോദിക്കുന്നു.  സ്വന്തം ധീരതയിൽ ആശ്രയിച്ച് ശാന്തി തേടിയലയുന്നവർക്ക് നഷ്ടമാകുന്ന നന്മയാണ് ഭവനത്തിനുള്ളിലെ ദൈവികാനുഭവങ്ങൾ. അവർ തോമസിനെ പോലെ പുറത്ത് ഉത്ഥിതനെ അന്വേഷിച്ചു നടക്കുകയാണ്. പക്ഷേ ഉത്ഥിതൻ സ്വയം വെളിപ്പെടുത്തുന്നതോ ഭവനത്തിനകത്തും. ഭവനം പ്രതീകാത്മകമാണ്. അതിനെ വേണമെങ്കിൽ സഭയെന്നു വിളിക്കാം, നിന്‍റെ ഹൃദയമെന്നും വിളിക്കാം. ക്രിസ്തുവിനെ തേടി പുറത്ത് അധികം അലയേണ്ട കാര്യമില്ല. ഒന്ന് ഉള്ളിലേക്കു പ്രവേശിച്ചാൽ മതി, അവിടെ നിനക്കായി മാത്രം അവൻ ദർശനം നൽകും. 

4. ഉത്ഥിതനെ അന്വേഷിച്ച തോമസ് 

ക്രൂശിതനായ യേശുവിന്‍റെ ആണിപ്പഴുതുകളേയും, പാർശ്വത്തേയും ഉത്ഥിതനായ യേശുവിൽ കാണുവാൻ ആഗ്രഹിക്കുന്ന തോമസ് അപ്പോസ്തലൻ തങ്ങൾ അനുഗമിച്ച യേശു തന്നെയാണ് ഉത്ഥാനം ചെയ്തതെന്ന് ഉറപ്പുവരുത്തുന്നു. പലപ്പോഴും സംശയത്തെ വിശ്വാസത്തിന്‍റെ ശത്രുവായി കാണുന്നുണ്ടെങ്കിലും സംശയം വിശ്വാസത്തിന്‍റെ മുന്നോടിയാണ്. അതുകൊണ്ട് തന്നെ തോമസ്ലീഹായുടെ സംശയത്തെ യേശു അനുഭാവപൂർവ്വം കാണുകയും, അവൻ എന്താണോ കാണുവാൻ ആഗ്രഹിച്ചത് അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. യേശുവിനറിയാം ഉത്ഥിതനെ കാണാത്തവന് ഉത്ഥാനത്തെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണെന്ന്. “

5. ഉപസംഹാരം

കാര്യങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്ന, യുക്തിയുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന, അത്ഭുതങ്ങളും അടയാളങ്ങളും കാണാതെ ഞാൽ വിശ്വസിക്കില്ല എന്ന് വാശിപിടിക്കുന്ന, ഈ ലോകത്തിലെ ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളിൽ ദൈവം എവിടെയെന്നന്വേഷിക്കുന്ന ആധുനിക മനുഷ്യന്‍റെ പ്രതിനിധിയാണ് തോമസ് അപ്പോസ്തലൻ. അന്ന് വി.തോമസിനോട് പറഞ്ഞത് യേശു ഇന്നു നമ്മോടും പറയുകയാണ്: “നീ എന്നെ കണ്ടത്കൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”.  ആമേൻ.

 

Share this:

Source URL: https://keralavani.com/2122-2/