ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു
ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു
ജർമ്മനിയിൽ ജീവിച്ച സ്വറ്റ്സർലണ്ടുകാരൻ
93-ാമത്തെ വയസ്സിൽ ജർമ്മനിയിലെ അദ്ദേഹത്തിന്‍റെ ട്യൂബിഞ്ചനിലുള്ള വസതിയിലായിരുന്നു അന്ത്യം. 1928-ൽ സ്വിറ്റ്സർലണ്ടിലെ സൂർസേയിലായിരുന്നു ജനനം. 1954-ൽ പൗരോഹിത്യം സ്വീകരിച്ചു. തന്‍റെ പ്രഥമ ഡോക്ടറേറ്റിൽ കത്തോലിക്കരും നവോത്ഥാന നീക്കത്തിലെ പ്രോട്ടസ്റ്റന്‍റുകാരും തമ്മിൽ തർക്കിക്കുന്ന ആദർശങ്ങൾ ആശയപരമായി ഒന്നുതന്നെയാണെന്നും, എന്നാൽ രണ്ടുകൂട്ടരും ഉപയോഗിക്കുന്ന വ്യത്യസ്ത വാക്കുകളുടെ കസറത്തു മാത്രമാണതെന്നും ഹാൻസ് കൂങ് തന്‍റെ പഠനത്തിൽ സമർത്ഥിച്ചിട്ടുണ്ട്.
1960-ൽ ജർമ്മനിയിൽ ട്യൂബിൻജൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറായി നിയമിതനായി. തുടർന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ ദൈവശാസ്ത്ര കമ്മിഷനിൽ അംഗമായി പങ്കെടുത്തു. ഹാൻസ് കൂങ്ങ് ട്യൂബിൻജനിലെ സഭൈക്യ വിദ്യാപീഠത്തിൽ പഠിപ്പിക്കുകയും, വിവിധ മതങ്ങളെക്കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചും ലോക ധാർമ്മികതയെക്കുറിച്ചു തന്‍റെ രചനകൾ തുടരുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്നു.
മതങ്ങൾ തമ്മിലുള്ള സംവാദത്തിന്‍റെ പാതയിൽ മാനവികതയ്ക്ക് ധാർമ്മിക മൂല്യങ്ങളുടെ നവമായ വീക്ഷണം നല്കുവാൻ കെല്പുള്ള ചിന്തകനും പണ്ഡിതനുമാണ് ഹാൻസ് കൂങ് എന്ന് മുൻപാപ്പാ ബനഡിക്ട് വിലയിരുത്തിയിട്ടുണ്ട്. തന്‍റെ ഗ്രന്ഥങ്ങളിൽ വിവാദപരവും നവവുമായ ദൈവശാസ്ത്ര ചിന്തകൾ മാനവികതയുടെ നന്മയ്ക്കായി പങ്കുവച്ചിരുന്നതിനാൽ ഹാൻസ് കൂങ് സന്തോഷവാനും സ്നേഹസമ്പന്നനുമായിത്തന്നെയാണ് യാത്രയായതെന്ന് അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള ദൈവശാസ്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നു.
ആദരാഞ്ജലി!
നിഗൂഢമായ ആത്മീയ ധാർമ്മിക സ്പന്ദനങ്ങൾ സമകാലീന ബൗദ്ധിക ലോകവുമായി പങ്കുവയ്ക്കുകയും ലോകത്തെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ദൈവത്തിലേയ്ക്കു മനുഷ്യരെ അടുപ്പിക്കുകയും ചെയ്ത ദൈവശാസ്ത്ര ചിന്തകനും പണ്ഡിതനും ആദരാഞ്ജലി!