മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍

 മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍
സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.  ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ, ഫാ. സ്റ്റാന്‍ലി കോയിച്ചിറ, ഫാ. റാഫി കൂട്ടുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ സമീപം.
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശരിയും തെറ്റും തിരിച്ചറിയാതെയാണ് പലപ്പോഴും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ, സിഗ്‌നീസ് ദേശീയ അധ്യക്ഷന്‍ ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിഗ്‌നീസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കല്‍ സ്വാഗതവും സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.
ആദ്യസെഷനില്‍ ‘റോള്‍ ഓഫ് മീഡിയ ഇന്‍ ദ കണ്ടംപററി നാഷണല്‍ സിനാറിയോ’ എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ സംസാരിച്ചു. ‘ജീവനാദം’ മുഖ്യപത്രാധിപര്‍ ജെക്കോബി മോഡറേറ്ററായിരുന്നു. രണ്ടാം സെഷനില്‍ ‘ഇന്റര്‍ഫേസ് ഓണ്‍ ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന വിഷയത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രഭാഷണം നടത്തി. ഡോ. മഗിമൈ പ്രകാശം മോഡറേറ്ററായിരുന്നു.
രാവിലെ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാല്‍വദോര്‍ ലോബോയും മറ്റു വൈദികരും സഹകാര്‍മികരായി.
29ന്  രാവിലെ 7.15ന് ദിവ്യബലി. ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ മുഖ്യകാര്‍മികനായിരിക്കും. 8.45ന് മൂന്നാമത്തെ സെഷനില്‍ മീറ്റിംഗ് കമ്യൂണിക്കേഷന്‍ നീഡ്‌സ് ഓഫ് കമ്യൂണിറ്റി എന്നി വിഷയത്തില്‍ ഷെവലിയര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത് സംസാരിക്കും. നിര്‍മല്‍രാജ് മോഡറേറ്ററായിരിക്കും.
11 മണിക്ക് ചേരുന്ന നാലാം സെഷനില്‍ ഡോ. മേരി റജീന, ‘ഇംപാക്റ്റ് ഓഫ് മീഡിയ ഓണ്‍ വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് ഫാമിലി വാല്യൂസ്’ എന്ന വിഷയത്തില്‍ സംസാരിക്കും. സിസ്റ്റര്‍ ജോയന്ന ഡിസൂസ എഫ്എസ്പി മോഡറേറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ‘സിഗ്‌നീസ് മീഡിയാ സ്ട്രാറ്റജി ഫോര്‍ ബെറ്റര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ റവ. ഡോ. ഗാസ്പര്‍ സന്ന്യാസി സംസാരിക്കും. ഫാ. സ്റ്റാന്‍ലി കോയിച്ചിറ മോഡറേറ്ററായിരിക്കും. വൈകീട്ട് 4.15ന് പ്രതിനിധികള്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക സന്ദര്‍ശിക്കും.
30ന് രാവിലെ ഫോര്‍ട്ട്‌കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങള്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി മെത്രാസനമന്ദിരത്തിലെ ചാപ്പലില്‍ ദിവ്യബലി. വികാര്‍ ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് മുഖ്യകാര്‍മികത്വം വഹിക്കും.
31ന് രാവിലെ 7 മണിക്ക് ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. 8.45ന് ‘ബിസിനസ് ഡേ’. 10.30ന് ബിസിനസ് അവര്‍. വൈകീട്ട് 4 മണിയോടെ സമ്മേളനം സമാപിക്കും. 
28/01/2020

admin

Leave a Reply

Your email address will not be published. Required fields are marked *