തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

 തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

തന്റെ മുൻഗാമിക്ക്

യാത്രാമൊഴിയേകുന്ന

ഫ്രാൻസിസ്

പാപ്പാ  

 

വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ ആസ്പദമാക്കിയാണ് സംസാരിച്ചത്

പ്രഭാഷണത്തെത്തുടർന്ന് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ ആത്മാവിനെ ദൈവപിതാവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധ ബലി ഭക്‌തസാന്ദ്രമായി തുടർന്നു.

വിശുദ്ധബലിയർപ്പണത്തിന് ശേഷം ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ ഭൗതികശരീരം പേറുന്ന പേടകം തിരികെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് എടുക്കപ്പെട്ടു. തദവസരത്തിൽ, “സാന്തോ സുബിത്തോ” “അദ്ദേഹത്തെ ഉടൻ വിശുദ്ധനായി പ്രഖ്യാപിക്കുക” എന്ന് വത്തിക്കാൻ ചത്വരത്തിൽനിന്ന് ആളുകളുടെ ഘോഷമുയർന്നു. കരഘോഷങ്ങളുടെ നടുവിലാണ് അദ്ദേഹത്തിന്റെ ശരീരം തിരികെ ബസലിക്കയിലേക്ക് കൊണ്ടുപോയത്.

ബസലിക്കയിലൂടെ വത്തിക്കാൻ ഗ്രോട്ടോയിലെത്തിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരമടങ്ങുന്ന പേടകത്തിനുമേൽ മൂന്ന് സീലുകൾ വയ്ക്കപ്പെട്ടു. തുടർന്ന് ഈ പേടകം സിങ്ക് കൊണ്ടുള്ള മറ്റൊരു പേടകത്തിൽ അടക്കപ്പെട്ടു. ഇത് തടിയിലുള്ള മറ്റൊരു പേടകത്തിൽ അടക്കം ചെയ്ത ശേഷമാണ് കല്ലറയിൽ അടയ്ക്കപ്പെട്ടത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ അടക്കം ചെയ്തിരുന്ന കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായെയും അടക്കിയിരിക്കുന്നത്.

കത്തോലിക്കാസഭയെ ഏറെനാൾ പത്രോസിന്റെ പിൻഗാമിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ വേർപാട് നൽകുന്ന ദുഃഖത്തിന്റെ വികാരങ്ങൾ ഉള്ളിൽ നിറയുമ്പോഴും, സഭയ്ക്ക് അദ്ദേഹത്തിലൂടെ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി നിറഞ്ഞ ഹൃദയങ്ങളോടെയാണ് പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ രാജ്യങ്ങളിലേക്കും, നാടുകളിലേക്കും സ്വഭവനങ്ങളിലേക്കും തിരികെപ്പോയത്. ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പാ സഭയിൽ അവശേഷിപ്പിച്ച ബൗദ്ധിക, ആധ്യാത്മിക പൈതൃകത്തിന്റെ വെളിച്ചം സഭയ്ക്ക് കൂട്ടായിരിക്കട്ടെ.

admin

Leave a Reply

Your email address will not be published. Required fields are marked *