ഫ്രാൻസീസ് പാപ്പായുടെ സംസ്കാരം ശനിയാഴ്ച, ഏപ്രിൽ 26-ന്!


ഫ്രാൻസീസ് പാപ്പായുടെ സംസ്കാരം ശനിയാഴ്ച, ഏപ്രിൽ 26-ന്!
വത്തിക്കാൻ സിറ്റി :
ഏപ്രിൽ 21-ന് തിങ്കളാഴ്ച രാവിലെ കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ സംസ്കാര കർമ്മങ്ങൾ ഇരുപത്തിയാറാം തീയതി ശനിയാഴ്ച നടക്കും.
അന്നു രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാരദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജൊവാന്നി ബത്തീസ്ത റേ ആയിരിക്കും മുഖ്യകാർമ്മികൻ.
വിശുദ്ധകുർബ്ബാനയുടെ അവസാനം അന്തിമോപചാര ശുശ്രൂഷനടക്കും. തദ്ദനന്തരം ഫ്രാൻസീസ് പാപ്പായുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്കും അവിടെ നിന്ന്, തൻറെ ഐഹികയാത്ര അവസാനിക്കേണ്ട ഇടമെന്ന് ഫ്രാൻസീസ് പാപ്പാ ഒസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്ന, റോമിലെ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമധേയത്തിലുള്ള വലിയ പള്ളിയിലേക്കും, അതായത്, മേരി മേജർ ബസിലിക്കയിലേക്കും, കൊണ്ടുപോകുകയും അവിടെ അടക്കം ചെയ്യുകയും ചെയ്യും.
പാപ്പായുടെ ഭൗതികശരീരം ഏപ്രിൽ 29-ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ നിന്ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്കു മാറ്റും. റോമൻ സഭയുടെ ചേംബർലൈൻ പദവിവഹിക്കുന്ന കർദ്ദിനാൾ കെവിൻ ജോസഫ് ഫാരൽ നയിക്കുന്ന പ്രാർത്ഥനാനന്തരമായിരിക്കും ഭൗതികദേഹം വിലാപയാത്രയായി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പ്രധാന കവാടത്തിലൂടെ ബസിലിക്കയുടെ അകത്തേക്കു കൊണ്ടു പോകുക. തുടർന്ന് കർദ്ദിനാൾ ഫാരെൽ ദൈവവചന ശുശ്രൂഷ നയിക്കും. പ്രാർത്ഥന അവസാനിക്കുന്നതു മുതൽ പാപ്പായുടെ ഭൗതികശരീര കാണാനും അന്തിമോപചാരം അർപ്പിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.