ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ സാക്ഷ്യപത്രം.

ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ സാക്ഷ്യപത്രം.
‘TESTAMENT OF THE HOLY FATHER FRANCIS.’
—————————————————-
‘പരിശുദ്ധ മാതാവിന്റെ സവിധത്തില്‍ അന്ത്യവിശ്രമം’
——————————————————
റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തന്റെ സംസ്‌കാരം നടത്തുന്നതിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ നിന്ന് 2022 ജൂണ്‍ 29ന് എഴുതിയ ആത്മീയ സാക്ഷ്യപത്രം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അതിന്റെ പൂര്‍ണ രൂപം:
‘മിസെരാന്തോ ആത്‌ക്വേ എലിഗെന്തോ’ (കരുണയുള്ളതിനാലും അവനെ തിരഞ്ഞെടുത്തതിനാലും – ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ശുശ്രൂഷയുടെ പ്രമാണവാക്യം)
പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍.
എന്റെ ഭൗമിക ജീവിതത്തിന്റെ അസ്തമയം അടുത്തുവരുന്നതായി ഞാന്‍ മനസ്സിലാക്കുകയാല്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രത്യാശയോടെ, എന്റെ സംസ്‌കാരം നടത്തേണ്ട ഇടത്തെക്കുറിച്ചു മാത്രം എന്റെ അന്ത്യാഭിലാഷം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിലുടനീളം, ഞാന്‍ എന്നും എന്നെത്തന്നെ നമ്മുടെ കര്‍ത്താവിന്റെ അമ്മയായ പരിശുദ്ധ കന്യകമറിയത്തെ ഭരമേല്‍പ്പിച്ചിട്ടുള്ളതാണ്. ഇക്കാരണത്താല്‍, എന്റെ ഭൗതികാവശിഷ്ടം – പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കുമ്പോള്‍ – സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ വിശ്രമിക്കണമെന്ന് ഞാന്‍ ബോധിപ്പിക്കുന്നു.
എന്റെ ഓരോ അപ്പസ്‌തോലിക യാത്രയുടെയും ആരംഭത്തിലും അവസാനത്തിലും ഞാന്‍ പ്രാര്‍ഥിക്കാന്‍ നില്‍ക്കുമായിരുന്ന, എന്റെ നിയോഗങ്ങള്‍ ആത്മവിശ്വാസത്തോടെ അമലോദ്ഭവ മാതാവിനു സമര്‍പ്പിക്കുകയും അവളുടെ സൗമ്യവും മാതൃസഹജവുമായ പരിപാലനത്തിന് നന്ദി പറയുകയും ചെയ്തിരുന്ന ഈ പുരാതന മരിയന്‍ പുണ്യസങ്കേതത്തില്‍ തന്നെ എന്റെ ഭൗമിക യാത്ര അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇതിനോട് അനുബന്ധിച്ചുള്ള പ്ലാനില്‍ കാണിച്ചിരിക്കുന്നതുപോലെ, ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും (‘സാലുസ് പോപ്പുലി റൊമാനി’ എന്ന പരിശുദ്ധമാതാവിന്റെ തിരുച്ചിത്രം പ്രതിഷ്ഠിച്ചിട്ടുള്ള ചാപ്പല്‍) സ്‌ഫോര്‍സ ചാപ്പലിനും ഇടയിലുള്ള ഇടനാഴിയിലെ സ്മൃതിമണ്ഡലത്തില്‍ എന്റെ ശവകുടീരം ഒരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
ശവകുടീരം നിലത്തായിരിക്കണം; പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി ഫ്രാന്‍സിസ്‌കുസ് എന്നു മാത്രം അതില്‍ എഴുതിയിരിക്കണം.
മൃതസംസ്‌കാരത്തിനുള്ള ചെലവ് ഒരു ഉപകാരി വഹിക്കുന്നതാണ്. അതിനുള്ള തുക സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലേക്ക് വകകൊള്ളിക്കാനുള്ള ക്രമീകരണം ഞാന്‍ ചെയ്തിട്ടുണ്ട്. ബസിലിക്കയുടെ എക്‌സ്ട്രാഓര്‍ഡിനറി കമ്മീഷണറായ കര്‍ദിനാള്‍ റോളാന്‍ഡാസ് മക്രിക്കാസിന് ഇതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.
എന്നെ സ്‌നേഹിച്ചവര്‍ക്കും എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും കര്‍ത്താവ് ഉചിതമായ പ്രതിഫലം നല്‍കട്ടെ. എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ഞാന്‍ കടന്നുപോകുന്ന പീഡകള്‍, ലോകസമാധാനത്തിനും ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാന്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.