ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു

ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു
വത്തിക്കാന്‍ സിറ്റി : ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു.
കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, റോബര്‍ട്ട് ഫ്രാന്‍സിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍ചേര്‍ത്താണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. അഗസ്റ്റീനിയന്‍ സന്യാസിയായ പാപ്പ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് ചെലവഴിച്ച വര്‍ഷങ്ങളെ പ്രദേശവാസികള്‍ ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ഡോക്യുമെന്ററിയുടെ അവതരണമെന്ന് കരുതപ്പെടുന്നു.
പെറുവിലെ ചെറുതും വലുതുമായ നഗരങ്ങള്‍, ഗ്രാമങ്ങള്‍, ജില്ലകള്‍, പ്രാന്തപ്രദേശങ്ങള്‍, ഇടവകകള്‍, സ്‌കൂളുകള്‍, സന്യാസ ഭവനങ്ങള്‍ എന്നിവയിലെ റോബര്‍ട്ട് പ്രെവോസ്റ്റിന്റെ ഇടപെടലുകളും ദൗത്യങ്ങളും ഡോക്യുമെന്ററിയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചും പ്രസംഗിച്ചും പഠിപ്പിച്ചും യുവജനങ്ങളെ കണ്ടുമുട്ടിയും പാപ്പ നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്ത സ്ഥലങ്ങളായിരിന്നു ഇത്.
എല്‍ നിനോ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി ദുരന്തങ്ങള്‍ക്കിടയില്‍ സജീവമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അദ്ദേഹം പ്രദേശവാസികളുടെ ഹൃദയം കവര്‍ന്നിരിന്നു. തങ്ങളുടെ കൂടെ നടന്നു തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വൈദികന്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് പ്രദേശവാസികള്‍. ഇവയൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. വത്തിക്കാന്‍ മീഡിയയുടെ ഔദ്യോഗിക ചാനലുകളില്‍ ‘ലിയോണ്‍ ഡി പെറു’ ഉടന്‍ സംപ്രേക്ഷണം ചെയ്യുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.