ക്രിയേറ്റീവ് കരിപൂശലുകൾക്ക് മറുപടി
Print this article Font size -16+
കൊച്ചി : കുറച്ച് ദിവസങ്ങളായി ചിലർ സമൂഹമാധ്യമങ്ങളിൽ ഉത്സാഹത്തോടെ കർമ്മനിരതമായി കത്തോലിക്കാ സഭയ്ക്കെതിരെ ചീത്തവിളിയുടെ ലുത്തീനിയ പാടുന്നത് കണ്ടു. ഇതു വെറും ലോക്ക്ഡൗൺ ട്രെന്റാണെന്നു പറഞ്ഞു തള്ളിക്കളയുന്നില്ല. സഭയ്ക്കെതിരെ ഇത്തരം ‘ക്രിയേറ്റീവ് കരിപൂശലുകൾ’ സർവ്വസാധാരണമായിക്കഴിഞ്ഞു. കടയ്ക്കൽ കോടാലി വച്ചാലെ മരം മറിയൂ എന്നറിയാവുന്നതുകൊണ്ടായിരിക്കണം ഉന്നം നോക്കി സന്ന്യാസത്തെയും പൗരോഹിത്യത്തെയും തന്നെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സന്ന്യാസാർത്ഥിനി മരിച്ച സംഭവത്തെ പാട്ടത്തിനെടുത്തുകൊണ്ടാണ് സഭയെ ലേറ്റസ്റ്റായി അപകീർത്തിപ്പെടുത്തികൊണ്ടിരിക് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ കേരളവും കടന്ന് അങ്ങ് റോമിലുള്ള പരിശുദ്ധ പിതാവിനെ വരെ വിമർശിക്കുന്നത് കണ്ടു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ സംസാരിക്കേണ്ട സമയമായെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ ജീവിതത്തിൽ കർത്താവ് എടുത്തിരിക്കുന്ന ഏറ്റവും നല്ല തീരുമാനം എന്നെ വൈദീകദൈവവിളി നൽകി അനുഗ്രഹിച്ചു എന്നതാണ്. എന്റെ കാര്യത്തിൽ മാത്രമല്ല, പൗരോഹിത്യ സന്യസ്ത ദൈവവിളി സ്വീകരിച്ച എല്ലാവർക്കും ഇതു തന്നെയായിരിക്കും പറയാനുള്ളത്. കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾക്കെതിരെയുള്ള ഒരു പോസ്റ്റിൽ കണ്ടതിങ്ങനെയാണ് : “കർത്താവിന്റെ മണവാട്ടിയെന്നുള്ളത് സമൂഹത്തെ പറ്റിക്കുവാനുള്ള ഒരു ഡെക്കറേഷനാണ് “. മറ്റൊന്നിൽ കണ്ടു : ” സന്യസ്തവസ്ത്രം വീർപ്പുമുട്ടി അണിഞ്ഞ് ജീവിതം തള്ളിനീക്കുകയാണ് സന്യസ്തർ. അത് അഴിച്ചു ഇറങ്ങിപോകാൻ ഒരു ഹീറോയിസം വേണം “. എന്നാൽ, ഒന്നു ചോദിച്ചോട്ടെ!! എന്താണ് ഹീറോയിസം ?? ജനിച്ചുവളർന്ന നാടും കണ്ടുപതിഞ്ഞ വീട്ടുകാരുടെയും കൂടപ്പിറപ്പുകളുടെയും കൂട്ടുകാരുടെയുമൊക്കെ മുഖങ്ങളും മറന്ന് ജീവിതസുഖങ്ങൾക്ക് പുറംതിരിഞ്ഞു നടന്ന് സന്യസ്തപൗരോഹിത്യ പരിശീലനകേന്ദ്രങ്ങളിൽ വർഷങ്ങളോളം പ്രാർത്ഥിച്ചും പഠിച്ചും സന്തോഷിച്ചും ഭാവിയിൽ എന്തൊക്കെ നന്മകൾ ചെയ്യണമെന്നുറപ്പിച്ച് സ്വപ്നം കണ്ടും, പിന്നീട് ഒരുപാട് അകലെ ഇതുവരെ കാണാത്ത, കേൾക്കാത്ത, അറിയാത്ത ഒരു നാട്ടിൽ അവിടെയുള്ള മനുഷ്യരുടെയിടയിൽ അവർക്കുവേണ്ടി ജീവിച്ചുമരിച്ച പാവം വൈദീകരുടെയും കന്യാസ്ത്രീകളുടെയും ജീവിതം നമ്മൾ കണ്ടിട്ടുണ്ട്. സത്യത്തിൽ അതല്ലേ ഹീറോയിസം! അവിടെ സന്യാസവസ്ത്രത്തിനകത്ത് വീർപ്പുമുട്ടലുകളില്ല. മറിച്ച്, ആത്മീയതയുടെ ആഘോഷം മാത്രം. വൃദ്ധവൈദീക മന്ദിരങ്ങളുടെയും മറ്റും നീണ്ട ഇടനാഴികളിൽ ഇപ്പോഴും കാണാം അറുപതും എഴുപതും വർഷങ്ങൾ പള്ളിക്കും വിശ്വാസികൾക്കും വേണ്ടി മാമോദീസ മുക്കിയും കുർബാന ചൊല്ലിയും ഏതു പാതിരാത്രിയിലും രോഗീലേപനം കൊടുത്തും വിവാഹം ആശീർവ്വദിച്ചും ഒാടിനടന്ന് വിയർത്തു വിശ്രമിക്കുന്ന പുണ്യജന്മങ്ങളെ. ‘കത്തോലിക്കാവിരുദ്ധരായി ‘ സ്വയം ജ്ഞാനസ്നാനം ഏറ്റ് സന്യസ്തരെയും വൈദീകരെയും ലിസ്റ്റ് അനുസരിച്ച് ചീത്തവിളിയുടെ ലുത്തീനിയകൊണ്ട് ഒറ്റവാക്കിൽ നിറംകെടുത്തികളയുന്നതിനുമുൻപ് , മഠങ്ങളുടെയും വൈദീകമന്ദിരങ്ങളുടെയും ആ നീണ്ട ഇടനാഴികളിൽ ചെറിയ ചിരിയോടെ പരാതി പറയാതെ ഈ ജീവിതം ആസ്വദിക്കുന്നവരെ കാണണം. ആ ചിരിയിലാണ് മുൻപ് പറഞ്ഞ ആ സംഭവം കാണുക – ‘ഹീറോയിസം’ !! അതെ. ഞങ്ങളുടെ ദൈവവിളിയിൽ ഞങ്ങൾ വെറും തൃപ്തരല്ല. മറിച്ച്, സന്തോഷവാന്മാരാണ്….! മിഥുൻ |
No comments
Write a comment No Comments Yet! You can be first to comment this post!