ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക് ഏതാണ്ട് അങ്ങനെയൊക്കെയാണ് . സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം ഇങ്ങനെയാണ് ,  “സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല ,എന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളം ആണ് ‘ലക്ഷ്യം’ “.എങ്ങനെ ലക്ഷ്യം നേടുമെന്ന് ആലോചിച്ചു തലപുകഞ്ഞ സർക്കാർ കണ്ടത്തിയ മാർഗം ഏതായാലും മുകളിൽ പറഞ്ഞ ലക്ഷ്യത്തിലേക്കു നയിക്കില്ല ,പക്ഷെ ” ലക്ഷങ്ങളിലേക്ക് ” നയിക്കും .സർക്കാർ ഖജനാവ് ലക്ഷങ്ങൾ കൊണ്ട് നിറയും . പക്ഷെ ഡയലോഗുകൾക്കു  ഒരു പഞ്ഞവുമില്ല . ലഹരി വിമുക്ത കേരളം ആണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രാപ്പകൽ വിളിച്ചുകൂവും.

ഏഴു പേർ അടങ്ങുന്ന ‘സൊസൈറ്റികൾ’ ഉണ്ടാക്കി ലൈസൻസ് കൊടുത്ത് കർഷകരുടെ വീടുകളിൽ നിന്ന് തന്നെ മദ്യം ,പഴവര്ഗങ്ങളിൽ നിന്ന് ഉണ്ടാക്കാനുള്ള ശ്രെമത്തിലാണ് സർക്കാർ. ‘വീര്യം കുറഞ്ഞ മദ്യം’ എന്ന് ഓമനപ്പേരിട്ട് മദ്യം വാറ്റിയെടുക്കാൻ അനുവാദം കൊടുക്കുമ്പോൾ, ഇടക്കുള്ള ജല പ്രളയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തെ ഇനി മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രെമമാണ് .

ഒരു മദ്യപാനിയും ഈ ശീലത്തിലേക്കു കടക്കുന്നത് ഒരു ബാരൽ വിസ്കിയോ ബ്രാണ്ടിയോ കുടിച്ചുകൊണ്ടല്ല , മറിച്ചു ഇത് പോലുള്ള ലഹരി കുറഞ്ഞതിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. മദ്യപാനത്തിന്റെ ബാലപാഠം പഠിപ്പിക്കാനുളള പുതിയ സിലബസ് ആണ് സർക്കാർ അണിയറയിൽ തെയ്യാറാക്കുന്നത് . സർക്കാരിന്റെ ഈ തീരുമാനങ്ങൾ ഏതായാലും ഗുണത്തിനല്ല ,അത് കുട്ടികളെ പോലും മദ്യത്തിലേക്കു ആകർഷിക്കുന്ന നാശത്തിലേക്കു കേരളത്തെ കൊണ്ടുപോകും.

സമ്പൂർണ ലഹരി വിമുക്‌ത കേരളം സ്വപ്നം കാണുന്ന എൽ .ഡി .എഫ് . സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ ഇവിടെ ഉണ്ടായിരുന്നത് 29 ബാറുകൾ ആയിരുന്നു , ഇന്ന് അത് 541 ബാറുകൾ ആയി മാറി . ഓരോ കുടിലിലും ഭക്ഷണം ഉറപ്പ് വരുത്തേണ്ട ഭരണകൂടം ഇവിടെ ഉറപ്പുവരുത്തുന്നത് മദ്യംമാത്രമാണ്.

ഇന്ന് (7 /11/ ’19 ) കേരള മദ്യവിരുദ്ധ ഏകോപന സമിതി ഇതിനെതിരെ സമരമുഖം തുറന്നിട്ടുണ്ട്. എറണാകുളം ടൗൺ ഹോളിന്റെ മുൻപിൽ നടത്തിയ നിൽപ്പ് സമരം കെ .സി .ബി. സി. മദ്യ വിരുദ്ധ കമ്മീഷൻ മുൻ വൈസ്‌ചെയർമാൻ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി ഉത്ഘാടനം ചെയ്തു. “സമരം സർക്കാരിനെതിരെയല്ലെന്നും എന്നാൽ മദ്യമെന്ന സാമൂഹിക തിന്മക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു” . കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് . പി .കെ .ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു . ഫാ. ജോൺ അരീക്കൽ , ഫാ.വര്ഗീസ് മുഴുത്തേറ്റ്‌ , ഫാ. ബൈജു അഗസ്റ്റിൻ , അഡ്വ . ചാർളി പോൾ , പ്രസാദ് കുരുവിള , പ്രൊഫ. കെ .കെ .കൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<