പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ
തിരുനാളിന് കൊടിയേറി
വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരുന്നു. ഫാ. ജിപ്സൺ തോമസ് ചാണയിൽ വചന പ്രഘോഷണം നടത്തി. ഒൻപതു നാൾ നീണ്ടു നില്‌ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 24 ശനിയാഴ്‌ച്ച സമാപിക്കും.
1524 ൽ പോർച്ചുഗീസ് മിഷനറിമാർ കൊണ്ടുവന്നു സ്ഥാപിച്ച കാരുണ്യ മാതാവിന്റെ ചിത്രമാണ് വല്ലാർപാടം ബസിലിക്കയുടെ അൾത്താരയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭത്തിൽ നിന്നും, രോഗ പീഡകളിൽ നിന്നും, ജീവിത പ്രതിസന്ധികളിൽ നിന്നും, തന്നിലാശ്രയിക്കുന്നവരെ മോചിപ്പിക്കുന്ന കാരുണ്യ മാതാവിന്റെ തിരുസന്നിധിയിൽ വന്നണഞ്ഞ്, വിമോചനത്തിന്റെ ദൈവ കൃപാകടാക്ഷം തേടിയവരുടെ അനുഭവ സാക്ഷ്യങ്ങളും, എണ്ണമറ്റ അത്ഭുതങ്ങളുടെ ആധികാരിക ആഖ്യാനങ്ങളും, ജാതിമത ചിന്തകൾക്കതീതമായ കൃപാചൈതന്യത്തിന്റെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാർപാടം പള്ളിയുടെ പുണ്യചരിത്രം.
സെപ്റ്റംബർ 23 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 5.30 നുള്ള ദിവ്യബലികളിൽ, വികാരി ജനറാൾ മോൺസിഞ്ഞോർ. മാത്യു കല്ലിങ്കൽ, ഫാ. കോളിൻസ്’ ഇലഞ്ഞിക്കൽ, അതിരൂപതാ ചാൻസലർ ഫാ.എബിജിൻ അറക്കൽ, മോൺസിഞ്ഞോർ ഡോ.ആൻറണി കുരിശിങ്കൽ, വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, ഫാ. ഹെൽവെസ്റ്റ് റൊസാരിയോ, കോട്ടപ്പുറം ബിഷപ്പ് റവ.ഡോ.ജോസഫ് കരിക്കശ്ശേരി, എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
തിരുനാൾ ദിനമായ സെപ്റ്റംബർ 24 ന് രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ. ജോബിൻ ജോസഫ് പനക്കൽ വചന പ്രഘോഷണം നടത്തും.
ഒക്ടോബർ 1 നു ആണ് എട്ടാമിടം. പള്ളിപ്പറമ്പിൽ സെബാസ്റ്റിൻ ഗൊൺസാൽവസാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.
എല്ലാ ദിവസത്തേയും തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലക്കയുടെ യൂട്യൂബ്ചാനലിലും കേരളവാണി ചാനലിലും തത്സമയം സംപ്രേഷണം ചെയ്യുമെന്നും, തിരുനാളിൽ പങ്കെടുക്കുവാനെത്തുന്ന വിശ്വാസികൾക്കുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയതായി ബസിലിക്ക റെക്ടർ റവ.ഡോ.ആൻറണി വാലുങ്കൽ അറിയിച്ചു.
റവ.ഡോ.ആൻറണി വാലുങ്കൽ
റെക്ടർ
വല്ലാർപാടം ബസിലിക്ക
+917736533772
Related Articles
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ്
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ് കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട്
കർമലീത്താ പൈതൃകത്തിന്റെ ഈടുവയ്പ്പുകൾ സംരക്ഷിക്കപ്പെടണം: ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി: കർമലീത്താ മിഷണറിമാർ കേരള സമൂഹത്തിനു നൽകിയ കാലാതിവർത്തിയായ സംഭാവനകളുടെ ചരിത്രവും പൈതൃകവും പരിരക്ഷിക്കേണ്ടതുണ്ടെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത ഹെറിറ്റേജ്