മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

 മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

 

കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു . 2008 ഫെബ്രുവരി 6 നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നത് . കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നീതി ലഭിച്ചില്ല എന്ന മുറവിളി സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നപ്പോൾ , സാഹചര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപെട്ട അച്യുതാനന്ദൻ ഗവണ്മെന്റ് 2008 മാർച്ച് 19 ന് മൂലമ്പിളളി പാക്കേജ് പ്രഖ്യാപിച്ചു . അതിൻ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കാതെ കാലതാമസം വരുത്തിയതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത് .അന്ന് കുടിയൊഴിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്നും സ്വന്തമായി വീടുവെക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ് . പാക്കേജ് അനുസരിച്ചു നൽകിയ വാഗ്ദാനങ്ങൾ ഇന്നും പാഴ്വാക്കായി നിലകൊള്ളുന്നു . വല്ലാർപാടം പദ്ധതിയോടനുബന്ധിച്ചു കുടിയിറക്കപെട്ടവർക്ക്‌ നീതി ലഭിക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആർച്ച്ബിഷപ് അഭിപ്രായപെട്ടു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു .തുടർ നടപടികൾ യോഗം ചർച്ച ചെയ്തു. യോഗത്തിൽ വല്ലാർപാടം ജനകീയ കമ്മീഷൻ അംഗങ്ങളായ പ്രൊ . ഫ്രാൻസിസ് കളത്തുങ്കൽ , ഫാ. റൊമാൻസ് ആൻ്റണി എന്നിവരും , മോൺ .ജോസഫ് പടിയാരംപറമ്പിൽ , ഫാ.സോജൻ മാളിയേക്കൽ , അഡ്വ. ഷെറി ജെ. തോമസ് , വല്ലാർപാടം കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് , ശ്രീ. വിൽസൺ ,ശ്രീമതി മേരി ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു .

admin

Leave a Reply

Your email address will not be published. Required fields are marked *