നാഗസാക്കിയുടെ ദുരന്തഭൂമിയില്‍ സമാധാനദൂതുമായ്
നാഗസാക്കിയിലെ
ആറ്റോമിക് ഹൈപ്പര്‍ സെന്‍ററില്‍
ആണവായുധങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് നാഗസാക്കിയിലെ സമാധാനസ്മാരകത്തില്‍ നടത്തിയ പ്രഭാഷണം – 24 നവംബര്‍ 2019.
മാനവരാശി എന്തുമാത്രം പരസ്പരം വേദനിപ്പിക്കുവാനും ഭീതിപ്പെടുത്തുവാനും പ്രാപ്തരാണെന്ന് ഈ സ്ഥലം നമ്മില്‍ ആഴമായ ബോധമുണര്‍ത്തുന്നു. നാഗസാക്കിയിലെ തകര്‍ക്കപ്പെട്ട കത്തീഡ്രലില്‍ കണ്ടെത്തിയ കുരിശിന്‍റെയും പരിശുദ്ധ കന്യകാനാഥയുടെ പ്രതിമയുടെയും ശോച്യമായ അവസ്ഥ ഒരിക്കള്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ആണവാക്രമണത്തില്‍ ബോംബിങ്ങിന് ഇരയായവരുടെയും കുടുംബങ്ങളുടെയും പറഞ്ഞറിയിക്കാനാവാത്ത യാതനകളും ഭീതിയുമാണ്.
സുരക്ഷിതത്വത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടിയുള്ള അഭിലാഷം മാനവ ഹൃദയങ്ങളിലെ ഏറ്റവും ആഴമായ അഭിവാഞ്ഛകളിലൊന്നാണ്. ആണവായുധങ്ങളും ആള്‍നാശം വരുത്തുന്ന മറ്റ് ആയുധങ്ങളും കയ്യാളുന്നത് ഈ അഭിലാഷത്തിനു മറുപടിയല്ല. മറിച്ച് അവ എല്ലായിപ്പോഴും മനുഷ്യന്‍റെ സുസ്ഥിതിക്കും സമാധാനപരമായ ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്നു.
സമാധാനവും സുസ്ഥിതിയും ഉറപ്പുവരുത്താനും സംരക്ഷിക്കുവാനും തെറ്റായ ഒരു സുരക്ഷാ ബോധത്തിലൂടെ ശ്രമിക്കുന്നത് വികലമായ ഒരു അധികാര ഘടനയില്‍ വളരുന്ന ലോകത്തിന്‍റെ ലക്ഷണമാണ്.
ഭീതിയുടെയും അവിശ്വാസത്തിന്‍റെയും മനോഭാവത്തിലൂടെ നിലനിന്നു വരുന്ന ഒരു മിഥ്യയായ സുരക്ഷാബോധമാണിത്. എല്ലാ തരത്തിലുമുള്ള സംവാദങ്ങളെയും സമാധാന നീക്കങ്ങളെയും തടസ്സപ്പെടുത്തുന്നതും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിഷലിപ്തമാക്കുന്നതുമായ അവസ്ഥയിലാണ് ഈ സുരക്ഷാബോധം അവസാനം കൊണ്ടെത്തിക്കാന്‍ പോകുന്നത്.
ലോക സമാധാനവും സുസ്ഥിതിയും സര്‍വ്വനാശത്തിന്‍റെ ഭീഷണിയിലും പരസ്പര നശീകരണത്തിന്‍റെ ഭീതിയിലും പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ പൊരുത്തപ്പെടുന്നവയല്ല. ഐക്യദാര്‍ഢ്യത്തിന്‍റെയും സഹകരണത്തിന്‍റെയും ആഗോള ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ ഭാവിയെ സേവിക്കുവാനുള്ള ഒരു തുറന്ന മനഃസ്ഥിതിക്കു മാത്രമേ അത് സാക്ഷാത്ക്കരിക്കാനാകൂ.
ഇന്നത്തെയും നാളെത്തെയും മാനവകുടുംബങ്ങളില്‍ ഒട്ടാകെ ഉത്തരവാദിത്വങ്ങള്‍ പരസ്പരാശ്രിതത്വത്തിലൂടെ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സമാധാനത്തിന്‍റെ സംസ്ക്കാരവും സംവാദരീതികളും ലോകത്ത് രൂപപ്പെടുത്താനാകൂ!
ആണവായുധ ആക്രമണത്തിന്‍റെ മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തപ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഈ നഗരത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആയുധമാത്സര്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ശ്രമങ്ങള്‍ അപ്രസക്തമാണ്. പരിസ്ഥിതിയെ സ്വാഭാവികമായും സംരക്ഷിക്കേണ്ടതും ജനതകളുടെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടതുമായ പ്രകൃതിയുടെ അമൂല്യമായ വിഭവസ്രോതസ്സുകള്‍ ഇന്ന് ആയുധ കിടമത്സരത്തിനായി പാഴാക്കുകയാണ്.
മാരകമായ ആയുധങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ വിനാശകരമായ ആയുധങ്ങളുടെ ഉല്പാദനത്തിലൂടെയും പരിഷ്ക്കരണത്തിലൂടെയും പരിപാലനത്തിലൂടെയും ലോകത്തിന്ന് ധാരാളം പണം രാഷ്ട്രങ്ങള്‍ ദുര്‍വ്യയംചെയ്യുകയും, സ്വരൂപിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യാന്തസ്സില്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് പാവങ്ങളായ കുട്ടികളുടെയും കുടുംബങ്ങളുടെയും എത്തിപ്പിടിക്കുന്ന രോദനം സ്വര്‍ഗ്ഗത്തിലേയ്ക്ക്, ദൈവസന്നിധിയിലേയ്ക്ക് ഉയരുന്നുണ്ടെന്ന് നാം ഓര്‍ക്കണം.
ആണവായുധങ്ങളില്‍നിന്ന് വിമുക്തമായ ഒരു സമാധാനപൂര്‍ണ്ണമായ സമൂഹം ഇന്നു ലോകത്തുള്ള കോടാനുകോടി സ്ത്രീപുരുഷന്മാരുടെ അഭിലാഷവും സ്വപ്നവുമാണ്. ഈ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ തുറകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തം ആവശ്യമാണ് : വ്യക്തികളും, മതസമൂഹങ്ങളും, പൗരസമൂഹങ്ങളും, ആയുധങ്ങള്‍ സൂക്ഷിക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങളും, സ്വകാര്യമേഖലകളും, സൈന്ന്യങ്ങളും, അന്താരാഷ്ട്ര സംഘടനകളും ഈ സമാധാനശ്രമത്തിന് സന്നദ്ധമാവണം.
അന്താരാഷ്ട്ര ആയുധനിയന്ത്രണ ചട്ടക്കൂടുകളെ തകര്‍ക്കുന്നതും, അപകടം ഒളിഞ്ഞിരിക്കുന്നതുമായ അവിശ്വാസത്തിന്‍റേതായ ഇന്നിന്‍റെ ആഗോള കാലാവസ്ഥയെ പൊളിച്ചടുക്കേണ്ട ആവശ്യവും ഇതിനിടയില്‍ നില്ക്കുന്നത് നിരീക്ഷിക്കേണ്ടതാണ്. നമ്മള്‍ ഇന്ന് സാക്ഷികളാകുന്ന പുതിയ രൂപത്തിലുള്ള സൈനിക സാങ്കേതികത വളര്‍ച്ചയുടെ വെളിച്ചത്തില്‍ ബഹുസ്വരതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഏറെ ആശങ്കാവഹമായ ശോഷണത്തിനാണ് സാക്ഷികളാകുന്നത്. ഇത്തരം ഒരു സമീപനം പരസ്പരബന്ധിതമായി വളരുകയും ജീവിക്കുകയും ചെയ്യേണ്ട ലോകത്ത് വളരെ അസ്വീകാര്യമായി തോന്നുന്നു.
പ്രാര്‍ത്ഥനയിലും, നിരായുധീകരണ ഉടമ്പടികള്‍ക്കുമായുള്ള പതറാത്ത പരിശ്രമത്തിലും ലോകം ഏറ്റവും ശക്തമെന്നു കരുതുന്ന ആണവ ആയുധങ്ങള്‍ക്ക് എതിരായ നില്യ്ക്കാത്ത സംവാദങ്ങളിലുമുള്ള വിശ്വാസം വളരണം. നീതിയും ഐക്യദാര്‍ഢ്യവും സമാധാനവുമുള്ള ലോകം വളര്‍ത്തിയെടുക്കാനുള്ള പ്രത്യാശയും സമൂഹത്തില്‍ പ്രശോഭിതമാകണം. എല്ലാ നേതാക്കളുടെയും ശ്രദ്ധയും പ്രതിബദ്ധതയും അടിയന്തിരമായി ആവശ്യപ്പെടുന്ന ഒരു ആഗോള സാഹചര്യമാണിത്.