കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ

കത്തീഡ്രലിൽ

അന്ത്യവിശ്രമംകൊള്ളുന്ന

വൈദിക മേലധ്യക്ഷന്മാർ

 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിലാണ് അതിരൂപതയെ സുധീരം നയിച്ചിരുന്ന പുണ്യശ്ലോകന്മാരായ വൈദിക മേലധ്യക്ഷന്മാരുടെ ഭൗതിക ശരീരങ്ങൾ അടക്കം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ ലത്തീൻ റീത്തിൽ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പൊലീത്തയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പോലീത്തയുമായ ഡോ.ജോസഫ് അട്ടിപ്പേറ്റി പിതാവ് 1934 ഡിസംബർ 21ന് സ്ഥാനമേറ്റു. വരാപ്പുഴ അതിരൂപത നേട്ടങ്ങളുടെ പാതയിലായിരിക്കെ 1970 ജനുവരി 21ന് കാലയവനികയിൽ മറഞ്ഞ അട്ടിപ്പേറ്റി പിതാവിൻറെ പൂജ്യ ശരീരം കത്തീഡ്രൽ ക്രിപ്റ്റിൽ അടക്കിയിരിക്കുന്നു. 2020 ജനുവരി 21 നു ഡോ. ജോസഫ് അട്ടിപ്പേറ്റി പിതാവിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ. ആന്റണി തണ്ണിക്കോട് 1979 മാർച്ച് 11ന് സ്ഥാനമേറ്റു. മംഗലപ്പുഴ സെമിനാരി മേജർ റെക്ടറായിരുന്നു.1984 ഫെബ്രുവരി 24- ആ പുണ്യ ജീവിതം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തണ്ണിക്കോട്ട് പിതാവിൻറെ ഭൗതിക ശരീരവും ഇവിടെ അടക്കംചെയ്തു. ഡോ. അട്ടിപ്പേറ്റി പിതാവിൻറെ പിൻഗാമിയായി 1971 -ൽ മെത്രാപ്പോലീത്തയായി ഡോ. ജോസഫ് കേളന്തറ സ്ഥാനമേറ്റു. 1986-ൽ ജോൺപോൾ മാർ പാപ്പായുടെ ഭാരത സന്ദർശനം കേളന്തറ പിതാവിൻറെ കാലത്തായിരുന്നു. 1986 ഒക്ടോബർ 19- ആം തീയതി കേളന്തറ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞു. പിതാവിൻറെ പൂജ്യ ശരീരവും ഇവിടെ അടക്കം ചെയ്തത് കത്തീഡ്രലിലണ്

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ പാപ്പാ തൻറെ പ്രൊഫസർ എന്ന് വിശേഷിപ്പിച്ചിരുന്ന ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ 1996 നവംബർ മൂന്നിന് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. അതിരൂപതയിൽ നവദർശൻ പ്രവർത്തനം ആരംഭിച്ചതും, കേരള റീജൻ കാത്തലിക് കൗൺസിലിന് തുടക്കം കുറിച്ചതും പിതാവിൻറെ ഏറ്റവും വലിയ സംഭാവനകളായിരുന്നു. വല്ലാർപാടം പള്ളി ഉയർത്താനായതു പിതാവിൻറെ ചരിത്ര നേട്ടം തന്നെയാണ്. അതിരൂപതയ്ക്ക് വേണ്ടി വിശ്രമമില്ലാതെ സേവനം ചെയ്ത പിതാവ് 2009 ഒക്ടോബർ 26ന് ദിവംഗതനായി. പിതാവിൻറെ ഭൗതികശരീരം ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കവിയും പണ്ഡിതനും “മങ്ങാത്ത സ്മരണകൾ ” എന്ന ആത്മകഥയും എഴുതിയിട്ടുള്ള ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് 1987 മാർച്ച് 19 വിജയപുരം രൂപത മെത്രാനായിരിക്കെ വരാപ്പുഴ മെത്രാപ്പോലീത്തയായി നിയമിതനായി. കോട്ടപ്പുറം രൂപത രൂപീകരണം പിതാവിൻറെ കാലത്തായിരുന്നു. 1996 ഓഗസ്റ്റ് അഞ്ചിന് പിതാവ് ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. പിന്നീട് പ്രാർത്ഥനയിലും പഠനത്തിലും എഴുത്തിലും ഗാനരചനയിലും ധ്യാനത്തിലും മുഴുകിയിരുന്ന കൊർണെലിയൂസ് പിതാവ് 2011-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിതാവും കത്തീഡ്രലിൽ അന്ത്യവിശ്രമം കൊള്ളുന്നു.

വരാപ്പുഴ അതിരൂപത നൗകയെ കാറ്റിലും കോളിലും സുധീരം നയിച്ചിരുന്ന പുണ്യശ്ലോകരായ പിതാക്കന്മാരുടെ ഭൗതികശരീരം വിലയം പ്രാപിച്ചിരിക്കുന്നത് കത്തീഡ്രലിലാണ്

admin

Leave a Reply

Your email address will not be published. Required fields are marked *