സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.
സെൻറ് ഫ്രാൻസിസ്
അസ്സിസി കത്തീഡ്രൽ –
ചരിത്ര അവലോകനം.
കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക് വേണ്ടി 1821-ൽ ദ്വീതിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ നാമത്തിൽ ഒരു ഇടവകയും ദേവാലയവും സ്ഥാപിച്ചു. വരാപ്പുഴ വികാരിയത്തിന്റെ വികാർ അപ്പോസ്തലിക ആയിരുന്ന അഭിവന്ദ്യ മിലസ് പെൻഡർഗാസ്റ്റ് മെത്രാനായിരിക്കുമ്പോഴാണ് ഈ ദേവാലയം പണിയിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയുടെ മുൻ രൂപമായ വരാപ്പുഴ വികാരിയത്ത് പരി. പിതാവ് ക്ലമെന്റ് 11- മൻ പാപ്പ 1709 മാർച്ച് 13 നും ആദ്യരൂപമായ മലബാർ വികാരിയത്ത് പരി. പിതാവ് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ 1659-ൽ ഡിസംബർ 3ന് സ്ഥാപിച്ചതോടെ വരാപ്പുഴ ദ്വീപ് കേന്ദ്രീകൃതമായാണ് പ്രവർത്തനങ്ങളെല്ലാം നിർവഹിക്കപ്പെട്ടിരുന്നത്.
പരി. പിതാവ് ലെയോ പതിമൂന്നാമൻ പാപ്പ 1886 സെപ്റ്റംബർ 1-ന് വരാപ്പുഴ വികാരിയത്തിനെ വരാപ്പുഴ അതിരൂപതയായി ഉയർത്തുകയുണ്ടായി. പിന്നീട് അന്നത്തെ കൊച്ചി രാജ്യത്തിൻറെ ഭരണസിരാകേന്ദ്രവും വാണിജ്യ- സാംസ്കാരിക തലസ്ഥാനവുമായി എറണാകുളം വളർച്ച നേടുമ്പോൾ ആർച്ച് ബിഷപ്പ് ബർണാഡ് ആർഗ്വിൻ സോണിസിന്റെ
ശുശ്രൂഷ കാലത്ത് സുപ്രധാനമായ ഒരു അജപാലന തീരുമാനം കൈക്കൊണ്ടു
വരാപ്പുഴ ദ്വീപിലായിരുന്ന അതിരൂപത ആസ്ഥാനം അവിടെനിന്ന് നഗരവികസനത്തിന്റെ പാതയിൽ എത്തിയ എറണാകുളത്തേക്ക് മാറ്റി പ്രതിഷ്ഠിക്കാൻ ബർണാഡ് പിതാവ് തീരുമാനിച്ചു. 1904-ൽ ആയിരുന്നു ഈ ആസ്ഥാനപരിക്രമം. അന്ന് അതിരൂപത മന്ദിരത്തിന്റെ കിഴക്കോരം ചേർന്ന് എളിമപ്പെട്ട് നിലകൊണ്ടിരുന്ന സെന്റ് ഫ്രാൻസിസ് അസ്സിസി ദേവാലയം അതോടെ വരാപ്പുഴ അതിരൂപതയുടെ പ്രോ കത്തീഡ്രലായി മഹിമപ്പെടാൻ തുടങ്ങി. തുടർന്ന് വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായി ചുമതലയേറ്റ ജോസഫ് അട്ടിപ്പേറ്റി 1936-ൽ ഈ ദേവാലയം തന്റെ ഭദ്രാസനപള്ളിയാക്കി. അതോടെ സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ എറണാകുളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒന്നര നൂറ്റാണ്ടുകാലം നിലനിന്നിരുന്ന ഈ മഹാദേവാലയം കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലം പുതുക്കിപ്പണിയേണ്ട അവസ്ഥയിലായി. 1977-ൽ ഒക്ടോബർ നാലാം തീയതി അഭിവന്ദ്യ ജോസഫ് കേളന്തറ മെത്രാപൊലീത്ത അടിസ്ഥാനശില ആശിർവദിച്ചു കൊണ്ട് പുനർ നിർമാണത്തിന് തുടക്കം കുറിച്ചു.
1981 ഒക്ടോബർ നാലാം തീയതി ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ തിരുനാൾ ദിനത്തിൽ പിതാവ് തന്നെ പ്രതിഷ്ഠാപന കർമ്മം നിർവഹിച്ചു.