യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.
യുവജനങ്ങളോടു പാപ്പാ:
ജീവിതം കൊണ്ട് യേശുവിന്
സാക്ഷ്യം നൽകുക.
വത്തിക്കാന്‍ : രൂപതകളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.
2021 ലെ രൂപതാ ആഗോള യുവജനദിനത്തിനു ഫ്രാൻസി സ് പാപ്പാ നൽകിയ സന്ദേശത്തിൽ വി.പൗലോസ് അപ്പോസ്തലന്‍റെ കാൽപ്പാടു പിൻതുടർന്ന് ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു.
36 മത് ലോകയുവജന ദിനം 2021 നവംബർ 21നാണ് നടക്കുന്നത്. ലോകമാസകലമുള്ള രൂപതകളിൽ ആഘോഷിച്ചു കൊണ്ടാണ് 2023 ൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ആഗോള യുവജന ദിനത്തിന് സഭ ഒരുങ്ങുന്നത്.
സെപ്റ്റംബര്‍ ഇരുപത്തേഴാം തിയതി, തിങ്കളാഴ്ചയാണ് പാപ്പാ തന്‍റെ സന്ദേശം പ്രകാശനം ചെയ്തത്. “എഴുന്നേൽക്കൂ, ഞാൻ നിങ്ങളെ, നിങ്ങൾ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു” (അപ്പോ : 26: 16) എന്ന ശീർഷകമാണ് സന്ദേശത്തിന് നൽകിയിട്ടുള്ളത്.
കോവിഡ് 19 മൂലം പ്രത്യേകിച്ച് യുവജനങ്ങൾ നേരിട്ട തിരിച്ചടികളും ബുദ്ധിമുട്ടുകളും മുൻനിറുത്തി അവർ ലോകത്തിൽ വഹിക്കേണ്ട പ്രധാന പങ്കിനെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ എഴുതിയത്. പല യുവതീയുവാക്കളും കുടുംബത്തിൽ പ്രശ്നങ്ങൾ വളരുന്നതും, തൊഴിലില്ലായ്മയും,വിഷാദവും,ഏകാന്തതയും ആസക്തികര പെരുമാറ്റവും അനുഭവിച്ചു എങ്കിലും പകർച്ചവ്യാധിയുടെ അനുഭവം യുവജനങ്ങളുടെ പുണ്യങ്ങളെ പുറത്തു കൊണ്ടുവന്നു.അവരുടെ ഐക്യദാർഢ്യത്തിനായുള്ള ചായ്‌വ് പ്രത്യേകം പാപ്പാ ചൂണ്ടിക്കാണിച്ചു.
എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരു തരത്തിൽ മുഴുവൻ മനുഷ്യ കുലവുമാണ് വീഴുന്നതെന്നും, എന്നാൽ അതുപോലെ തന്നെ എപ്പോഴെല്ലാം ഒരു യുവാവ് എഴുന്നേൽക്കുന്നുവോ അപ്പോഴെല്ലാം മുഴുവൻ ലോകവും ഉയിർക്കുന്ന പോലാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇത്തരം ചിന്തകളുമായി എഴുന്നേൽക്കാനും അവരുടെ അഭിനിവേശവും ഉൽസാഹവും കൊണ്ട് ലോകത്തെ പുനരാരംഭിക്കാൻ സഹായിക്കാനും ക്രൈസ്തവ യുവജനങ്ങളോടു ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
തന്‍റെ സന്ദേശത്തിന്‍റെ ശീർഷകമെടുത്ത അപ്പോസ്തല പ്രവർത്തനങ്ങളിലെ വാക്യങ്ങളിലൂടെ പിന്നീട് പാപ്പാ നീണ്ട പരിചിന്തനം നടത്തി. രാജാവായ അഗ്രിപ്പയുടെ മുന്നിൽ നടക്കുന്ന വിചാരണയിൽ തന്‍റെ മാനസാന്തര കഥ വിവരിക്കുന്ന പൗലോസിന്‍റെ കഥയാണവിടെ പശ്ചാത്തലം.20 വർഷം മുന്നേ ക്രൈസ്തവരെ പീഡിപ്പിക്കാൻ തിരക്കിട്ട് നടന്ന നേരത്ത് അവനെ കുതിരപ്പുറത്തു നിന്ന് വീഴ്ത്തുന്ന ഒരു പ്രകാശവും യേശു അവനോടു സംസാരിക്കുന്ന ശബ്ദവും പൗലോസ് കേൾക്കുന്നു.
അന്ന് സാവൂൾ ആയിരുന്ന പൗലോസിനെ കർത്താവ് പേരു പറഞ്ഞു വിളിച്ചത് അവനെ യേശുവിന് വ്യക്തിപരമായി അറിയാമെന്നതിന്‍റെ തെളിവാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
യേശുവും സഭയും ഒന്നാണ്
യേശുവിനോടു പൗലോസ്, “ആരാണ് നീ കർത്താവേ” എന്നാണ് പ്രതികരിച്ചതെന്നാണ് പാപ്പാ പറയുന്നത്. ഈ ചോദ്യം എപ്പോഴെങ്കിലും ഒരിക്കൽ നമ്മൾ എല്ലാവരും ചോദിക്കേണ്ടിവരും. ഈ ചോദ്യമാണ് യഥാർത്ഥത്തിൽ പ്രാർത്ഥനയെന്ന് പറയുന്നത് എന്നും യേശുവുമായുള്ള വ്യക്തിപരമായ സംഭാഷണവും ബന്ധവുമാണ് അതെന്ന് പാപ്പാ പറഞ്ഞു.
ഈ ചോദ്യത്തിനുള്ള യേശുവിന്‍റെ ഉത്തരം “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ” എന്നായിരുന്നു. അതുവരെ ക്രൈസ്തവരെ മാത്രമാണ് താൻ പീഡിപ്പിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന പൗലോസിനെ യേശുവും സഭയും ഒരു ശരീരമാണെന്ന് യേശു ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.
സഭയെ അറിയാതെ യേശുവിനെ അറിയാൻ കഴിയില്ല എന്ന് സൂചിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ യേശുവിന്‍റെ സമൂഹത്തിലെ സഹോദരീ സഹോദരരെ ഒഴിവാക്കിക്കൊണ്ട് ഒരാൾക്കും യേശുവിനെ അറിയാൻ കഴിയുകയില്ലെന്നും സഭാതലത്തിൽ വിശ്വാസം അനുഭവിക്കാതെ നമുക്കൊരിക്കലും പൂർണ്ണമായി ക്രൈസ്തവരെന്നു വിളിക്കാൻ കഴിയുകയില്ല എന്നും പാപ്പാ പറഞ്ഞു വച്ചു
പല പ്രോൽസാഹനങ്ങളും നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ 2021 ലെ രൂപതാ യുവജനദിന സന്ദേശം അവസാനിപ്പിച്ചത്.എഴുന്നേൽക്കുക! ഒരു ദൗത്യം അവരെ കാത്തിരിക്കുന്നു എന്നും മ്ലാനരായിരിക്കാതെ അവരിൽ യേശു തുടങ്ങിവച്ചവയ്ക്ക് സാക്ഷികളാകാൻ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.