ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!
കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍.
1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം
നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു പിന്നില്‍ ചെറിയൊരു കുന്നുണ്ട്. ഈ കുന്നിന്‍ മുടിയില്‍നിന്നു നോക്കിയാല്‍ പട്ടണത്തെ മുട്ടിയുരുമ്മി കടന്നുപോകുന്ന രണ്ട് രാജപാതകള്‍ കാണാം. മദ്ധ്യധരണി ആഴിയുടെ ഓരം ചേര്‍ന്നു പോകുന്ന പടിഞ്ഞാറന്‍ പാത. അത് സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസ്സില്‍ ചെന്നുചേരുന്നു.
രണ്ടാമത്തേത്, കിഴക്കന്‍ പാതയാണ്. പലസ്തീനായുടെ പടിഞ്ഞാറ് മദ്ധ്യധരണ ആഴിയോടു ചേര്‍ന്നുള്ള തുറമുഖ പട്ടണങ്ങളെ തൊട്ടുരുമ്മി, മെസൊപ്പൊട്ടേമിയാ പോലുള്ള കിഴക്കന്‍ രാജ്യങ്ങളിലേയ്ക്കും നയിക്കുന്നു. റോമന്‍ സാമ്രാജ്യത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തികളിലേയ്ക്ക് സൈന്യനീക്കങ്ങള്‍ നടന്നിരുന്നത് ഈ പാതയിലൂടെയായിരുന്നു. നസ്രത്തിലൂടെയാണ് പണ്ടൊരിക്കല്‍ റോമന്‍സൈന്യം മാര്‍ച്ചുചെയ്ത് ജരൂസലമിലെത്തിയതും പലസ്തീന കീഴടക്കിയതുമെന്ന് പഴമക്കാര്‍ പറയും.. അതിന്‍റെ ഭവിഷത്തുകള്‍ അനുഭവിച്ചത് തലമുറകളാണ്.
കുന്നിന്‍ മുടിയില്‍നിന്നും പടിഞ്ഞാറേയ്ക്ക് നോക്കിയാല്‍ തീരദേശ പാതയ്ക്കുമപ്പുറം ഇന്ദ്രനീലംപോലെ മിന്നിത്തിളങ്ങുന്ന മദ്ധ്യധരണി ആഴി കാണാം. സന്ധ്യമയങ്ങിയാല്‍ അതില്‍ നിരനിരയായ് മിന്നാമിനുങ്ങുകള്‍പോലുള്ള വര്‍ണ്ണപ്പൊട്ടുകള്‍ കാണും. അത് ചെറുകപ്പലുകളാണ്. ഈജിപ്തിലേയ്ക്കും ഗ്രീസിലേയ്ക്കു റോമിലേയ്ക്കും ചരക്കുകയറ്റിപ്പോകുന്ന പായ്ക്കപ്പലുകള്‍.
2. ഇസ്രായേലിന്‍റെ കേന്ദ്രമായിരുന്ന പലസ്തീന
പിന്നെ കാഴ്ചകള്‍ക്കപ്പുറം…. പ്രായംചെന്നവരുടെ ഉറക്കം കെടുത്തിയത് കാലത്തിനൊത്ത് മാറിമറിഞ്ഞു കൊണ്ടിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളായിരുന്നു. രാജപാതയിലൂടെ അണിയണിയായ് നീങ്ങിക്കൊണ്ടിരുന്ന റോമന്‍ സൈന്യവ്യൂഹം അവരില്‍ നഷ്ടപ്രതാപത്തിന്‍റെ ദുഃഖസ്മൃതികള്‍ ഉണര്‍ത്തി.
മോശയിലൂടെ ദൈവം വെളിപ്പെടുത്തിയ വാഗ്ദത്ത ഭൂമിയായിരുന്നു പലസ്തീനാ, തേനും പാലും ഒഴുകുന്ന ഭൂമി! ജോഷ്വാ അത് വെട്ടിപ്പിടിച്ച് അവരുടെ പൂര്‍വ്വീകരായ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്കായി വീതിച്ചുകൊടുത്തതായിരുന്നു. അങ്ങനെ യഹുദജനത പല്സ്തീനായെ കേന്ദ്രീകരിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രമായി മാറി.
ദാവീദിന്‍റെയും സോളമന്‍റെയും സുവര്‍ണ്ണകാലത്തെ കുറിക്കുന്ന സ്മരണകള്‍ ഇന്നും അവരെ പുളകം കൊള്ളിക്കുകയാണ്. എന്നാല്‍ പിന്നീടുണ്ടായ അന്തഃച്ഛിദ്രത്തിന്‍റെ നാളുകളില്‍ രാജ്യം രണ്ടായി പിളര്‍ക്കപ്പെട്ടു. ഈ ദൗര്‍ബല്യം മുതലെടുത്ത് ആദ്യം അസീറിയായും പിന്നെ ബാബിലോണും പലസ്തീന ആക്രമിച്ചു കീഴടക്കി. അതിനുശേഷം പേര്‍ഷ്യയും ഗ്രീസും യഹുദ ജനതയുടെമേല്‍ ആധിപത്യം അടിച്ചേല്പിച്ചു. ഇപ്പോഴിതാ റോമന്‍ സാമ്രാജ്യശക്തിയുടെ മേധാവിത്വത്തിനു കീഴില്‍ അവര്‍ അടിമകളെപ്പോലെ കഴിയുകയാണ്.
3. റോമന്‍ മേല്‍ക്കോയ്മയും വിമോചകനെക്കുറിച്ചുള്ള വാര്‍ത്തയും
വിദേശാധിപത്യത്തിന്‍റെ നുകത്തിനുകീഴില്‍ കഴിഞ്ഞിരുന്ന ഈ നാളുകളിലത്രയും പ്രത്യാശയുടെ നെയ്ത്തിരി അവരുടെ അന്താരാത്മാവില്‍ എരിഞ്ഞു കത്തുന്നുണ്ടായിരുന്നു – പ്രവാചകന്മാര്‍ മൊഴിഞ്ഞ വിമോചകന്‍റെ വരവും ഇസ്രായേലിന്‍റെ മോചനവും! അവരെ സംബന്ധിച്ചിടത്തോളം അത് ജ്വലിക്കുന്നൊരു സ്വപ്നവും തലമുറകളുടെ പുഴനീന്തിക്കടന്നു വന്ന ഊഷ്മളമായ വികാരവുമായിരുന്നു.
അങ്ങനെ ഇരിക്കുമ്പാഴായിരുന്നു രാജപാതയിലൂടെ കടന്നുപോയ ഒരു കൂട്ടം കച്ചവടക്കാര്‍ കോരിത്തരിപ്പിക്കുന്ന വാര്‍ത്ത അവരുടെ കാതില്‍ പകര്‍ന്നത്.
‘ദാ….വിമോചകന്‍ പിറക്കാനുള്ള സമയമായിരിക്കുന്നു!’
പലസ്തീനായിലെ എല്ലാ സിനഗോഗുകളിലും തിരുവെഴുത്തുകളില്‍ പറയുന്ന രക്ഷയുടെ കാലസൂചിക എന്തെന്ന് റബ്ബിമാര്‍ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. നാടും നഗരവും ഒരുപോലെ ഇളകിമറിഞ്ഞു. നാടുവാഴിയായ ഹേറോദേസ് ജനമുന്നേറ്റത്തെ ഭയന്ന് തെരുവീഥികള്‍ തോറും പട്ടാളത്തെ വിന്യസിപ്പിച്ചു.
4. നസ്രത്തിലെ സിനഗോഗും
തിരുവെഴുത്തുകളുടെ വ്യാഖ്യാനവും
നസ്രത്തിലെ കൊച്ചുപള്ളിയിലേയ്ക്കും, അവിടത്തെ റാബായ് യഹൂദായുടെ ഭവനത്തിലേയ്ക്കും ആളുകള്‍ ഇരച്ചുകയറി. പ്രാര്‍ത്ഥനയ്ക്കു സമയമായപ്പോള്‍ റബ്ബി വിശുദ്ധസ്ഥലത്തു പ്രവേശിച്ചു. പേടകം തുറന്ന് ഗ്രന്ഥച്ചുരുള്‍ എടുത്തു. പീഠത്തില്‍നിന്നുകൊണ്ട്, അരണ്ട വെളിച്ചത്തില്‍ ചുരുള്‍ നിവര്‍ത്തി. പഴയ നിയമത്തിലെ ദാനിയേലിന്‍റെ ദര്‍ശനത്തിലെ വരികള്‍ അവരെ വായിച്ചു കേള്‍പ്പിച്ചു.
“ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കി മറിക്കുന്നത് നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു. നാല് വലിയ മൃഗങ്ങള്‍ കടലില്‍നിന്ന് കയറിവന്നു…. ഭൂമിയില്‍നിന്ന് ഉയര്‍ന്നു വരുന്ന നാല് രാജാക്കന്മാരാണ് ഈ മൃഗങ്ങള്‍… നാലാമത്തെ മൃഗം ഭൂമിയിലെ സാമ്രാജ്യമാണ്… അത് ഭൂമിയെ മുഴുവന്‍ വെട്ടി വീഴുങ്ങുകയും ചവിട്ടി മെതിക്കുകയും, കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും….” (ദാനിയേല്‍ 7, 2..).
പിന്നെ റാബായ് വിശദീകരണം നല്കി. ദര്‍ശനം വിരല്‍ ചൂണ്ടുന്ന നാല് സമ്രാജ്യങ്ങളാണ് ബാബിലോണും, പേര്‍ഷ്യയും, ഗ്രീസും, റോമും. നാലാമത്തെ സാമ്രാജ്യം – റോമിന്‍റെ തേര്‍വാഴ്ച അതിന്‍റെ പരകോടിയിലെത്തും. ഒരു ധൂമകേതുവിനെപ്പോലെ റോം ഭൂമിയെ മുഴുവന്‍ ഗ്രസിച്ചു നില്ക്കും. രാജ്യങ്ങളെ ചവിട്ടിമെതിക്കും.
5. വിയോജിപ്പിന്‍റെ ശബ്ദവും ജനങ്ങളുടെ നിരാശയും
ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും അപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു.
“രാജ്യങ്ങളുടെ കാര്യം അവിടെ നില്ക്കട്ടെ. ഇപ്പോള്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? പലസ്തീനാ അവളുടെ മക്കളെച്ചൊല്ലി
അലമുറയിട്ടു കരയുകയാണ്. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ
ഇസ്രായേലിനെ നാലാമത്തെ മൃഗം ചവിട്ടി മെതിക്കുകയും,
പതിരുകെടാത്ത തീയിലെന്നോണം നീറ്റി എരിയിക്കുകയാണ്.”
6. വിമോചകന്‍ പിറക്കാന്‍ സമയമായി!
ശാന്തരായിരിക്കുവാന്‍ ആളുകളോട് ആവശ്യപ്പെട്ടശേഷം, റാബായ് വായന തുടര്‍ന്നു.
“ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു.
അതിന്‍റെ ശരീരം നശിപ്പിക്കപ്പെട്ടു. അഗ്നിയില്‍ ദഹിപ്പിക്കപ്പെടുകയും ചെയ്തു.” (ദാനി. 7, 11).
ജനങ്ങള്‍ ആവേശംകൊണ്ട് ആര്‍ത്തുവിളിച്ചു. റാബായ് ശാസനാരൂപത്തില്‍ പറഞ്ഞു.
“തിരുവെഴുത്തുകള്‍ ഹൃദയത്തില്‍ സംഗ്രഹിക്കാനുള്ളതാണ്.
ഇങ്ങനെ ഒച്ചവയ്ക്കാതെ ഇനിയുള്ള ഭാഗം ശ്രദ്ധിച്ചു കേള്‍ക്കൂ!”
പിന്നെയും ആളുകള്‍ നിശ്ശബ്ദരായി തുടര്‍ന്നുള്ള വചനങ്ങള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ റാബായ് വായിച്ചു കേള്‍പ്പിച്ചു.
“മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു… ആധിപത്യവും മഹത്വവും രാജത്വവും അവന് നല്കപ്പെട്ടു. അവന്‍റെ ആധിപത്യം ശാശ്വതമാണ്. അത് ഒരിക്കലും ഇല്ലാതാവുകയില്ല. (ദാനി. 7, 13…).
ഒരു നിമിഷം കണ്ണടച്ചിരുന്നതിനുശേഷം റാബായ് പറഞ്ഞു.
“അതെ, അതിന് സമയമായി. ഇസ്രായേലിന്‍റെ നിലവിളി ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു. വിമോചകന്‍ പിറക്കാന്‍ സമയമായിരിക്കുന്നു!”
ഹര്‍ഷാരവത്തോടെ ജനം പിരിഞ്ഞു പോകുമ്പോള്‍, നേരം ഏതാണ്ട് വെളുക്കാറായിരുന്നു.
എങ്ങും കൂടിയാലോചനകള്‍. എവിടെയും കൂട്ടം ചേരലുകള്‍. കൃഷിയിടങ്ങളിലും മുന്തിരിത്തോപ്പുകളിലും ചന്തസ്ഥലത്തും സിനഗോഗിന്‍റെ മുറ്റത്തുമെല്ലാം ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മോചനത്തിനായി ദാഹിക്കുന്ന മനസ്സുകള്‍ രക്ഷകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവരുടെ തൃഷ്ണയില്‍ തീകോരിയിടുകയായിരുന്നു. പക്ഷെ സ്വപ്നങ്ങള്‍ക്ക് നിറഭേദങ്ങളുണ്ടായിരുന്നു.
7. മിശിഹായെക്കുറിച്ചുള്ള ജനസങ്കല്പങ്ങള്‍
ചിലരുടെ സങ്കല്പത്തിലെ മിശിഹാ അതായത് വിമോചകന്‍ അജയ്യനായൊരു യോദ്ധാവായിരുന്നു. ചക്രവാളത്തിനും അപ്പുറത്തേയ്ക്ക് ഇരമ്പിക്കയറുന്ന മേധാവിത്വത്തിന്‍റെ പ്രതീകം…! അധികാരത്തിന്‍റെ പ്രതിരൂപം!!
മറ്റുചിലര്‍ക്ക് മോചനം, അനിവാര്യം!!! ആധിപത്യവും സ്വീകാര്യം! പക്ഷെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയേ തീരൂ. ഇടയന്‍റെ വടിയാണ് നല്ലത്. ഇരുമ്പുദണ്ഡല്ല…. സ്നേഹവും നീതിയും വേണം. കരുണയുടെ കടലായിരിക്കണം മിശിഹാ… എന്നിങ്ങനെ…
ദര്‍ശനങ്ങളുടെ നിറഭേദങ്ങള്‍ക്കിടയിലും നസ്രത്ത് ഒരഗ്നിപര്‍വ്വതംപോലെ പുകയുകയായിരുന്നു…. അവരിലുമുണ്ടായിരുന്നു… തീവ്രവാദികള്‍! റോമന്‍ ഭരണത്തെ പാടെ വെറുത്തവരും, എതിര്‍ത്തവരും….
റോമന്‍ ഭടന്മാരെ പതിയിരുന്നു കഴുത്തു ഞെരിച്ചു വകവരുത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
8. രക്ഷകാ എന്നു നീ വരും?!
ഒരു ദിവസം നസ്രത്തിലെ ചന്തസ്ഥലത്തേയ്ക്ക് പെട്ടന്ന് രണ്ടു റോമന്‍ പട്ടാളക്കാര്‍ കടന്നുവന്നു. അതിലൊരുവന്‍ മദ്യത്തിന്‍റെ ലഹരിയില്‍ അവിടത്തെ പഴക്കച്ചവടക്കാരിയെ എന്തോ അസഭ്യം പറഞ്ഞു. കേട്ടുവന്ന ചെറുപ്പക്കാര്‍ അവനെ തടഞ്ഞുവച്ചു. എവിടെനിന്നോ പാഞ്ഞെത്തിയൊരു തീവ്രവാദി കത്തിയൂരും മുമ്പെ ആരൊക്കെയോ ചേര്‍ന്ന് പട്ടാളക്കാരനെ രക്ഷപ്പെടുത്തി.
അന്നു രാത്രി നസ്രത്തിലെ മുതിര്‍ന്നവരെയും മൂപ്പന്മാരെയും റാബായ് യഹൂദ ദേവാലയാങ്കണത്തില്‍ വിളിച്ചു വരുത്തി. ഉപദേശരൂപത്തില്‍ ഇങ്ങനെ പറഞ്ഞു.
“പലസ്തീനായിലെങ്ങും വിമോചനകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ചിലമ്പണിയുകയാണ്. നസ്രത്തില്‍ മോഹങ്ങളുടെ മഴവില്‍ക്കാടുകള്‍ പൂത്തുലയുന്നു.
പക്ഷെ ഒരെടുത്തു ചാട്ടം ഒന്നിനും പരിഹാരമാവില്ലെന്നോര്‍ക്കണം. വിമോചകന്‍ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. ദൈവത്തിന്‍റെ കരങ്ങള്‍ക്ക് വേഗതകൂട്ടാന്‍ മനുഷ്യന്‍ ശ്രമിക്കരുത്. മക്കളെയും, പ്രത്യേകിച്ച് ചെറുപ്പക്കാരെ നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം.”
9. ദൈവിക വാഗ്ദാനങ്ങള്‍ നിറവേറും
അപ്പോള്‍ കാരണവന്മാരില്‍ ഒരാള്‍ ചോദിച്ചു.
“വിമോചകന്‍ പിറക്കാന്‍ സമയമായെന്ന് തിരുവെഴുത്തുകള്‍ സമര്‍ത്ഥിക്കുന്നു. പക്ഷെ
ആ സമയം എപ്പോള്‍ സമാഗതമാവുമെന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്.”
റാബായ് പറഞ്ഞു. “ദിവസവും തീയതിയും സമയവുമൊന്നും പറയാനാവില്ല.
എങ്കിലും ഒന്നുറപ്പിക്കാം. ഒരിക്കലും വരാത്തൊരു അതിഥിയെയല്ല നമ്മള്‍ കാത്തിരിക്കുന്നത്. പൂര്‍വ്വപിതാവായ അബ്രാഹത്തിന് ദൈവം പണ്ടൊരു വാക്കു നല്കിയിട്ടുണ്ട്.
അവന്‍റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടുമെന്ന്.
ആ സന്തതിയെക്കുറിച്ച് ഏശയ്യാ പറയുന്നതെന്തെന്നും ഓര്‍മ്മയില്ലേ?”
10. ഏശയ പ്രവചിക്കുന്ന സമാധാനരാജാവ്!
അപ്പോള്‍ റാബായ് ചുരുളെടുത്ത് ഏശയ്യായുടെ പ്രവചനഗ്രന്ഥത്തിലെ വരികള്‍ വായിച്ചു.
“ജെസ്സെയുടെ ഗോത്രത്തില്‍നിന്നും ഒരു മുള കിളിര്‍ത്തുവരും. അവന്‍റെ വേരില്‍നിന്നും ശാഖ പൊട്ടിക്കിളിര്‍ക്കും. ദൈവത്തിന്‍റെ ആത്മാവ് അവന്‍റെ മേല്‍ ആവസിക്കും…. നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായയും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും.” (ഏശയ 11, 1-6).
11. സമൂഹത്തിലെ മൗലികവാദികള്‍
ക്ഷണിക്കാത്ത ചില അതിഥികളും കൂട്ടത്തില്‍ നുഴഞ്ഞു കയറിയിരുന്നു. പ്രവചനങ്ങളെയും ദര്‍ശനങ്ങളെയും പുച്ഛിച്ചു തള്ളുന്ന മതവിരോധികള്‍. അവരിലൊരാള്‍ തുറന്നടിച്ചു.
“മരിച്ചു മണ്ണടിഞ്ഞ് അസ്ഥികള്‍പോലും ദ്രവിച്ചുകഴിഞ്ഞ ഒരുപിടി പ്രവാചകന്മാര്‍. അവര്‍ പണ്ടെങ്ങോ പഴന്തോലില്‍ കുറിച്ചുവച്ച ഇനിയും നിറവേറാത്ത കുറെ പ്രവചനങ്ങള്‍… കാലത്തിന്‍റെ ചവറ്റു കുട്ടയില്‍ക്കിടന്ന് ചിതലരിച്ചു തുടങ്ങിയ ദര്‍ശനങ്ങള്‍. എല്ലാം കത്തിച്ചുകളയണം.
കാട്ടുകടന്നല്‍പോലെ യഹൂദ മനസ്സില്‍ കൂടുകൂട്ടിയ വെറുമൊരു സങ്കല്പം മാത്രമാണ് മിശിഹാ…!!
ചിലരൊക്കെ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. ഇരുചെവിയും പൊത്തിക്കൊണ്ട് ആരൊക്കെയോ വിളിച്ചു പറഞ്ഞു.
“ദൈവദൂഷണം!”
12. വിശ്വാസം പ്രത്യാശയുടെ ഉറവിടം
പക്ഷെ റബായ് അക്ഷോഭ്യനായിരുന്നു. നരച്ചുനീണ്ട താടി തടവിക്കൊണ്ട് അയാള്‍ ശാന്തഭാവത്തില്‍ മൊഴിഞ്ഞു.
“വിശ്വാസമാണ് പ്രത്യാശയുടെ ഉറവിടം.
പ്രത്യാശ നശിച്ച ഭാവി നക്ഷത്രങ്ങളില്ലാത്ത ആകാശംപോലെയാണ്.
വെറും ശൂന്യം.
കാലത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ വിമോചകന്‍ പിറക്കും.
ആദിപാപംകൊണ്ട് ശാപഗ്രസ്തമായ ഭൂമിയുടെ മുറിവുണക്കും.
ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റും. നഷ്ടപ്പെട്ട പറുദീസ അവിടുന്ന് വീണ്ടെടുക്കും.
ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കും, ദൈവരാജ്യം തുറക്കപ്പെടും!”
മതവിരോധികളുടെ മുറുമുറുപ്പ് വകവയ്ക്കാതെ തിരുവെഴുത്തുകളില്‍ നിന്നൊരടയാളവും റാബായ് ചൂണ്ടിക്കാണിച്ചു.
“കന്യക ഗര്‍ഭംധരിച്ച് പുത്രനെ പ്രസവിക്കും.
അവിടുന്ന് ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ എന്നു വിളിക്കപ്പെടും” (എശയാ 7, 14).
13. കാത്തിരിപ്പിനു വെളിച്ചമേകിയ ദിവ്യജ്യോതി
ആളുകള്‍ പിരിഞ്ഞുപോയി. ഏകാന്തതയുടെ ഇരപ്പിടത്തില്‍ റാബായ് ശൂന്യതയില്‍ മിഴിനട്ടിരുന്നു. അപ്പോഴതാ….! അങ്ങകലെ, അകലെ… അനന്തതയുടെ പടിയിറങ്ങി യുഗപ്പിറവി വരുന്നതുപോലെ…!!
വെളിച്ചത്തിന്‍റെ തടാകമായി അത് തന്നെ ചൂഴ്ന്നു നില്ക്കുന്നതുപോലെ… നിര്‍വൃതിയുടെ നിലയില്ലാക്കയത്തിലേയ്ക്ക് താന്‍ താണുപോകുന്നതുപോലെയും തോന്നി….!
മിഴികളില്‍ പൊടുന്നനെ ഒരു നക്ഷത്രത്തിളക്കം. അതാ, ദൂരെ, അങ്ങു ദൂരെ
ഒരു സവിശേഷ താരം തെളിഞ്ഞുയരുന്നു, ഉദയംചെയ്യുന്നു….!! അത് ഇനിയും തെളിയും, യൂദായിലെ ഗ്രാമങ്ങളും അവയുടെ നിവാസികളെയും മാത്രമല്ല,
ലോകം മുഴുവനെയും അത് പ്രകാശിപ്പിക്കും…!!
അതിന്‍റെ ശോഭ യുഗാന്ത്യംവരെ ഉയര്‍ന്നു നില്ക്കും !