ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചു
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുന്ന വേളയിലാണ് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവില്‍ ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചത്.
ഓച്ചന്തുരുത്ത് മെയിന്‍ റോഡില്‍ നിന്നാരംഭിച്ച് സെന്റ് ആന്റണീസ് പള്ളിയുടെ കിഴക്കുഭാഗം വഴി സാന്തക്രൂസ് സ്‌കൂള്‍ വരെ എത്തുന്ന റോഡാണിത്.
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ ശാശ്വതസ്മാരകമായി റോഡിന് പേരിടുന്നതിന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ബഹുജന നിവേദനം സമര്‍പ്പിച്ചതില്‍ സഹകരിച്ച നാനാജാതിമതസ്ഥരായ ജനങ്ങള്‍ക്കും പഞ്ചായത്ത് മെംബര്‍ സോഫി ജോയിക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു.
കേരള സമൂഹത്തിന് മറക്കാനാവാത്ത ചരിത്രപുരുഷനും ആധ്യാത്മിക ആചാര്യനുമായ ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുതുതലമുറയ്ക്ക് ഇത് പ്രചോദനം നല്‍കുമെന്നും ഫാ. ചെറിയകടവില്‍ പറഞ്ഞു.