റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും

 റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും
തിരുവനന്തപുരം :   റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും.  കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. 
കോവിഡ്-19 ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്‍ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.  റവന്യു വകുപ്പില്‍ നിന്നും അനുവദിക്കുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും. 
സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, ആവശ്യമായ ഫീസ് ഒടുക്കുന്നതിനും, സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ മൊബൈല്‍ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.  റവന്യു ഉള്‍പ്പെടെ സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങള്‍ എം-കേരളം ആപ്പ് മുഖേന ലഭ്യമാകും
എം-കേരളം മൊബൈല്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് :
1.   ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ.ഒ.എസ്, ആപ് സ്റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. 
2.യൂസര്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം.
3.സര്‍വ്വീസ് എന്ന ടാബില്‍ നിന്നോ ഡിപ്പാര്‍ട്ട്മെന്‍റ്സ് എന്ന ടാബില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ്സ് തെരഞ്ഞെടുക്കാം.
4.ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാം.
5.നിര്‍ദ്ദിഷ്ട ഫീസ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, യു.പി.ഐ, ഭാരത് ക്യു.ആര്‍ എന്നീ ഇ-പേയ്മെന്‍റ് മോഡുകളില്‍ ഒടുക്കാം.
6.സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാവും.
7.സംശയ നിവാരണത്തിനും കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കുമായി 919633015180 (മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഐ.റ്റി.ഐ മിഷന്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം).
14/4/2020

admin

Leave a Reply

Your email address will not be published. Required fields are marked *