ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ; കൊവിഡ്- 19 പശ്ചാത്തലത്തിൽ. വെബിനാർ നടത്തി
കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു.
മഴക്കെടുതികൾ മൂലവും മറ്റുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ നാം എപ്രകാരം തയ്യാറായിരിക്കണം എന്ന് വെബിനാറിൽ പങ്കെടുത്ത വിദഗ്ധർ സംസാരിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ .വി എസ് സുനിൽകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങൾ അതിജീവിക്കാൻ സർക്കാരിനൊപ്പം ചേർന്നുള്ള വരാപ്പുഴ അതിരൂപതയുടെ പ്രവർത്തനങ്ങളെ അദ്ദേഹം നന്ദിപൂർവ്വം അനുസ്മരിച്ചു.
എറണാകുളം ജില്ലാ ഡെപ്യൂട്ടി കളക്ടർ ശ്രീമതി വ്യന്ദ മോഹൻദാസ്,
കാരിത്താസ് ഇന്ത്യയുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന
ഡോ.ഹരിദാസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു .
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, കത്തോലിക്കാ സഭയുടെ ലേബർ മൂവ്മെൻറിന്റെ നേതൃത്വം വഹിക്കുന്ന ശ്രീ ജോസഫ് ജൂഡ്, വരാപ്പുഴ അതിരൂപത പാസ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഷെറി തോമസ്, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ സംസാരിച്ചു.
സോഷ്യൽ സർവീസ് സൊസൈറ്റിയോടൊപ്പം വരാപ്പുഴ അതിരൂപതയുടെ ഐടി മിഷൻ ഡിപ്പാർട്ട്മെൻറ് , ബി സി സി ഡയറക്ടറേറ്റ്, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് എന്നിവരും സെമിനാറിൽ സഹകാരികൾ ആയി. നൂറിലധികം ആളുകൾ വെബിനാറിൽ സംബന്ധിച്ചു.