ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -4, പ്രത്യാഗമനം

 ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -4, പ്രത്യാഗമനം

 

Episode 4

ഫാ. ജോസഫ് അട്ടിപ്പേറ്റി 1927 സെപ്റ്റംബർ ആറാം തീയതി കൊളംബോയിൽ വന്നുചേർന്നു. അവിടെ നിന്ന് സ്വന്തം നാട്ടിലെത്തിയശേഷം സെപ്റ്റംബർ മാസം പത്താം തീയതി സ്വന്തം രൂപതയിൽ പ്രസിദ്ധമായ വല്ലാർപാടം ‘ഔവർ ലേഡി ഓഫ് റാൻസം’ ദേവാലയത്തിലായിരുന്നു ദിവ്യബലി അർപ്പിച്ചത്. വല്ലാർപാടത്തമ്മയെ ഫാ. ജോസഫ് എപ്പോഴും തന്റെ വലിയ മധ്യസ്ഥയായിട്ടാണ് കരുതിപ്പോന്നത്.

വൈദികനായി റോമിൽ നിന്ന് തിരിച്ചെത്തിയ ഫാ. ജോസഫ് അട്ടിപ്പേറ്റിയെ അഭിവന്ദ്യ പിതാവ് പുരാതനമായ ചാത്യാത്ത് പള്ളിയിൽ സഹവികാരിയായി നിയമിച്ചു. കുരിശിങ്കൽ ഇടവകക്കാരൻ തന്നെയായ ഫാ. അലക്സാണ്ടർ ലന്തപറമ്പിലായിരുന്നു അന്ന് അവിടത്തെ വികാരി. കുശാഗ്രബുദ്ധിയും ക്രാന്തദർശിയും കർമ്മകുശലനുമായിരുന്ന അദ്ദേഹത്തിന്റെ കീഴിൽ ഇടവകഭരണത്തിൽ നല്ലപരിശീലനം നേടുവാൻ കഴിഞ്ഞു.

രണ്ട് കൊല്ലത്തോളം മാത്രമേ അവിടെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തുള്ളൂ. എങ്കിലും ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി അവിരാമം യത്നിച്ചുകൊണ്ട് അജപാലനത്തിൽ തനിക്കുള്ള വൈഭവം അദ്ദേഹം പ്രകടമാക്കി.

തുടർന്ന് 1929 ജനുവരി 30 ആം തീയതി അഭിവന്ദ്യ ഏയ്ഞ്ചൽ മേരി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയും അതിരൂപത ചാൻസലറുമായി നിയമിതനായി. അതിരൂപതാ ഭരണത്തിൽ ആവശ്യമായ അറിവും പരിശീലനവും നേടുവാൻ ഈ നിയമനം നിമിത്തമായി. നാലു കൊല്ലത്തോളം ഈ ചുമതലകൾ ഭംഗിയായി നിർവഹിച്ചു.

തിരക്കേറിയ അതിരൂപതയുടെ പ്രവർത്തനങ്ങൾക്കിടയിലും എറണാകുളം നഗരത്തിലെ ഇടവക ദേവാലയത്തിൽ എത്തി വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നു. യുവജനങ്ങളുടെ മതബോധത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ ഫാ. ജോസഫ് പ്രോത്സാഹനം നൽകിക്കൊണ്ടിരുന്നു. എറണാകുളം ഉണ്ണിമിശിഹാ പള്ളിയിലെ സൺഡേ ക്ലാസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ഗ്രന്ഥങ്ങൾ വിതരണം ചെയ്തതും സദുപദേശങ്ങൾ നൽകിയും സൽപ്രവർത്തികളിലേക്ക് പ്രോത്സാഹിപ്പിച്ചും നിശബ്ദമായ മിഷനറിവേലയും നടത്തിപ്പോന്നു.

എറണാകുളം ഗവൺമെൻറ് ആശുപത്രിയിൽ ആതുരശുശ്രൂഷ നടത്തിയിരുന്ന ഉപവിയുടെ കന്യാസ്ത്രീകളുടെ ചാപ്ലിനായും അദ്ദേഹം സേവനം ചെയ്തിരുന്നു. എല്ലാ കാര്യങ്ങൾക്കും പ്രത്യേകം സമയം നിശ്ചയിച്ച് അതതു കൃത്യങ്ങൾ അതതു സമയത്ത് കണിശമായി നടത്തുന്നതിൽ ഫാ. ജോസഫ് അട്ടിപ്പേറ്റിക്ക് ഒരു നിഷ്ഠ ഉണ്ടായിരുന്നു.  (തുടരും )

തദ്ദേശീയ മെത്രാൻ (Next)

Composed by Fr. Koshy Mathew

Reference: 

Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).50.

admin

Leave a Reply

Your email address will not be published. Required fields are marked *