ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും
ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും
ചാക്രികലേഖനത്തോടുള്ള ക്രിയാത്മകമായ പ്രതികരണം
മാർച്ച് 8, തിങ്കളാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ദേശീയ മെത്രാൻ സമിതിക്കുവേണ്ടി ഇപ്പോൾ പരിസ്ഥിതികാര്യങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന ഡാക്കയുടെ മുൻമെത്രാപ്പോലീത്ത, കർദ്ദിനാൾ പാട്രിക് ഡി’റൊസേരിയോ ദേശീയ സഭയുടെ തീരുമാനം വെളിപ്പെടുത്തിയത്. ബംഗ്ലാദേശിലെ സഭ പാപ്പാ ഫ്രാൻസിസിന്‍റെ ആഹ്വാനത്തോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് “ഓരോ ക്രിസ്ത്യാനിയും ഓരോ വൃക്ഷത്തൈ” വീതം നട്ടുവളർത്താൻ ഒരുങ്ങുന്നതെന്ന് കർദ്ദിനാൾ സന്ദേശത്തിൽ വ്യക്തമാക്കി. ബംഗ്ലാദേശിലെ കത്തോലിക്കരുടെ ജനസംഖ്യ കണക്കിലെടുക്കുയാണെങ്കിൽ 4 ലക്ഷം തൈകൾ (400,000) നടേണ്ടതുണ്ടെന്ന് കർദ്ദിനാൾ പാട്രിക് വെളിപ്പെടുത്തി. എല്ലാ കത്തോലിക്കരും വൃക്ഷത്തൈ നടൽ പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതു വഴി, അവർ നാടിന്‍റെ വിശ്വസ്തരായ പൗരന്മാരാണെന്നും ഏറ്റുപറയുകയാണെന്ന് കർദ്ദിനാൾ പാട്രിക് വിശദീകരിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്ത്വമാണെന്നും, ഒരു ക്രൈസ്തവൻ നല്ല പൗരനും ആയിരിക്കേണ്ടതുണ്ടെന്ന കർദ്ദിനാൾ പാട്രിക് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
യുവജനങ്ങളുടെ പിൻതുണ
വൃക്ഷത്തൈ നടൽ പ്രയോഗികമാക്കാൻ രാജ്യത്തെ 8 രൂപതകളിലുള്ള ബംഗ്ലാദേശ് കത്തോലിക്കാ വിദ്യാർത്ഥി സംഘടന (Bangla Catholic Students’ movement) സജീവമായി രംഗത്തുണ്ടെന്നും ആർച്ചുബിഷപ്പ് പാട്രിക് പറഞ്ഞു. കണക്കുകൂട്ടലിൽ 4 ലക്ഷത്തോളം കത്തോലിക്കർക്കൊപ്പം വൃക്ഷത്തൈകൾ നടുന്നതിന് രാജ്യത്തു പിന്നെയും 2 ലക്ഷത്തോളം വരുന്ന ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളിലെ അംഗങ്ങളും പാപ്പാ ഫ്രാൻസിസിന്‍റെ ആഹ്വാനത്തോടു ക്രിയാത്മകമായി പ്രതികരിക്കുമെന്നും കർദ്ദിനാൾ പാട്രിക് അറിയിച്ചു. വൃക്ഷത്തൈ നടുന്ന യത്നത്തിൽ വിശ്വാസികൾ സ്രഷ്ടാവായ ദൈവത്തോടുള്ള ബന്ധവും സൃഷ്ടിയോടും മനുഷ്യകുലത്തോടുമുള്ള ഐക്യദാർഢ്യവും യാഥാർത്ഥ്യമാക്കുകയാണെന്ന് എന്നും പരിസ്ഥിതി പ്രവർത്തകനായിരുന്ന കർദ്ദിനാൾ പാട്രിക് ഡി’റൊസേരിയോ വിശദീകരിച്ചു.
വൃക്ഷം ദൈവികനന്മയുടെ അടയാളം
വൃക്ഷത്തൈകളുടെ ഗുണം പലതാണെന്നു പറഞ്ഞ അദ്ദേഹം അവ ഓരോന്നായി എടുത്തുപറഞ്ഞു. ചിലർക്ക് അതു നല്കുന്ന ചോലയും കുളിർമ്മയുമാണ് പ്രാധാന്യം. എന്നാൽ മറ്റു ചിലർക്ക് വൃക്ഷം തരുന്ന ഫലങ്ങളാണ് അനുഗ്രഹമാകുന്നത്. തീർന്നില്ല, വൃക്ഷങ്ങളുടെ മനോഹാരിത ആസ്വദിക്കുന്നവരും ധാരാളം പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാപ്പായുടെ ചാക്രിക ലേഖനം “അങ്ങേയ്ക്കു സ്തുതി”യെ (Laudato Si’) സംബന്ധിച്ച ഒരു വർഷാചരണം 2020 മെയ് 24-ന് ആരംഭിച്ച് 2021 മെയ് 24-ന് അവസാനിക്കുന്നതാണ്. ഈ വർഷാചരണത്തോടു പ്രതികരിച്ചുകൊണ്ടാണ് ബംഗ്ലാദേശിലെ ദേശീയ കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി കർദ്ദിനാൾ പാട്രിക്ക് ചെയർമാനായുള്ള കമ്മിഷൻ “ഓരോ ക്രിസ്ത്യാനിയും ഓരോ വൃക്ഷത്തൈ…” എന്ന പദ്ധതിക്ക് തുടക്കമിട്ടത്.