‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’ എന്ന കല്പന ഇറക്കിയത് വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ് ???
(2021 ജൂൺ 1 – ആം തീയതി D C F Kerala എന്ന ഫേസ് ബുക്ക് പേജിൽ “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും …. “എന്ന് തുടങ്ങുന്ന ഒരു ലേഖനം കാണാനിടയായി അതിൽ വി. ചാവറ കുര്യാക്കോസ് അച്ചനുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന ചില തെറ്റായ വിവരണങ്ങൾക്കുള്ള മറുപടി)
വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചനുമായി ബന്ധപ്പെട്ട് D C F Kerala എന്ന ഫേസ് ബുക്ക് പേജിൽ( 2021 june 1) പറഞ്ഞിട്ടുള്ളവയിൽ ചിലത് വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്നവയും ആണ്.
വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചൻ വിവിധ രംഗങ്ങളിൽ നൽകിയ യഥാർത്ഥ സംഭാവനകളെ എല്ലാവരും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ ചില ചരിത്രസത്യങ്ങൾ മുറിച്ചുമാറ്റിയും , ചില ചരിത്ര “നിർമ്മാണ” വിദഗ്ധർ നിർമ്മിച്ചെടുക്കുന്ന വ്യാജങ്ങൾ കൂട്ടിച്ചേർത്തും നിർമ്മിച്ചെടുത്ത ചാവറയച്ചനെ യഥാർത്ഥ ചരിത്രത്തിൽ വിശ്വസിക്കുന്നവർ അംഗീകരിക്കില്ല.
D C F Kerala എന്ന ഫേസ് ബുക്ക് പേജിൽ പറഞ്ഞിട്ടുള്ള തെറ്റായ വസ്തുതക കളിൽ ചിലത് താഴെ പറയുന്നതാണ്.
- “പള്ളിക്കൊപ്പം പള്ളിക്കൂടം നിർബന്ധമാക്കികൊണ്ടു ചാവറയച്ചൻ ഒരു വിപ്ലവം തുടങ്ങിവെച്ചു “ .???
- “എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്നു കർശന നിർദ്ദേശം സർക്കുലർ വഴി ചാവറയച്ചൻ നൽകി”.???
“പള്ളിക്കൊപ്പം പള്ളിക്കൂടം” വേണമെന്ന് കല്പിക്കുന്ന സർക്കുലർ കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് ആരംഭം കുറിച്ചു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ ആ കൽപ്പന പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കാൻ മുൻകൈ എടുക്കുകയും, അതിനാവശ്യമായ കാര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്ത ആളെ മാറ്റി നിറുത്തി , അതിന്റെ ഉടമസ്ഥ അവകാശം ചാവറ അച്ചന് നൽകിയാൽ അത് ചാവറ അച്ചനോട് തന്നെ ചെയ്യുന്ന തെറ്റാണ്. കാരണം വി. ചാവറ അച്ചൻ തന്നെ പറയുന്നുണ്ട്, “അസത്യങ്ങൾ സൂര്യനു മുൻപിൽ മഞ്ഞെന്ന പോലെ ഉരുകി പോകുമെന്ന്.”
അപ്പോൾ പിന്നെ കേരള ജനതയുടെ തന്നെ നവോഥാനത്തിന് കാരണമായ, പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ ആരാണ് ?. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ ചാവറ അച്ചനെക്കുറിച്ചു രചിക്കപ്പെട്ട വ്യാജ പുസ്തകങ്ങൾ മാറ്റിവെച്ചു, തെളിവുകളുടെ പിൻബലമുള്ള യഥാർത്ഥ ചരിത്രം അന്വഷിക്കണം.
പള്ളിയോടൊപ്പം പള്ളിക്കൂടം , വേണം എന്ന കൽപ്പന അടങ്ങിയ സർക്കുലറിന്റെ യഥാർത്ഥ കർത്താവ് ആരാണ് എന്ന് ചോദിച്ചാൽ അത് ചാവറ അച്ചനാണ് എന്ന് പറയുന്നവർക്ക് ഈ കല്പനയുടെ ഒരു രേഖ പോലും, ഉയർത്തിക്കാണിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല .
എന്നാൽ ഈ കല്പന ഇറക്കിയത് 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്തയാണ് എന്നത് ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാം. (Ref. വരാപ്പുഴ എന്റെ അതിരൂപത, ജോസഫ് മാനിഷാദ് മട്ടയ്ക്കൽ 2020, P :131- 137)
ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സർക്കുലർ സ്വന്തം കൈപ്പടയിൽ എഴുതിയതിന്റെ ഒറിജിനൽ രേഖാ വരാപ്പുഴ അതിരൂപത ലൈബ്രറിയിൽ ലഭ്യമാണ്. ( വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16, സർക്കുലാർസ് )
ഈ ഇടയലേഖനം ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത ആരംഭിക്കുന്നത് ഇങ്ങനെയാണ്, ” നാം മലയാളതിന്റെ അദ്മിനിസ്‌ത്രദൊര അപ്പസ്തോലിക്കയായ ( അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ) പ്രൊ.ബെർണദിനോസ ദേ സാന്ത ത്രേസ്യാ, ഏരക്ലെയ എന്ന ദിക്കിന്റെ മെത്രാൻ “ (അതായത് അദ്ദേഹം, വരാപ്പുഴ വികാരിയത്തിന്റെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന കാലഘട്ടത്തിൽ (1853-1859) എഴുതിയതാണെന്ന് വ്യക്തം. ആ സമയത്തു അദ്ദേഹം ഏരക്ലെയ എന്ന സ്ഥലത്തെ സ്ഥാനിക മെത്രാൻ കൂടിയായിരുന്നു. )
11 പേജുകളിലായുള്ള ”പള്ളികളോടൊപ്പം പ ള്ളിക്കൂടം” സർക്കുലറിൽ 25 നിയമങ്ങൾ കുറിച്ചിരിക്കുന്നു .അതിലെ നാലാമത്തെ നിയമത്തിൽ മെത്രാപ്പോലീത്ത ഇങ്ങനെ കല്പിക്കുന്നു.
“ഈ ഇടവകകളിൽ ഓരോന്നിൽ ഉൾപ്പെട്ട ജനങ്ങൾ എല്ലാവരും സംക്ഷേപവെദാർത്ഥം നല്ലപോലെ പഠിപ്പാൻ വേണ്ടി ഇടവകയുടെ വലിപ്പംപോലെ അകലപ്പെട്ട് പാർക്കുന്ന ജനങ്ങൾക്കും ആൺപൈതങ്ങൾക്കും പെൺപൈതങ്ങൾക്കും ബുദ്ധിമുട്ടുകൂടാതയും ഒരു നാഴികയിലധികം നടക്കാതയും ഇരിപ്പാൻ തക്കവണ്ണം ഓരൊരൊ ഇടവകയിൽപ്പെട്ട സ്ഥലങ്ങളിൽ ഒക്കയിലും ദിഷ്ടതിയാകുന്ന പള്ളികൂടം വശനത്താലെ നാം കൽപ്പിച്ചിരുക്കുന്ന മാതിരികയിൽ പണിയിച്ച എല്ലാ ഞായറാഴ്ചകളിലും കടമുള്ള പെരുന്നാളുകളിലും ഉച്ച തിരിഞ്ഞ ആറുനാഴിക പകൽ മുതൽ രണ്ടര നാഴിക പകൽ വരെ സംക്ഷപവേദാർതം പഠിക്കുന്നതിന്ന അവരവർക്കടുത്ത പള്ളിക്കൂടത്തിൽ എല്ലാവരുംപ്രത്യേകം ആൺപൈതങ്ങളും പെൺപൈതങ്ങളും വന്നു കൊള്ളണമെന്നും ഓരൊരൊ പള്ളികൂടത്തിൽ സംക്ഷേപവേദാർത്ഥം പഠിപ്പിക്കുന്നതിന്ന വെണ്ടുന്ന അറിവും ക്രമവും അടക്കവുമുള്ളതിൽ ഓരൊരൊ ആചാൻമാരെ നിയമിച്ചാക്കി മേൽ എഴുതിയപ്രകാരം വീഴ്ച കൂടതെ പഠിപ്പിച്ചു കൊൾകയും ബഹു. വികാരിമാരും അതിന്നടുത്ത അടക്കവും ക്രമവും ഉള്ള ഇടവക പട്ടക്കാരും തങ്ങളുടെ എടവകയിലുള്ള പള്ളികൂടത്തിൽ മേൽ എഴുതിയ ദിവസങ്ങളിൽ ചെന്ന് എല്ലാവരും പ്രത്ത്യകം ഇത്തരത്തിലുമുള്ള പൈതങ്ങളും വന്ന പഠിക്കാതെ മുടക്കം വരുത്തന്നുണ്ടോ എന്ന അന്ന്വഷിക്കുന്നതും കൂടാതെ പഠിക്കുന്നതിൻമേൽ പരീക്ഷയും ശോധനയും ശെയ്തുകൊള്ളണമെന്നും എന്നാൽ ആൺപൈതങ്ങളൊ പെൺപൈതങ്ങളൊ മെൽ എഴുതിയ പ്രകാരം പള്ളികൂടത്തിൽ വരാതിരുന്നാൽ പൈതങ്ങളുടെ കുറ്റത്താൽ ആകുന്നു എങ്കിൽ ആ പൈതങ്ങൾക്കും അപ്പന്റെയോ അമ്മയുടയൊ ഭരിക്കുന്നവരുടെയൊ കുറ്റത്താൽ ആയിരുന്നാൽ അവർക്കും വികാരിമാർ ഒതുക്കമായിട്ടുള്ള ചുരുങ്ങിയ ദേഹ ശിക്ഷ കൊടുത്തുകൊള്ളാമെന്നും അതിനാൽ സമ്മതിയ്ക്കാതെ പ്രതിജ്ഞയൊടുകൂടെ പഠിപ്പാൻ വരാതെനിക്കുന്നതായിരുന്നാൽ ആ വിവരം നമ്മുടെ ദേപ്പുത്തദായ തന്നെ അറീച്ചു കൊള്ളണമെന്നും താൻ അവരുടെ പ്രതിജ്ഞയ്ക്കു തക്കവണ്ണം പ്രാച്ചീത്ത്വം കൂടാതെ മറ്റു ദേഹശിക്ഷ എങ്കിൽ ദിഷ്ടതിയാകുന്നു എങ്കിൽ ആ പ്രതിജ്ഞകാരരെ പള്ളിയ്ക്കു പുറത്തു തിരിച്ചുകൊള്ളണമെന്നും പഠിപ്പിക്കുന്നതിന് നിയമിക്കപ്പെട്ട ആചാരന്മാരെ അവരവരുടെ പള്ളിക്കൂടത്തിന്റെ അതിർത്തിയിൽ പെട്ട വീടുകളിൽ ഉള്ള ആൺ പൈതങ്ങളുടയും പെൺ പൈതങ്ങളുടയും വയസും പെരും വിവരവും എഴുതി സൂക്ഷിയ്ക്കയും ഓരോരോ ഇടവകയുടെ ബഹു: വികാരിമാരെ അവരുടെ ഇടവ്കയിൽ പെട്ട പള്ളികൂടങ്ങളിൽ ചേർന്നുവരുന്ന ഇരുതരത്തിലും ഉള്ള പൈതങ്ങളുടെ പേരും വയസും വിവരത്തുംപടി എഴുതി അതിൽ ആരെങ്കിലും മുടക്കം വരുത്താതെ സൂക്ഷിച്ചുകൊൾകയും വേണം എന്നും ‘’.
{NB: വശനത്താലെ നാം കൽപ്പിച്ചിരുക്കുന്ന മാതിരികയിൽ – പള്ളികൂടം വശനത്താലെ“ നാം കല്പ്പിച്ചിരിക്കുന്ന മാതിരികയിൽ പണിയിച്ച..” എന്ന വാചകം കണക്കാക്കുമ്പോൾ, വാക്കാൽ പറഞ്ഞു എന്നു നമുക്കു ഉറപ്പിക്കാം.
ബാംഗ്ലൂർ ധർമ്മാരാം പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഡോ . എ. കാഞ്ഞിരത്തിങ്കൽ സി.എം.ഐ.യുടെ ‘എ ചർച്ച് ഇൻ സ്ട്രഗിൾ’ എന്ന ഗ്രന്ഥത്തിൽ പേജ് 195-ൽ Oral (‘വാക്കാൽ’, വശന താൽ, വചനത്താൽ) കല്പനയിട്ടു എന്നുരേഖപ്പെടുത്തിയിരിക്കുന്നു’’.
“അജപാലനസന്ദർശനവേളയിൽ അദ്ദേഹം വ്യക്തിപരമായി അവതരിപ്പിച്ചതാണിതെന്ന്, “വാക്കാൽ’ കല്പനയിട്ടു എന്നതിന്റെ വിശദീകരണമായി ഇതേ ഗ്രന്ഥത്തിൽ പേജ് 238-ലെ 25-ാം അടിക്കുറിപ്പിൽ കുറിച്ചിരിക്കുന്നു. ഈ വസ്തുതകളുടെയെല്ലാം അടിസ്ഥാനത്തിൽ പ്രസിദ്ധമായ ഈ കല്പന 1856-ൽ വാക്കാൽ പ്രസിദ്ധ പ്പെടുത്തിയെന്ന് നിശ്ചയിക്കാം.}
ഒരു പേജിൽ 35 വരികൾ വീതം 11 പേജുകളിൽ, കറുത്ത മഷിയുള്ള പേന കൊണ്ട് എഴുതിയിട്ടുള്ള കല്പനകളിലെ, ഈ നാലമതെ കല്പന 2-3 പേജുകളിൽ 37 വരികളിലായി പൂർണ്ണവിരാമമില്ലാതെ എഴുതിയതാണ്. ( വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16, സർക്കുലാർസ് )
ബച്ചിനെല്ലി പിതാവ് ഇത് എഴുതിയത് എന്നാണ് ? എവിടെ വെച്ചാണ് ?
മെത്രാപ്പോലീത്താച്ചൻ (ബച്ചിനെല്ലി പിതാവ് ) കല്പിച്ചപ്രകാരം ധ്യാനഗുരുവായ മർസലീനോസ് മിഷണറിയോടൊപ്പം ഏതാനും വൈദികരും ചേർന്ന് 1856-ാം കാലം അവസാനം മാന്നാനത്തിനു സമീപമുള്ള കുടമാളൂർ, കൈപ്പുഴ, മുട്ടുചിറ, കടുത്തുരുത്തി എന്നീ പള്ളികളിൽ ധ്യാനം നടത്തി. ധ്യാനാനന്തരം ആ പള്ളികളിൽ മുറപ്രകാരമുള്ള സ്ന്ദർശനത്തിനു (വിസീത്ത) മെത്രാപ്പോലിത്ത 1857 ഫെബ്രുവരി മാ സത്തിൽ എത്തിയപ്പോൾ മാന്നാനത്തു കുറെനാൾ താമസിച്ചു. ആ താമസത്തിനിടക്കാണ് 1857 മാർച്ച് മാസത്തിൽ ഈ സർക്കുലർ എഴുതിയിട്ടുള്ളത്.
പള്ളികളോടൊപ്പം പള്ളിക്കൂടം എന്ന സർക്കുലർ എഴുതിയത് ബച്ചിനെല്ലി പിതാവ് തന്നെ : കൂടുതൽ തെളിവുകൾ
- 1. ബെർണ്ണദോസ് തോമ്മാ പട്ടക്കാരൻ (ഒരു സി. എം. ഐ. വൈദീകൻ) മാന്നാനത്തുനിന്നും -1908-ൽ പ്രസിദ്ധീകരിച്ച “മലയാളത്തിലെ കൽദായ സുറിയാനി റീത്തിൽ ചേർന്ന കർമ്മലീത്ത നിഷ്പാദുക മൂന്നാംസഭയുടെ (ക.- നി , സ ) ചരിത്രസംക്ഷേപത്തിൽ” പേജ് 246-ൽ ഇങ്ങനെ കുറിച്ചി രിക്കുന്നു.
“മെത്രാപ്പോലീത്താച്ചൻ ( ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത ) ചെയ്ത പ്രധാനകാര്യങ്ങൾ, സ്കൂളുകൾ എല്ലാ കരകളിലും ഇടവകകളിലും സ്ഥാപിക്കുന്നതി നും അതുകളിൽ വേദോപദേശപഠനം ശരിയായി നടത്തുന്നതിനും വേണ്ട നടപടികളൊക്കെ ഏർപ്പെടുത്തിയതും ആണ്. 1858-ാംകാ ലം മുതൽ നമ്മുടെ അച്ചന്മാരിൽ ചാണ്ടിയച്ചൻ, കുരിയാക്കോസ് ഏലീശാച്ചൻ , കാപ്പിൽ മത്തായി മറിയം അച്ചൻ, കാനാട്ട് യാക്കോബ് മറിയം അച്ചൻ, തട്ടാച്ചേരിൽ സ്കറിയാ അച്ചൻ എന്നിങ്ങനെ ഓരോ അച്ചന്മാരെ എട്ടും പത്തും പള്ളികളിൽ അവിടുത്തെ സ്ഥാന പതികളായി നിയമിക്കയും അവർ ആ പള്ളികളിൽ ചുറ്റി നടന്ന് സ്ക്കൂൾ നടത്തൽ, കുട്ടികളുടെ വേദോപദേശപഠനം, ജനങ്ങളുടെ നല്ല വ്യാപാരം എന്നി കാര്യങ്ങൾ അന്വേഷിക്കയും അതിനായി മെത്രാപ്പോലീത്താച്ചൻ കല്പിച്ചു നിശ്ചയിച്ച നിയമങ്ങൾ പോലെ അവർ തങ്ങളുടെ അധികാരത്തിൽപ്പെട്ട പള്ളികളിൽ ചുറ്റിനടന്ന് അതുകളെ നടത്തിവരികയും ചെയ്തു”. ( N.B: ഇതിൽ പറയുന്ന കുരിയാ ക്കോസ് ഏലീശാച്ചൻ, ചാവറ കുരിയാക്കോസച്ചന്റെ മരണശേഷം ചുമതലയേറ്റ രണ്ടാമത്തെ പ്രിയോരാണ്.) ( add. Ref. കാരുണികൻ ജൂൺ 2014 p : 8 )
- 2. ‘’ആൻ എപിക് ഓഫ് ഡ്രീംസ് ‘’എന്ന ഫാ. ആന്റണി വളന്തറ സിഎംഐ യുടെ ഗ്രന്ഥത്തിൽ 54-ാം പേജിൽ “1865′ -ൽ ബർണ്ണർഡിൻ ബച്ചിനെല്ലി പിതാവ് അദ്ദേഹത്തിന്റെ സർക്കുലറിലൂടെ ഓരോ പള്ളിക്കു മൊപ്പം പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന് കല്പനയിട്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പേജിൽതന്നെ മാന്നാനം നാളാഗമത്തിലെ പേജ് 89-ലെ ഒരു ഭാഗം ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്; “പ്രിയോരച്ചൻ (ചാവറയച്ചൻ) ഇവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ പള്ളികളോടുമൊപ്പം ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിക്കൂടം തുടങ്ങണമെന്നും ഈ കല്പന അവഗണിക്കുന്നവർക്ക് അംശമുടക്കും കല്പിക്കുന്ന മെത്രാപ്പോലീത്തായുടെ( ബർണ്ണർഡിൻ ബ ച്ചിനെല്ലി പിതാവ് )കല്പന കിട്ടി. ഈ ഡിക്രിക്കനുസരണമായി മാന്നാനത്ത് ഞങ്ങൾ സ്കൂൾ പണി തുട ങ്ങി….’
3 . ഡോ. കാഞ്ഞിരത്തിങ്കൽ സിഎം ഐ അച്ചൻ
കാഞ്ഞിരത്തിങ്കൽ അച്ചൻ രചിച്ച , A CHURCH IN STRUGGLE; എന്ന ഗ്രന്ഥത്തിൽ (ബാംഗ്ലൂർ ധർമ്മ ദാനപബ്ലിക്കേഷൻസ് പേജ് നമ്പർ 195 ൽ ) പള്ളിയോടൊപ്പം പള്ളിക്കൂടം പണിയണം എന്ന് വചനത്താൽ (ഓറൽ ) മെത്രാപ്പോലീത്ത കല്പനയിട്ടു എന്ന് വ്യക്തമായി പറയുന്നുണ്ട്. 1856 -ലെ വാക്കാലുള്ള ഈ കല്പന, 1857 മാർച്ചിൽ എഴു ത്താലുള്ള കല്പനയായി എന്ന് മാത്രം.
- ഫാ.കുര്യാക്കോസ് ഏലിയാസ് സി എം ഐ നൽകുന്ന രേഖ :
ഒരു സി എം ഐ സഭാംഗം ആയ ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേടത്തു തൻ്റെ; ‘ചാവറ ആധ്യാത്മികത’ എന്ന പുസ്തകത്തിലും ബച്ചിനെല്ലി പിതാവാണ് പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കൽപ്പനയുടെ പിതാവ് എന്ന ചരിത്ര സത്യം തെറ്റുകൂടാതെ രേഖപ്പെടുത്തിയിട്ടുണ്ട്.
നാനാജാതി മതസ്ഥർക്കും ഒരുമിച്ചിരുന്ന് പഠിക്കാനാണ് പള്ളിയോട് ഒത്തു പള്ളിക്കൂടങ്ങൾ നിർമ്മിക്കാൻ കൽപിച്ചിട്ടുള്ളത് . മുൻ ജാതിക്കാർക്ക് മാത്രമോ കീഴ്ജാതിക്കാർക്കു മാത്രമോ ആയിട്ടല്ല .
പള്ളിയോടൊപ്പം പള്ളിക്കൂടം , എന്ന കൽപ്പനയുമായി ചാവറ അച്ചന് ബന്ധം ഒന്നും ഇല്ല എന്നുപറയുന്നതു എന്തുകൊണ്ടാണ് ?
1 . ഒരു രൂപതയിൽ അല്ലെങ്കിൽ അതിരൂപതയിൽ മെത്രാൻ ആണ് ഇടയലേഖനം ഇറക്കുന്നത് . മെത്രാൻ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നവർ ആണ് വികാർ ജനറൽ ഉൾപ്പെടെയുള്ള വൈദീകർ.
1857 ൽ പള്ളിയോടൊപ്പം പള്ളിക്കൂടം , എന്ന കൽപ്പന രേഖാ മൂലം ഇറക്കുമ്പോഴും അതിനു മുൻപ് 1856 ൽ വാക്കാൽ ഈ കൽപ്പന നൽകുമ്പോഴും ചാവറ അച്ചൻ വരാപ്പുഴ വികാരിയത്തിന്റെ (ഇന്നത്തെ വരാപ്പുഴ അതിരൂപതയുടെ) ഔദ്യോഗിക സ്ഥാനം ഒന്നും വഹിക്കുന്നില്ലായിരുന്നു.
2 . 1861 ൽ ആണ് ചാവറ അച്ചൻ സുറിയാനി ക്രിസ്ത്യാനികൾക്ക് വേണ്ടിയുള്ള വികാർ ജനറൽ ആയത് .
3 . ബച്ചിനെല്ലി പിതാവ് ഇറക്കിയ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ഇടയ ലേഖനത്തിന്റെ ഒറിജിനൽ രേഖാ വരാപ്പുഴ അതിരൂപത ലൈബ്രറിയിൽ ലഭ്യമാണ്.( വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16, സർക്കുലാർസ് )
4 . അതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം ബച്ചിനെല്ലി പിതാവ് തന്നെയാണ് ഇടയ ലേഖനം ഇറക്കിയതെന്നും അതിലെ കാര്യങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം പള്ളികളെ പല യൂണിറ്റുകളായി തിരിച്ചു ഓരോപള്ളികൾക്കും മേൽനോട്ടം വഹിക്കാൻ ഓരോ അച്ചന്മാരെ ഏൽപ്പിച്ചു എന്നും ആ അച്ചന്മാർക്ക് അദ്ദേഹം തന്നെ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നെന്നും വ്യക്തമാണ്. 1856-ൽ തന്നെ വികാരിയത്തിനെ പല യൂണിറ്റുകളായി തിരിച്ചിരുന്നതാണെന്ന് രേഖകൾ ഉണ്ട്.
(Ref. ബെർണ്ണദോസ് തോമ്മാ പട്ടക്കാരൻ മാന്നാനത്തുനിന്നും -1908-ൽ പ്രസിദ്ധീകരിച്ച “മലയാളത്തിലെ കൽദായ സുറിയാനിറീത്തിൽ ചേർന്ന കർമ്മലീത്ത നിഷ്പാദുക മൂന്നാംസഭയുടെ (ക.- നി , സ ) ചരിത്രസംക്ഷേപത്തിൽ പേജ് 246)
- 5. 1856-ൽ ബച്ചിനെല്ലി പിതാവ് വാക്കാൽ നല്കിയ മേൽ സൂചിപ്പിച്ച കല്പനയും 1857 മാർച്ച് മാസത്തിൽ മാന്നാനം കൊവേന്തയിൽവച്ച് എഴുതി നല്കിയ കല്പനയും രേഖകളായി നമുക്കു മു ന്നിൽ ഉണ്ടായിരിക്കെ, പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പ്പന വികാരി ജനറാളായിരിക്കുമ്പോൾ 1865-ൽ കുരിയാക്കോസച്ചൻ ഇറക്കി എന്ന പ്രചാരം ചരിത്രസത്യത്തിനു വിരുദ്ധമാണ്.
- 6. കുരിയാ ക്കോസച്ചൻ ഇറക്കിയെന്നു പറയുന്ന ആ കല്പനയുടെ പകർപ്പ് പൊതുജനസമക്ഷം പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ആ വാദത്തിന്റെ പൊള്ളത്തരം പ്രകടമാക്കുന്നു.
- 7. 1865-ൽ കുരിയാക്കോസച്ചൻ 160 സീറോ മലബാർ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് അയച്ചെന്ന് പറയുന്ന സർക്കുലർ ഒരിടത്തുനിന്നും കണ്ടെത്താനായിട്ടില്ല എന്ന് “വിശുദ്ധ താരകങ്ങൾ” എന്ന പേരിൽ 306 പേജുള്ള പ്രസിദ്ധീകരണത്തിൽ പേജ് 142 -ഇൽ കുറിച്ചിരിക്കുന്നു.അതായത് സർക്യൂലർ അയച്ചിരുന്നെങ്കിൽ ഒരെണ്ണമെങ്കിലും കിട്ടുമായിരുന്നു.
ആരാണ് മഹാ മിഷണറി എന്ന് പിൽക്കാലത്തു അറിയപ്പെട്ട ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത :
മഹാമിഷണറി എന്ന് പിൽക്കാലത്തു അറിയപ്പെട്ട ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത 1807 ൽ റോമിൽ ജനിച്ചു. 1830 ൽ കർമലീത്താ സഭയിലെ വൈദികനായ അദ്ദേഹം മിഷൻ പ്രവർത്തനത്തിലുള്ള താല്പര്യം കൊണ്ട് ഇന്ത്യയിൽ വന്നു . 1853 മുതൽ അദ്ദേഹം വരാപ്പുഴ വികാരിയത്തിലെ (ഇന്നത്തെ വരാപ്പുഴ അതിരൂപത ) പിന്തുടർച്ച അവകാശമുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി നിയമിതനായി. 1859 ൽ വരാപ്പുഴ വികാരിയത്തിന്റെ വികാരി അപ്പോസ്‌തോലിക്ക ആയി ഉയർത്തപ്പെട്ടു.
1836 ൽ ഇപ്പോൾ കൂനമ്മാവ് ദൈവാലയം ഇരിക്കുന്ന സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന പഴയരീതിയിലുള്ള ഒരു ഗ്രാമീണ വിദ്യാലയത്തിൽ തദ്ദേശീയനായ തണ്ണിക്കോട്ട് വറീതു സാൽവദോർ എന്ന ഒരാൾ കുട്ടികളെ പരിശീലിപ്പിക്കുന്നത് കണ്ട് അന്ന് വൈദീകനായിരുന്ന ഫാ.ബെർണദീൻ ബെച്ചിനെല്ലി സന്തോഷത്തോടെ ആ അദ്ധ്യാപകന് പ്രതിമാസം 16 പുത്തൻ ശമ്പളം ഏർപ്പാട് ചെയ്തു. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ വൈദീകനായിരിക്കുമ്പോൾ തന്നെ അദ്ദേഹം ശ്രമം നടത്തിയിരുന്നതിൻറെ പ്രത്യക്ഷ തെളിവാണ് ഇത്.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന വിപ്ലവകരമായ കൽപ്പന 150 വർഷങ്ങൾക്കു മുൻപ് പുറപ്പെടുവിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്. ( വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16 സർക്കുലാർസ് )
കാര്യങ്ങൾ വളരെ വ്യക്തമാണ് :
1857 മാർച്ച് മാസം ഇടവകകളിലും കരകളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നു ബെച്ചിനെല്ലി പിതാവ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ സ്കൂളുകളിലെ പഠനത്തിന്റെ ക്രമങ്ങളെ പറ്റിയും വികാരിമാരുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്യത്തെക്കുറിച്ചും മെത്രാപോലിത്ത വ്യക്തമായി നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട് . 1856 ൽ നൽകിയ വാക്കാലുള്ള കൽപ്പനക്കു ശേഷമാണ് ഇത്.
രണ്ടും മൂന്നും പള്ളികളിൽ എല്ലാ ക്രമങ്ങളും നടപ്പിൽ വരുത്താൻ ഓരോരോ വൈദികരെ ഉത്തരവാദിത്യം ഏല്പിച്ചുകൊണ്ടു എല്ലാ പള്ളികളോടും ഒപ്പം പള്ളിക്കൂടം എന്ന തന്റെ സ്വപ്നം നടപ്പിൽ വരുത്താൻ അദ്ദേഹം തീവ്രമായി പരിശ്രമിച്ചു .
അപ്രകാരം കടത്തുരുത്തി വലിയ പള്ളിയിലും , കടത്തുരുത്തി താഴത്തു പള്ളിയിലും , മുട്ടുചിറ പള്ളിയിലും പള്ളിക്കൂടം സ്ഥാപിക്കാനും മേൽനോട്ടം വഹിക്കാനും ഉള്ള ഉത്തരവാദിത്വം ബെച്ചിനെല്ലി പിതാവ് നൽകിയത് മാന്നാനത്തു കൊവേന്തയിൽ തന്നെ അംഗമായിരുന്ന ബഹു. ചാണ്ടി കത്തനാർക്കാണ്. ( Ref. വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16, സർക്കുലാർസ് .)
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് മഹമിഷണറി എന്ന് വിളിക്കപ്പെട്ട ആർച്ച്ബിഷപ് ബെർണദീൻ ബെച്ചിനെല്ലി പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കൽപ്പന പുറപ്പെടുവിക്കുക മാത്രമല്ല ചെയ്തത്. അത് നടപ്പിൽ വരുത്താൻ തന്റെ കീഴിലുള്ള നിരവധി വൈദികരെ അതിന്റെ ഉത്തരവാദിത്യം ഏല്പിക്കുകയും ചെയ്തു.
ഇവിടെ നമ്മൾ അടിവരയിട്ട് ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യം പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കൽപ്പന രേഖാമൂലം ബെച്ചിനെല്ലി പിതാവ് ഇറക്കുമ്പോഴും അത് നടപ്പിൽ വരുത്താൻ ഉള്ള ശ്രെമങ്ങളിൽ ഏർപ്പെടുമ്പോഴും നമ്മുടെ പ്രിയങ്കരനായ ചാവറയച്ചൻ ഒരു സാധാരണ വൈദീകൻ മാത്രമായിരുന്നു. അന്നത്തെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ അതിരൂപത) എന്തെങ്കിലും തീരുമാനം എടുക്കാനോ അത് നടപ്പിലാക്കാനോ ഉള്ള യാതൊരു അധികാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല . 1861 ൽ ആണ് ചാവറ അച്ചൻ സുറിയാനി ക്രിസ്ത്യാനികൾക്ക് വേണ്ടിയുള്ള വികാർ ജനറൽ ആയത്.
ചുരുക്കത്തിൽ “ പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന സ്വപ്നം കണ്ടതും ആ സ്വപ്നം നെയ്തെടുത്തതും അതിനു ഊടും പാവും നൽകിയതും അത് നടപ്പിൽ വരുത്തിയതും സാക്ഷാൽ ആർച്ച്ബിഷപ് ബെർണദീൻ ബെച്ചിനെല്ലി പിതാവാണ് , എന്നാൽ അതിന്റെ ക്രെഡിറ്റ് ചില തൽപരകക്ഷികൾ ചാർത്തിക്കൊടുത്തത് വി .ചാവറ അച്ചനാണ്. നമുക്ക് ചരിത്രത്തോട് നീതി പുലർത്താം.
വി. ചാവറ അച്ഛന്റെ വിശുദ്ധിയെ പറ്റി നമുക്ക് തർക്കം ഒന്നും ഇല്ല .നമുക്ക് അത് മാതൃകയാക്കാം… ആഘോഷിക്കാം … അത് ഉയർത്തിപ്പിടിക്കാം . എന്നാൽ അദ്ദേഹം ചെയ്യാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ കെട്ടിവെക്കുന്നതു വി.ചാവറ അച്ചനോടുള്ള ക്രൂരതയാണ്. കാരണം തന്റെ ജീവിതത്തിൽ എന്നും സത്യത്തെ മുറുകെ പിടിച്ച വിശുദ്ധനായ വൈദീകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകകൾ കടമെടുത്താൽ “അസത്യങ്ങൾ സൂര്യനു മുൻപിൽ മഞ്ഞെന്ന പോലെ ഉരുകി പോകും.”
തങ്ങൾ പറയുന്ന കാര്യങ്ങൾക്കു ഒരു തെളിവും സത്യസന്ധതയും ഇല്ല എന്നറിഞ്ഞിട്ടും ചില തത്പര കക്ഷികൾ വീണ്ടും വീണ്ടും ഈ നുണകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ക്രിസ്തീയ ധാർമീകതക്ക് ഒട്ടും ഭൂഷണമല്ല. അത് മാത്രമല്ല നുണകൾ എത്ര പ്രാവശ്യം ആവർത്തിച്ചാലും അത് ഒരിക്കലും സത്യമാകില്ല. അതുകൊണ്ടു ബന്ധപ്പെട്ടവർ ഇനിയെങ്കിലും ഇത് ശ്രെദ്ധിക്കണമെന്നും നുണ പ്രചാരണവും അതിനുള്ള പ്രോത്സാഹനവും അവസാനിപ്പിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.
സത്യത്തെ നമുക്ക് തൽക്കാലത്തേക്ക് മറച്ചു വെക്കാൻ കഴിഞ്ഞേക്കാം, എന്നാൽ സമയത്തിന്റെ തികവിൽ നുണയുടെ കാർമേഘങ്ങളെ വകഞ്ഞുമാറ്റി സത്യത്തിന്റെ സൂര്യപ്രകാശം പുറത്തുവരിക തന്നെ ചെയ്യും. കാരണം ഞാൻ തന്നെയാണ് വഴിയും സത്യവും ജീവനും എന്നരുൾചെയ്ത ക്രിസ്തു വിന്റെ വാക്കുകൾ ഇങ്ങനെയാണ് ,” മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല . “(Lk:8,17)
അഡ്വ. ഫാ. സോജൻ മാളിയേക്കൽ ,
വരാപ്പുഴ അതിരൂപത വക്താവ്.
Mobile: 7902533137 , sojanmathew30@gmail.co
2021 June 2, Ernakulam
Courtesy : Fr. Antony Cheriakadavil, Mr. Joseph Manishad