വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്
വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്.
കൊച്ചി : ഫാ. മർസലിനോസ് ആ സാൻക്‌ത ത്രേസ്യ ഒ സി ഡി എന്ന മിഷനറി വൈദീകന്റെ ( പിന്നീട് വരാപ്പുഴ യുടെ പിന്തുടർച്ചാവകാശം ഉള്ള സഹായമെത്രാൻ) ശ്രമഫലമായി അച്ചുകൂടം 1869-ൽ കൂനമ്മാവിൽ സ്ഥാപിതമായി. അവിടെനിന്നും സഭാംഗമായിരുന്നു ഫാ. ലൂയിസ് വൈപ്പിശ്ശേരി (ദൈവദാസി മദർ എലീശ്വ യുടെ സഹോദരൻ) തന്റെ ആശ്രമ ശ്രേഷ്ഠനായ ഫാ. കാന്തി ദൂസ് മൂപ്പച്ചന്റെ അനുവാദത്തോടെ സമാരംഭിച്ചതാണ് സത്യനാഥ കാഹളമെന്ന പത്രം.
മലയാള മനോരമ, ദീപിക എന്നിവയെക്കാളും മുൻപേ തുടങ്ങിയതാണെങ്കിലും ആരംഭകരുടെ തീക്ഷ്ണതയും ഉത്സാഹവും കൈമാറ്റം ചെയ്യപ്പെട്ട് വരുമ്പോൾ കുറയുന്നത് ഇവിടെയും സംഭവിച്ചു.
വൈദികരും അൽമായരുമായ 65 പേരിൽ നിന്നും 10 രൂപ വീതം സംഭാവന സ്വീകരിച്ചു കൊണ്ട് ത്യാഗ പൂർവ്വം പടുത്തുയർത്തിയ പ്രസ്ഥാനം ബ്രദർ തോമസിന്റെ കരവിരുതിൽ അച്ചടിക്കപ്പെട്ടു. അമലോത്ഭവമാതാ അച്ചു കൂടം വരാപ്പുഴയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റപ്പെട്ടു. പത്രവും അതോടൊപ്പം യാത്ര ചെയ്തു. സത്യനാദ കാഹളം, സത്യനാദമായി ചുരുങ്ങി..
1957 ഒക്ടോബർ രണ്ടിന് “കേരള ടൈംസ്” എന്ന പേരിൽ അതിരൂപത മറ്റൊരു പത്രം പുറത്തിറക്കാൻ തുടങ്ങി. സത്യനാദം കേരളടൈംസ് ന്റെ ഞായറാഴ്ചപ്പതിപ്പായി ചുരുങ്ങി. ക്രമേണ അന്ന് നിലവിലുണ്ടായിരുന്ന ദിനപത്രങ്ങളിൽ ആദ്യത്തേത് അപ്രത്യക്ഷമായി. സൂക്ഷിക്കപ്പെട്ടിരുന്ന ഈ പത്രത്തിൻറെ കോപ്പികൾ സ്ഥലപരിമിതിമൂലം അഗ്നിക്ക് വിട്ടുകൊടുക്കുകയും ചെയ്തു..
പഴയ തലമുറയുടെ ഓർമ്മച്ചെപ്പിൽ ഇന്നും സമുദായത്തിന്റെ ജീവനുള്ള ശബ്ദമായി “സത്യനാദം” നിലനിൽക്കുന്നു. വളരെയേറെ ത്യാഗങ്ങൾ സഹിച്ച ഒരു പത്രം പുറത്തിറക്കിയ പത്രാധിപ സമിതിയിലെ ധന്യരായ എല്ലാവർക്കും പ്രണാമമ ർപ്പിക്കുന്നു.