ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?
ഫ്രാൻസിസ് പാപ്പാ:
ക്രിസ്തുമസിനൊരു
ങ്ങുന്ന നാമെന്താണ്
ചെയ്യേണ്ടത്?
വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ സന്ദേശവും.
ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയായ (12.12.21 ) ഇന്നത്തെ സുവിശേഷം സ്നാപകയോഹന്നാന്റെ പ്രസംഗത്താൽ സ്പർശിക്കപ്പെട്ട വിവിധതരം ആളുകളെയാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്: ജനക്കൂട്ടങ്ങൾ, ചുങ്കക്കാർ, പടയാളികൾ. അവർ യോഹന്നാനോട് “ഞങ്ങൾ എന്ത് ചെയ്യണം?” (ലൂക്ക 3:10) എന്ന് ചോദിക്കുന്നു. ഞങ്ങൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിൽ നമുക്ക് ഒന്ന് നിൽക്കാം.
കടമ എന്ന ഒരു ബോധ്യത്തിൽനിന്നല്ല അത് വരുന്നത്, മറിച്ച് ദൈവത്താൽ സ്പർശിക്കപ്പെട്ട ഒരു ഹൃദയവും, അവന്റെ വരവിലുള്ള ആവേശവുമാണ് “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്” എന്ന് ചോദിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത്. യോഹന്നാൻ പറയുന്നു: “കർത്താവ് അടുത്തുവന്നിരിക്കുന്നു”. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്”. ഉദാഹരണത്തിന് നമുക്ക് പ്രിയപ്പെട്ട ഒരാൾ നമ്മെ സന്ദർശിക്കാൻ വന്നുകൊണ്ടിരിക്കുകയാണെന്ന് കരുതുക. നമ്മൾ അദ്ദേഹത്തെ സന്തോഷത്തോടെയും അക്ഷമയോടെയും കാത്തിരിക്കും. അദ്ദേഹത്തെ ശരിയായ രീതിയിൽ സ്വീകരിക്കാനായി, നാം നമ്മുടെ വീട് വൃത്തിയാക്കും, നമുക്ക് സാധ്യമായ ഏറ്റവും മികച്ച ഭക്ഷണം തയ്യാറാക്കും, ഒരു പക്ഷെ ഒരു സമ്മാനവും. ചുരുക്കത്തിൽ, നാം അതിനായി തയ്യാറെടുക്കും. കർത്താവിന്റെ കാര്യത്തിലും ഇങ്ങനെയാണ്, അവന്റെ വരവിലുള്ള സന്തോഷം, “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്” എന്ന് ചോദിക്കുവാൻ പ്രേരിപ്പിക്കും. എന്നാൽ ദൈവം ഈ ചോദ്യം കൂടുതൽ ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നു: എന്റെ ജീവിതംകൊണ്ട് എന്തുചെയ്യണം? ഞാൻ എന്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നത്? എന്നെ എന്താണ് സാക്ഷാത്കരിക്കുന്നത്?
ക്രിസ്തുമസിനുള്ള നമ്മുടെ ഒരുക്കം:
അങ്ങനെയെങ്കിൽ, അവസാനമായി നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രിസ്തുമസിനോട് നാം അടുത്തിരിക്കുന്ന ഈ ദിവസങ്ങളിൽ എന്താണ് എനിക്ക് പ്രത്യക്ഷമായി ചെയ്യാൻ സാധിക്കുക? ഞാൻ എങ്ങനെയാണ് എന്റെ ഭാഗം ചെയ്യുന്നത്? ചെറുതെങ്കിലും, നമ്മുടെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടുന്ന വ്യക്തമായ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുകയും അത്, ഈ ക്രിസ്തുമസിനായി നമ്മെത്തന്നെ ഒരുക്കുവാനായി, പ്രവർത്തികമാക്കുകയും ചെയ്യാം. ഉദാഹരണത്തിന്, ഒറ്റയ്ക്കായിരിക്കുന്ന ഒരു വ്യക്തിയെ നമുക്ക് ഫോണിൽ വിളിച്ചുസംസാരിക്കാം, വൃദ്ധനോ രോഗിയോ ആയ ഒരാളെ സന്ദർശിക്കാം, ഒരു പാവപ്പെട്ടവനെയോ മറ്റേതെങ്കിലും ആവശ്യങ്ങൾ ഉള്ളവനെയോ സഹായിക്കാൻ എന്തെങ്കിലും ചെയ്യാം. വീണ്ടും: ഒരുപക്ഷെ എനിക്ക് ഒരു ക്ഷമ ചോദിക്കാനുണ്ടാകാം, അതല്ലെങ്കിൽ ക്ഷമ കൊടുക്കുവാനുണ്ടാകാം, ഒരു പ്രശ്നം പരിഹരിക്കപ്പെടാനുണ്ടാകാം, ഒരു കടം വീട്ടാനുണ്ടാകാം. ഒരുപക്ഷെ ഞാൻ പ്രാർത്ഥന അവഗണിച്ചിരിക്കാം, വളരെക്കാലത്തിന് ശേഷം കർത്താവിന്റെ അനുരഞ്ജനത്തിനായി അണയാനുള്ള സമയമായിരിക്കാം. സഹോദരീസഹോദരന്മാരെ, അങ്ങനെ വ്യക്തമായി എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ച് അതനുസരിച്ച് പ്രവർത്തിക്കാം. ആരുടെ ഉദരത്തിലാണോ ദൈവം മാംസം ധരിച്ചത്, ആ മാതാവ് നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകൾക്ക് ശേഷം ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും പ്രാർത്ഥനാവസാനം എല്ലാവർക്കും ആശീർവാദം നൽകുകയും ചെയ്തു.