വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .
വരാപ്പുഴ അതിരൂപതയിൽ
സിനഡ് ഞായറാഴ്ച .
കൊച്ചി: സിനഡാൽമക സഭയ്ക്കായി ഒരു സിനഡ് എന്ന ആപ്തവാക്യത്തിൽ ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച സിനഡ് വരാപ്പുഴ അതിരൂപതയിൽ ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആശീർ ഭവനിൽ നടക്കും. 2021 ൽ പാപ്പ പ്രഖ്യാപിച്ച സിനഡാൽമക സഭയ്ക്കായുള്ള സിനഡ് 2023 ഒക്ടോബറിൽ വത്തിക്കാനിൽ വെച്ചാണ് സമാപിക്കുന്നത്.
വരാപ്പുഴ അതിരൂപതയിലെ കുടുംബങ്ങൾ , കുടുംബയൂണിറ്റുകൾ ,സംഘടനകൾ എന്നീ ഘട്ടങ്ങളിൽ സിനഡ് പൂർത്തിയാക്കിയാണ് അതിരൂപതാതല സമാപനം ഞായറാഴ്ച ആശിർ ഭവനിൽ വെച്ച് നടക്കുന്നത്.
പ്രത്യേക ദിവ്യബലിയോടെ കൂടി ആരംഭിക്കുന്ന സിനഡ് മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. അതിരൂപതയിൽ 4 ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചും,കൂട്ടായ്മ , പങ്കാളിത്തം, പ്രേഷിതദൗത്യം എന്നീ സിനഡ് വിഷയങ്ങളെ ആസ്പദമാക്കിയും ഫാ. സ്റ്റാൻലി മാതിരപ്പിള്ളി സിനഡിന് നേതൃത്വം നൽകും .തുടർന്ന് സിനഡ് വിഷയങ്ങളെ ആസ്പദമാക്കി 6 ഗ്രൂപ്പ് തല ചർച്ചകളും, റിപ്പോർട്ടിംഗും നടക്കും . വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വൈദികർ, സന്യസ്തർ, അൽമായർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 143 പ്രതിനിധികൾ പങ്കെടുക്കന്ന സമാപന സമ്മേളനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.
അതിരൂപതാ സിനഡിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അതിരൂപത സിനഡ് കോർഡിനേറ്റർമാരായ ഫാ. ജോബ് വാഴക്കൂട്ടത്തിൽ സിസ്റ്റർ ഷൈൻ ബ്രിജിറ്റ് എന്നിവർ അറിയിച്ചു.