സഭാ വാർത്തകൾ 26.03.23
![സഭാ വാർത്തകൾ 26.03.23](https://keralavani.com/wp-content/uploads/2023/03/mangalavartha.jpeg)
സഭാ വാർത്തകൾ 26.03.23
വത്തിക്കാൻ വാർത്തകൾ
പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാൻ സിറ്റി : പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. മാര്‍ച്ച് ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് . മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിയാണ് സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നത്. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ചു ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.
അതിരൂപത വാർത്തകൾ
മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ.
കൊച്ചി : സർവ്വ മൂല്യങ്ങളുടെയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിർബന്ധമായും പാലിക്കപ്പെടുന്ന സാഹചര്യം എല്ലാ കുടുംബങ്ങളിലും ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ചുള്ള ഹോം മിഷൻ പ്രോഗ്രാം കോതാട് തിരുഹൃദയ ദേവാലത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
അനുശോചിച്ചു
കൊച്ചി:ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘകാലം സഭാ വിശ്വാസത്തെയും പുണ്യ പാരമ്പര്യങ്ങളെയും സംരക്ഷിച്ച കേരള സഭയുടെയും ഭാരത സഭയുടെയും മത രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ തനതായ ശ്രേഷ്ഠ സംഭാവനകൾ നൽകിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജോസഫ് പാവ്വത്തിൽ. അദ്ദേഹവുമായി തനിക്ക് അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന കാര്യവും ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം നയിക്കുകയും ചെയ്ത അദ്ദേഹത്തിൻറെ വിയോഗത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു.
എന്റെ ബൈബിൾ -:101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും ബൈബിൾ കമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച എന്റെ ബൈബിൾ പദ്ധതിയുടെ ഭാഗമായി പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗവും മതബോധനാദ്ധ്യാപികയുമായ ആറ്റുപുറം ബിന്ദു 101 ദിവസം കൊണ്ട് പുതിയ നിയമത്തിന്റെ കൈയ്യെഴുത്തു പ്രതി പൂർത്തിയാക്കി. തന്റെ തയ്യൽ ജോലിയുടെ ഇടയിലും രാത്രിയിലുമൊക്കെയായിട്ടാണ് ബിന്ദു ടീച്ചർ വിശുദ്ധ ഗ്രന്ഥം എഴുതിയത്. നാൽപ്പത്തിയേഴ് പേനകളാണ് പുതിയ നിയമം എഴുതി തീർക്കുവനായി വേണ്ടി വന്നത്. ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട വചനങ്ങൾ എഴുതി വയ്ക്കുന്ന ശീലമുണ്ടായിരുന്ന തനിക്കു പുതിയ നിയമം എഴുതിതീർത്തപ്പോൾ എന്തന്നില്ലാത്ത സന്തോഷം അനുഭവിക്കുന്നുവെന്നും ബിന്ദു ടീച്ചർ പറയുന്നു. പുതിയ നിയമം- കയ്യെഴുത്ത് പ്രതി ഇടവക വികാരി ഫാ. ജൂഡിസ് പനക്കലിന് കൈമാറി.
ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.
കൊച്ചി : വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു.തുടർന്ന് കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ബസിലിക്കയിൽ നടത്തുന്ന മൂന്ന് ദിവസത്തെ ബൈബിൾ കൺവെൻഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി ആഘോഷങ്ങൾ 2024 വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.